Saturday, January 11, 2025
Homeകേരളംസിപിഎമ്മിൻ്റെ മധ്യകേരളത്തിലെ അനിക്ഷേധ്യ നേതാവ് അന്തരിച്ചു.

സിപിഎമ്മിൻ്റെ മധ്യകേരളത്തിലെ അനിക്ഷേധ്യ നേതാവ് അന്തരിച്ചു.

സിപിഎമ്മിൻ്റെ മധ്യകേരളത്തിലെ അനിക്ഷേധ്യ നേതാവ് അന്തരിച്ചു. എം എം ലോറൻസിൻ്റെ നിര്യാണത്തോടെ സിപിഎമ്മിന് നഷ്ടപ്പെടുന്നത് മധ്യ കേരളത്തിൽ പാർട്ടിയെയും തൊഴിലാളി യൂണിയനെയും വളർത്തുവാൻ സഹായിച്ച നേതാവിനെ.എറണാകുളത്ത് സി പി എമ്മിന് ശക്തമായ വേരോട്ടം ഉണ്ടാകുവാൻ ലോറൻസിൻ്റെ പ്രവർത്തനം കുറച്ചൊന്നുല്ല സഹായിച്ചത്.

ദീര്‍ഘകാലം സിപിഎമ്മിന്റെ അനിഷേധ്യനായ നേതാവായിരുന്ന എം എം ലോറന്‍സ് പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി എന്നീ പദവികളിലെല്ലാം പാര്‍ട്ടിക്ക് സേവനം ചെയ്തിട്ടുണ്ട്.

എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15നാണ് ജനനം. മാടമാക്കല്‍ മാത്യു ലോറൻസ് എന്നതാണ് മുഴുവൻ പേര്. എറണാകുളം സെൻറ് ആല്‍ബർട്ട്സ് സ്കൂള്‍, മുനവിറുല്‍ ഇസ്ലാം സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൻസ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ. 1946ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ അംഗമായതോടെ പഠനം ഉപേക്ഷിച്ചു.

തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു. സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തില്‍ ആവേശഭരിതരായി കമ്മ്യൂണിസ്റ്റുകാർ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായിരുന്നു. 1950ല്‍ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മർദനത്തിന് ഇരയായി. 22 മാസം ജയിലില്‍ കഴിഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി കരുതല്‍ തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവർഷത്തോളം ലോറൻസ് ജയില്‍വാസം അനുഭവിച്ചു.
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഒരേയൊരു തവണയെ ജയിക്കാൻ കഴിഞ്ഞുള്ളൂ. 1969ല്‍ പ്രഥമ കൊച്ചി മേയർ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ സ്ഥാനം കൈവിട്ടുപോയി. 1970ലും 2006ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ എറണാകുളം മണ്ഡലത്തിലും 1977ല്‍ പള്ളുരുത്തിയിലും 1991ല്‍ തൃപ്പൂണിത്തുറയിലും മത്സരിച്ച്‌ പരാജയപ്പെട്ടു. 1980ല്‍ ഇടുക്കി പാർലമെൻറ് സീറ്റില്‍നിന്ന് വിജയിച്ചു. 1984ല്‍ മുകുന്ദപുരത്ത് പരാജയപ്പെട്ടു.
1964 മുതല്‍ 1998 വരെ പാർട്ടി സംസ്ഥാന സമിതി അംഗവും 1967 മുതല്‍ 1978 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലയില്‍ മാർക്സിസ്റ്റ് പാർട്ടിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്ന ടി കെ രാമകൃഷ്ണൻ 1967ല്‍ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണ് ലോറൻസ് സെക്രട്ടറിയായത്.

1978 മുതല്‍ 1998 വരെ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 1986 മുതല്‍ 1998 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.1986 മുതല്‍ 1998 വരെ ഒരു വ്യാഴവട്ടക്കാലം ഇടതുമുന്നണി കണ്‍വീനറായിരുന്നു. പിന്നീട് 1998ല്‍ പാലക്കാട് വച്ച്‌ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

പാർട്ടി അച്ചടക്ക നടപടിയെ തുടർന്ന് 1998ല്‍ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രക്കമ്മറ്റിയില്‍ നിന്ന് എറണാകുളം ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. സിപിഎമ്മിനെ പിടിച്ചുകുലുക്കിയ സേവ് സിപിഎം.ഫോറവുമായി ബന്ധപ്പെട്ട വിഭാഗീയ നീക്കങ്ങളില്‍ പാർട്ടി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

2002ല്‍ എറണാകുളം ജില്ലാക്കമ്മറ്റി അംഗമായ ലോറൻസ് 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ വച്ച്‌ പാർട്ടി സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ആലപ്പുഴയില്‍ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം പ്രായാധിക്യത്തെ തുടർന്ന് ലോറൻസിനെ പാർട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സമിതിയില്‍ ക്ഷണിതാവാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments