മലപ്പുറം ജില്ലയില്‍ ആറുവരി ദേശീയപാതയുടെ (എൻ.എച്ച് 66) നിർമ്മാണം ഈ മാസം അവസാനത്തോടെ പൂർത്തിയാവും. മാർച്ച് 31നകം നിർമ്മാണം പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് കൈമാറണം എന്നായിരുന്നു നിർദ്ദേശമെങ്കിലും കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലം, വളാഞ്ചേരി വട്ടപ്പാറ വയഡക്‌ട്, മിനി പമ്ബ മേല്‍പ്പാലം ഉള്‍പ്പെടെ പ്രധാന പ്രവൃത്തികള്‍ നീണ്ടു.
കക്കാടില്‍ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ടാറിംഗ് ഉള്‍പ്പെടെ നടത്തിയിട്ടുണ്ടെങ്കിലും കൈവരിയുടെ നിർമ്മാണ പ്രവൃത്തികള്‍ ശേഷിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി, കാക്കഞ്ചേരി ഭാഗങ്ങളിലും പണി പൂർത്തിയാവാനുണ്ട്. വെട്ടിച്ചിറയില്‍ ആണ് ജില്ലയിലെ ഏക ടോള്‍പിരിവ് കേന്ദ്രമുള്ളത്. നിർമ്മാണം അതിവേഗത്തില്‍ പൂർത്തിയാക്കി മിനുക്ക് പണികളാണ് അവശേഷിക്കുന്നത്. കോഴിക്കോട് അതിർത്തിയായ ഇടിമുഴീക്കല്‍ മുതല്‍ തൃശൂരുമായി അതിർത്തി പങ്കിടുന്ന പാലപ്പെട്ടി കാപ്പിരിക്കാട് വരെയാണ് ജില്ലയിലൂടെ ദേശീയപാത കടന്നുപോവുന്നത്.
നിർമ്മാണം പൂർത്തിയായ ഭാഗങ്ങളില്‍ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. ചിലയിടങ്ങളില്‍ ആറുവരി പാതയില്‍ മൂന്ന് വരെ മാത്രമാണ് തുറന്നുകൊടുത്തിട്ടുള്ളത്. ഇവിടങ്ങളില്‍ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. വട്ടപ്പാറ വയഡക്ടിലൂടെയും ഗതാഗതം തുടങ്ങിയിട്ടുണ്ട്. 200 മീറ്ററോളം ഭാഗത്ത് നിർമ്മാണ പ്രവൃത്തി പൂർത്തിയാവാനുണ്ട്. ഇതോടെ വട്ടപ്പാറ വളവിനെ പൂർണ്ണമായും ഒഴിവാക്കി യാത്ര ചെയ്യാനാവും. 135 തൂണികളിലായി നാല് കിലോമീറ്ററോളം ദൂരത്തിലാണ് വയഡക്‌ട് പാലം.
കുറ്റിപ്പുറത്ത് റെയില്‍വേ ട്രാക്കുകള്‍ക്ക് മുകളിലൂടെ കടന്നുപോവുന്ന പുതിയ മേല്‍പ്പാലം സ്ഥാപിക്കുന്നതിന് റെയില്‍വേ പ്രിൻസിപ്പല്‍ ചീഫ് എൻജിനീയറുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. 16 മീറ്റർ വീതിയും 63.5 മീറ്റർ നീളവുമുള്ള ഉരുക്കില്‍ നിർമ്മിച്ച ഗർഡർ പാലം ഹൈഡ്രോളിക് ജാക്കികളും ക്രെയിനുകളും ഉപയോഗിച്ച് സമീപത്തെ തൂണുകളിലേക്ക് ഉയർത്തിയിട്ടുണ്ട്. ഈ ഭാഗം റെയില്‍വേ ട്രാക്കുകള്‍ക്ക് ഇരുവശത്തുമുള്ള തൂണുകളിലേക്ക് ക്രെയിനുകള്‍ ഉപയോഗിച്ച് മാറ്റുന്ന പ്രവൃത്തിയാണ് ഇനി പൂർത്തിയാക്കാനുള്ളത്. റെയില്‍വേ വൈദ്യുതി ലൈനുകള്‍ പൂർണ്ണമായും ഓഫ് ചെയ്ത ശേഷമേ ഈ പ്രവൃത്തി നടത്താനാവൂ. ട്രെയിനുകള്‍ കുറവുള്ള സമയവും സമയക്രമീകരണം വരുത്തി മാത്രമേ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയൂ.
കുറ്റിപ്പുറത്ത് താലൂക്ക് ആശുപത്രിപ്പടി വരെ ദേശീയപാതയുടെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. സർവീസ് റോഡ് നിർമ്മിക്കാൻ പാറ പൊട്ടിച്ച് ഡ്രൈനേജ് പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ മണ്ണിടിച്ചില്‍ നടന്ന ഭാഗത്ത് സോയില്‍ നെയിലിംഗ് വീണ്ടും ചെയ്യേണ്ടതുണ്ട്. സർവീസ് റോഡുകളുടെ നിർമ്മാണത്തിനായി മണ്ണെടുക്കുന്ന പ്രവൃത്തി അതിവേഗത്തിലാണ്. മണ്ണ് എടുത്തുമാറ്റി ലെവല്‍ ചെയ്യാനുണ്ട് . ജില്ലയിലൂടെ ദേശീയപാത കടന്നുപോവുന്ന മിക്കയിടങ്ങളിലും സർവീസ് റോഡുകളുടെ പണി പൂർത്തിയായി.