കോട്ടയം കുറവിലങ്ങാട്ടെ സയൻസ് സിറ്റിയുടെ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നത്. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴയിൽ സംസ്ഥാന സർക്കാർ അനുവദിച്ച 30 ഏക്കർ ഭൂമിയിലാണ് സയൻസ് സിറ്റിയുടെ നിർമാണം.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെടുന്നതാണ് കോട്ടയം കോഴയിലെ സയൻസ് സിറ്റി. ഇതിൻ്റെ ഒന്നാംഘട്ടമായ സയൻസ് സെൻ്ററാണ് യാഥാർത്ഥ്യമായിരിക്കുന്നത്.
സംസ്ഥാന സർക്കാർ അനുവദിച്ച മുപ്പത് ഏക്കർ ഭൂമിയിലാണ് സയൻസ് സിറ്റി ഉയരുന്നത്. സയൻസ് സെന്റർ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുല്യ സാമ്പത്തിക പങ്കാളിത്തത്തോടെ 14.5 കോടി രൂപ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്, സഹകരണം – തുറമുഖം – ദേവസ്വം വകുപ്പുമന്ത്രി വി എൻ വാസവൻ എന്നിവർ മുഖ്യാതിഥികളാകും.