കേന്ദ്രത്തിന്റെ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിഷയത്തിൽ കൃത്യമായ നിലപാട് ഉണ്ടെന്നും കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പറഞ്ഞു. ബില്ലിലെ പിന്തുണയ്ക്കുമെന്ന് പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാർത്തയാണ്.
വഖഫ് വിഷയത്തിൽ യുഡിഎഫിന്റെയും ഇന്ത്യ മുന്നണിയുടെയും നിലപാട് തന്നെയാണ് തനിക്കും തന്റെ പാർട്ടിക്കും ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം സമരപ്പന്തലിൽ വച്ച് വഖഫ് നിയമ ഭേദഗതി ബില്ലിലെ പിന്തുണയ്ക്കുമെന്ന് പറഞ്ഞെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഫ്രാൻസിസ് ജോർജ് വിശദീകരണവുമായി രംഗത്തെത്തിയത്.
ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം സമര പന്തലിൽ പോയത് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ്. മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വഖഫ് ഭേദഗതി നിയമത്തെ പാർലമെൻറിൽ പിന്തുണയ്ക്കുമെന്നും ഒരു ജനപ്രതിനിധി എന്ന നിലയിലും രാഷ്ട്രീയ പാർട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖഫ് നിയമത്തോട് 100 ശതമാനം താൻ യോജിക്കുന്നതായും ഫ്രാൻസിസ് ജോർജ് മുനമ്പത്ത് പറഞ്ഞെന്നായിരുന്നു വാർത്തകൾ വന്നത്.