കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ കേസെടുത്തതിനെ തുടർന്ന് എതിർ കക്ഷികൾക്ക് സമൻസ് അയക്കുന്ന നടപടികൾ വരുന്ന ആഴ്ചയോടെ വിചാരണ കോടതി പൂർത്തിയാക്കും.
ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും. അടുത്തയാഴ്ചയോടെവീണ ടി, ശശിധരൻ കർത്താ തുടങ്ങി 13 പേർക്കെതിരെ കോടതി സമൻസ് അയക്കും.
114 രേഖകൾ അടക്കം വിശദമായി പരിശോധിച്ചാണ് കമ്പനി കാര്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി വിപിഎം സുരേഷ് ബാബു കുറ്റപത്രത്തിൽ കേസെടുത്തത്. എല്ലാ പ്രതികൾക്കുമെതിരെ വിചാരണ നടത്താനുള്ള വിവരങ്ങൾ എസ്എഫ്ഐഒ കുറ്റപത്രത്തിലുണ്ടെന്നും എസ്എഫ്ഐഒ കുറ്റപത്രം പൊലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നും വിചാരണ കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കമ്പനി ചട്ടങ്ങളുടെ പരിധിയിൽ വരുന്നതിനാൽ ബിഎൻഎസ് പ്രകാരം നടപടികൾ പൂർത്തിയാക്കേണ്ടതില്ലെന്നും അറിയിച്ച കോടതി നേരിട്ട് സമൻസ് അയക്കാനുള്ള വിവരങ്ങൾ കുറ്റപത്രത്തിലുണ്ടെന്നും വ്യക്തമാക്കി. നടപടി ക്രമങ്ങൾ പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വിചാരണ കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.