Thursday, January 9, 2025
Homeകേരളംമാധ്യമങ്ങൾ തമ്മിലുള്ള പോരിന് എന്നെ ഇടനില ആക്കരുത്, ആ മോഹത്തോടെ നിൽക്ക് എന്നുമാത്രമേ എനിക്കു പറയാനുള്ളൂ...

മാധ്യമങ്ങൾ തമ്മിലുള്ള പോരിന് എന്നെ ഇടനില ആക്കരുത്, ആ മോഹത്തോടെ നിൽക്ക് എന്നുമാത്രമേ എനിക്കു പറയാനുള്ളൂ -മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അഭിമുഖത്തിൽ പിആർ ഏജൻസിയുണ്ടായിരുന്നെന്നു സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പിആർ എജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പണം മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിമുഖത്തിനിടെ രണ്ടാമത്തെയാൾ എത്തിയിരുന്നു. അത് പിആർ ഏജൻസിയാണെന്ന് അറിയില്ലായിരുന്നു. അഭിമുഖമാകാമെന്നു നിർബന്ധിച്ചത് സുബ്രഹ്മണ്യനാണ്.അദ്ദേഹത്തോടു വിശദീകരണം തേടിയിട്ടില്ല. അദ്ദേഹം പരിചയമുള്ള ചെറുപ്പക്കാരനാണ്. ഗൾഫ് ദിനപത്രത്തിലെ അഭിമുഖം നൽകിയത് പിആർ ഏജൻസി വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘എന്റെയൊരു അഭിമുഖത്തിനായി ദ് ഹിന്ദു പത്രം ആവശ്യപ്പെട്ടതായി പറയുന്നത് ആലപ്പുഴയിലെ സിപിഎം നേതാവ് ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യനാണ്. ഹിന്ദു പത്രത്തിന് അഭിമുഖം നൽകുന്നത് എനിക്കും താൽപര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്നും പറഞ്ഞു. ഒറ്റപ്പാലത്തുള്ള ലേഖികയാണ് അഭിമുഖത്തിനു വന്നത്. ഒരുപാടു ചോദ്യം ചോദിച്ചു, മറുപടി പറഞ്ഞു.ഒരു ചോദ്യം പി.വി.അൻവറുമായി ബന്ധപ്പെട്ടായിരുന്നു. അത്ര സമയമില്ലാത്തതിനാൽ, വിശദമായി പറയേണ്ടതിനാൽ ആവർത്തിക്കുന്നില്ല എന്നു പറഞ്ഞു. അഭിമുഖം തീർന്നപ്പോൾ, വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചെങ്കിലും എല്ലാത്തിനും നല്ല രീതിയിൽ മറുപടി നൽകിയെന്നു പറഞ്ഞു നന്നായാണു ഞങ്ങൾ പിരിഞ്ഞത്.എന്നാൽ, അഭിമുഖം പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ പറയാത്ത കാര്യങ്ങളും വന്നിരുന്നു. ഏതെങ്കിലും ഒരു ജില്ലയെയോ വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമല്ല. എന്നിട്ടും എന്റേതായി ഇങ്ങനെ കൊടുത്തുവെന്നതു മനസ്സിലാക്കാൻ കഴിയാത്ത കാര്യമാണ്.

ഇതിൽ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഞാനോ സർക്കാരോ ഒരു പിആർ എജൻസിസെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പൈസയും പിആർ ഏജൻസിക്കു വേണ്ടി ഞാനോ സർക്കാരോ ചെലവഴിച്ചിട്ടില്ല. ദേവകുമാറിന്റെ മകനെ രാഷ്ട്രീയമായി അറിയാം. ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെ നിൽക്കുന്നയാളാണ്.അയാൾ ആവശ്യപ്പെട്ടപ്പോൾ അഭിമുഖത്തിനു തയാറായി എന്നേയുള്ളൂ. മറ്റു കാര്യങ്ങൾ അവർ തമ്മിലുള്ളതാണ്, എനിക്കറിയില്ല. അഭിമുഖത്തിലെ വിവാദമായ ഭാഗം അങ്ങനെ കൊടുക്കാൻ പാടില്ലല്ലോ. അതാണു ഹിന്ദു പത്രം വളരെ മാന്യമായി ഖേദം രേഖപ്പെടുത്തിയത്. ഏതെങ്കിലും ഒരു ഭാഗം കിട്ടിയാൽ, അതു ഞാൻ പറഞ്ഞതിന്റെ ഭാഗമായി കൊടുക്കാൻ പാടുണ്ടോ?ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ എഴുതുക മാത്രമല്ല, ഫോണിൽ റിക്കോർഡ് ചെയ്യുന്നുമുണ്ട്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നുണ്ട്. അവർ തമ്മിൽ എന്താണു നടന്നതെന്ന് എനിക്ക് പറയാനാകില്ല. ഈ പറയുന്ന ഏതെങ്കിലും ഭാഗം സുബ്രഹ്മണ്യന്റെ കയ്യിൽനിന്നു വാങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്.

ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ കൂടി അവിടേക്കു വന്നു. ലേഖികയുടെ ആളാണെന്നാണു കരുതിയത്. പിന്നെയാണ് പിആർ ഏജൻസിയുെട ആളാണെന്നു മനസ്സിലായത്, എനിക്ക് അവരെ പരിചയവും ബന്ധവുമില്ല. ഒരു പിആർ ഏജൻസിയുമായും എനിക്കു ബന്ധമില്ല. വിവാദമായ വാർത്താക്കുറിപ്പ് നൽകിയെന്നു പറയപ്പെടുന്ന ഏജൻസിയുമായി എനിക്കോ സർക്കാരിനോ ബന്ധമില്ല.ഞങ്ങളൊരു ഏജൻസിയെയും ഇക്കാര്യത്തിനു ചുമതലപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങൾ തമ്മിലുള്ള പോരിന് എന്നെ ഇടനില ആക്കരുത്. നിങ്ങൾ ആ വഴി സ്വീകരിക്കരുത്. ഹിന്ദു പത്രത്തിന്റെ മാന്യമായ നിലപാട് നിങ്ങൾ സ്വീകരിക്കില്ല.മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയായില്ല എന്നാണ് ഹിന്ദു പറഞ്ഞത്. ഗൾഫിലുള്ള പലരും ഏജൻസികൾ വഴി എന്റെ അഭിമുഖം എടുത്തിട്ടുണ്ട്, ഇപ്പോഴല്ല, വർഷങ്ങൾക്കു മുൻപേ അങ്ങനെയാണ് എടുത്തിട്ടുള്ളത്.
അതുപക്ഷേ, മലയാളികളുടെ സ്വാധീനം ഉപയോഗിച്ചാണ്. എനിക്കു ഡാമേജ് ഉണ്ടാക്കാനല്ലേ നിങ്ങൾ ശ്രമിക്കുന്നത്. ആ മോഹത്തോടെ നിൽക്ക് എന്നുമാത്രമേ എനിക്കു പറയാനുള്ളൂ. അങ്ങനെ ഡാമേജ് വരുത്താൻ പറ്റുന്ന വ്യക്തിത്വമല്ല എന്റേതെന്നതു വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഒരു പിആർ ഏജൻസിയെയും ഞങ്ങൾ ചുമതലപ്പെടുത്തിയിട്ടില്ല.

ഹിന്ദുവിന്റെ വിശദീകരണത്തിൽ പറയുന്ന പിആർ ഏജൻസിയെപ്പറ്റി എനിക്കറിയില്ല. ഹിന്ദു മാന്യമായി ഖേദപ്രകടനം നടത്തിയതിനാൽ ദ് ഹിന്ദുവിനെതിരെ നിയമനടപടിക്കില്ല. ഈ വിവാദത്തിനുശേഷം ഇതുവരെ സുബ്രഹ്മണ്യൻ എന്നെ ബന്ധപ്പെട്ടിട്ടില്ല.’’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments