തിരുവനന്തപുരം; 2076 സ്കൂളുകളിൽ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ ഒമ്പതിന് വിദ്യാർഥികളെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 3,22,147 വിദ്യാർഥികൾ ആദ്യദിനം ക്ലാസിലെത്തും. മെറിറ്റ് സീറ്റിൽ 2,67,920 പേരും കമ്യൂണിറ്റി ക്വാട്ടയിൽ 19,251 പേരും മാനേജ്മെന്റ് സീറ്റിൽ 19,192 പേരും അൺഎയ്ഡഡ് സ്കൂളിൽ 10,583 പേരുമാണ് പ്രവേശനം നേടിയത്.
സ്പോർട് ക്വാട്ടയിൽ 4,333 പേരും മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 868 പേരുമാണ് പ്രവേശനം നേടിയത്. മെറിറ്റിൽ ഇനി അവശേഷിക്കുന്ന 41, 222 സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ നടത്തും.
ജൂലൈ രണ്ടിന് എല്ലാ സ്കൂളിലെയും ഒഴിവുള്ള സീറ്റിന്റെ കണക്ക് ഹയർസെക്കൻഡറി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവരും മുമ്പ് അപേക്ഷിക്കാത്തവരും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കണം. ഇതിന്റെ വിവരങ്ങൾ പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.