Friday, November 15, 2024
Homeകേരളംസംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും വ്യാപകനാശം, പലയിടങ്ങളിലും വെള്ളക്കെട്ട്.

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും വ്യാപകനാശം, പലയിടങ്ങളിലും വെള്ളക്കെട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നും ജില്ലകളിലും ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്ന് വീണത്. അപകടത്തില്‍ വീട് പൂർണ്ണമായും തകർന്നു. അപകടം സമയത്ത് വീടിനകത്തുണ്ടായിരുന്ന സുരേഷും, ഭാര്യയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.മലപ്പുറം കൊണ്ടോട്ടിയിൽ വീടിൻ്റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. ചേപ്പിലിക്കുന്ന് കുടുക്കിൽ കൊയപ്പ രാജേഷിൻ്റെ വീടിൻ്റെ മുറ്റമാണ് ഇടിഞ്ഞത്. തറയ്ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. 2 കുട്ടികൾ ഉൾപ്പെടെ 4 പേരാണ് വീട്ടിൽ താമസിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചാലിയർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയർത്തി.
കനത്ത മഴയിൽ കോഴിക്കോട് കോട്ടൂളിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതിൽ ഇടിഞ്ഞു വീണു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്താണ് അപകടം.ഇരുപത് മീറ്റർ ഉയരത്തിലുള്ള കോൺഗ്രീറ്റ് മതിൽ ആണ് തകർന്നത്. അപകട സാധ്യത തുടരുന്നതിനാൽ 8 കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. മഴ തുടർന്നാൽ മതിലും മണ്ണും ഇനിയും തകർന്ന് വീഴാൻ സാധ്യത.കോഴിക്കോട് കനത്തമഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. തൊട്ടിൽപ്പാലത്ത് വലിയ പറമ്പത്ത് സക്കീനയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കോഴിക്കോട് ചക്കിട്ടപാറയിൽ ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. പറമ്പല്‍ വാളാംപൊയില്‍ ത്രേസ്യാമ്മയുടെ വീടാണ് തകർന്നത്. കിടപ്പ് രോഗിയാണ് ത്രേസ്യാമ്മ. മകനും കുടുംബവും ഒപ്പമുണ്ട്. തലനാരിഴക്കാണ് പരിക്കേല്‍ക്കാത ഇവര്‍ രക്ഷപ്പെട്ടത്.

വീട് പൂർണ്ണമായും അപകടാവസ്ഥയിലാണ്. നാട്ടുകാര്‍ കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കാൻ നടപടി തുടങ്ങി. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോട്ടയം കുമരകത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. കൊല്ലകരി സ്വദേശി ഷാജി സി കെയുടെ വീടിന്റെ മേൽക്കൂര പറന്നു പാടത്ത് പതിച്ചു.റോഡിലൂടെ പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്തേക്ക് വീണു. നിരവധി ബൈക്കുകളും കാറ്റിൽപെട്ടു. കണ്ണൂരിൽ മലയോര മേഖലയിൽ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. പുഴകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മാട്ടറ, വയത്തൂർ ചപ്പാത്തുകൾ വെള്ളത്തിനടിയിലാണ്.എടൂർ പാലത്തിൻകടവ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞു. ചെമ്പിലോട് വീടിന്റെ മേൽക്കൂര തകർന്നു. ഇരിട്ടി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇടുക്കിയിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയിൽ ഉൾപ്പെടെ മഴയുടെ ശക്തി കുറഞ്ഞു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം തുടരുന്നു. കല്ലാർ കുട്ടി ഡാമിൻ്റെ ഷട്ടറുകൾ 30 സെ.മീ കൂടി ഉയർത്തി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അപ്പര്‍ കുട്ടനാട് മേഖലയിലെ പല ഇടങ്ങളും വെള്ളത്തിലായി.തലവടി പഞ്ചായത്തിലെ നീരേറ്റുപുരം ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി. മഴയിൽ വ്യാപകനാശം ഉണ്ടായതോടെ തീരമേഖലകളിൽ പ്രതിഷേധം ശക്തമാവുകയാണ്. എറണാകുളം എടവനക്കാട് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. തീരമേഖലയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് വൈപ്പിൻ ചെറായി സംസ്ഥാന പാത ഉപരോധിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments