കൂട്ടിവച്ചിട്ടില്ലെങ്കിൽ പിന്നെയെന്തു മോഷ്ടിക്കാൻ
———————————————————————————-
ബുദ്ധഗുരുവിൻ്റെ വീട്ടിലൊരു കളളൻ കയറി. ഗുരു ചാടിയെഴുന്നേറ്റു ചോദിച്ചു: “ആരാ” അയാൾ പറഞ്ഞു: “ഞാനൊരു കളളനാണ് ”.
ഗുരു ചോദിച്ചു “എന്തിനാണിവിടെ കയറിയത് ” “പണത്തിനത്യാവശ്യമുണ്ടായിരുന്നു. എന്തെങ്കിലും കിട്ടുമോയെന്നറിയാൻ വന്നതാ”, കള്ളൻ പറഞ്ഞു. ഗുരു പൊട്ടിച്ചിരിച്ചു. “എന്തിനാണിങ്ങനെ ചിരിക്കുന്നതു ”കള്ളൻ ചോദിച്ചു. ഗുരു പറഞ്ഞു “പകൽ വെളിച്ചത്തിൽ, ഈ മുറി മുഴുവൻ അരിച്ചു പെറുക്കിയിട്ടെനിക്കൊരു നാണയം പോലും കിട്ടിയില്ല. എന്നിട്ടാണു നീ ഇരുട്ടത്തു തപ്പുന്നത്. ചിരിക്കാതിരിക്കാനെങ്ങനെ കഴിയും”
ഒന്നും ഇല്ലാത്തവനെന്തു നഷ്ടപ്പെടാൻ. ഒന്നും നഷ്ടപ്പെടാനില്ലാതെ ജീവിക്കുകയെന്നതിനേക്കാൾ വലിയ സ്വാതന്ത്ര്യമെന്താണുള്ളത്.എന്തു കിട്ടും, എന്തു നഷ്ടപ്പെടും, തുടങ്ങിയ ചിന്തകളാൽ ബന്ധിതമാണു മിക്ക മനുഷരുടെയും ജീവിതം.
അടുത്തു വരുന്നവർക്കെന്തെങ്കിലും നൽകുന്നതാണോ,ഒന്നും നൽകാൻ ഇല്ലാത്തതാണോ യഥാർത്ഥ നഷ്ടം. എന്തെങ്കിലും നൽകാനായാൽ, അതിനെ നഷ്ടമെന്നു വിളിക്കാനാകുമോ. കൊടുക്കുന്നതെല്ലാം മറ്റൊരാളുടെ ജീവിതത്തിന്നു മുതൽക്കൂട്ടാകുമെങ്കിൽ കൊടുക്കാതെ ഇരിക്കാനെങ്ങനെ കഴിയും.
എന്തു ചോദിച്ചാലുമൊന്നും കൊടുക്കാനില്ലാത്തതല്ലെ യഥാർത്ഥ നഷ്ടം. കൊള്ളയടിക്കാൻ വരുന്നവനു കൊള്ള വസ്തു കൊടുക്കണമെന്നല്ല അർത്ഥം. എന്നാൽ അയാളിൽ ഒരു തിരിച്ചറിവു സൃഷ്ടിക്കാൻ കഴിഞ്ഞാലതല്ലേ വലിയ ദാനം. എല്ലാം നൽകാൻ തയ്യാറായി നിൽക്കുന്നവരിൽ നിന്നു ആർക്കെന്തു തട്ടിപ്പറിക്കാൻ. സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നവരിൽ ആരെന്തു അടിച്ചേൽപ്പിക്കാൻ. കൊടുക്കുന്നതും വാങ്ങുന്നതും, മനം നിറഞ്ഞുള്ള സ്വാഭാവിക പ്രക്രീയയാണെങ്കിൽ പിന്നെ മോഷ്ടാവുമില്ല. ഇരയുമില്ല.
സർവ്വശക്തൻ സഹായിക്കട്ടെ
സർവ്വശക്തൻ സഹായിക്കട്ടെഎല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.