തൃശൂർ പുതുക്കാട് ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ബേക്കറി അടപ്പിച്ചു. പുതുക്കാട് സിഗ്നൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഈറ്റ്സ് ആൻ്റ് ട്രീറ്റ്സ് എന്ന ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയിൽ തേരട്ടയെ കണ്ടെത്തിയത്.
പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാർക്കാണ് തേരട്ടയെ കിട്ടിയത്. ഉടൻ തന്നെ ബാങ്ക് ജീവനക്കാർ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. പുതുക്കാട് ഹെൽത്ത് ഇൻസ്പെക്ടർ ആർ.രാജേഷിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം ബേക്കറി അടച്ചുപൂട്ടാൻ നിർദേശിക്കുകയായിരുന്നു.
നാലുപേർ ജോലിചെയ്യുന്ന സ്ഥാപനത്തിൽ ഒരാൾക്ക് മാത്രമാണ് ഹെൽത്ത് കാർഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവർത്തിക്കുന്ന കടയിൽ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അബ്ദുൽ റസാഖ്, നിമ്മി, പഞ്ചായത്ത് തല ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജി. ഗീതുപ്രിയ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.