ആലപ്പുഴ : ഗുരുദേവ ദർശനങ്ങൾക്ക് പ്രസക്തി ഏറിവരുന്ന കാലമാണിതെന്ന് എസ്.എൻ. ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും വർണ്ണ ത്തിന്റെയും പേരിൽ ലോകമെങ്ങും പോരടിക്കുന്ന കാലമാണിത്. ശ്രീ നാരായണഗുരുവിന്റെ സന്ദേശങ്ങൾ ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുണ്ടെന്നും അത് പ്രചരിപ്പിക്കുവാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
കണിച്ചുകുളങ്ങരയിലെ തന്റെ വസതിയിൽ
കവിയും അദ്ധ്യാപകനുമായ ഫിലിപ്പോസ് തത്തംപള്ളി രചിച്ച പുതുയുഗാചാര്യൻ ശ്രീ നാരായണ ഗുരു എന്ന ലഘു ജീവചരിത്ര കാവ്യത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പഠനകാലത്ത് തന്നെ ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങളെക്കുറിച്ച് പഠിച്ച് കവിത രചിച്ച ഫിലിപ്പോസ് തത്തംപള്ളിയെ അദ്ദേഹം അഭിനന്ദിച്ചു. ഇപ്പോൾ ചമ്പക്കുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപകനാണ് ഫിലിപ്പോസ് തത്തംപള്ളി.
എസ്.എൻ.ഡി.പി.യോഗത്തിന്റെ എല്ലാ യോഗങ്ങളിലും ഈ കവിതയുടെ ഓഡിയോ അവതരിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ കവിത രചിച്ച കവിയും അദ്ധ്യാപകനുമായ ഫിലിപ്പോസ് തത്തംപള്ളിയെയും സംഗീതം നൽകി ആലപിച്ച പ്രശസ്ത സംഗീതജ്ഞയും അദ്ധ്യാപികയുമായ ശ്രീദേവി തിരുവിഴയേയും വെള്ളാപ്പള്ളി നടേശൻ പൊന്നാടയണിയിച്ച് ആദരിച്ചു.
യോഗത്തിൽ കാഥികൻ ആലപ്പി രമണൻ അധ്യക്ഷത വഹിച്ചു. സിനിമ നടൻ പുന്നപ്ര അപ്പച്ചൻ,പ്രീതി നടേശൻ വെളളാപ്പള്ളി, കീർത്തന തുടങ്ങിയവർ പ്രസംഗിച്ചു.