ആർക്കും ഒന്നും സ്വന്തമല്ല
——————————————–
രണ്ടു സുഹൃത്തുക്കൾ ചേർന്ന് ഒരു കടത്തുവഞ്ചി വാങ്ങി. ലഭനഷ്ടങ്ങൾ പരസ്പരം വീതിച്ചെടുക്കുമെന്നായിരുന്നു വ്യവസ്ഥ. ഇരുവരും വഞ്ചിയിൽ കയറി, തടാകത്തിലൂടെ വെറുതേയൊന്നു കറങ്ങാനിറങ്ങി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഒന്നാമൻ വഞ്ചിയുടെ ഒരു വശത്തൊരു ദ്വാരമുണ്ടാക്കാൻ ആരംഭിച്ചു. ദേഷ്യം വന്ന രണ്ടാമൻ ചോദിച്ചു: “എന്തു മണ്ടത്തരമാണു നിങ്ങൾ കാണിക്കുന്നത്? വഞ്ചിയിൽ ആരെങ്കിലും തുളയിടുമോ?” ഒന്നാമൻ തിരികെച്ചോദിച്ചു: “ഞാൻ തുളച്ചത് എൻ്റെ ഭാഗത്തല്ലേ? നിനക്കെന്താ പ്രശ്നം?”
അതിരു തിരിച്ച് മതിലും കെട്ടി, ഗേറ്റും ഇട്ടാൽ, എന്തിനും പരിഹാരമാകുമെന്ന മനുഷ്യരുടെ ചിന്ത, ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്നാണ്. പുര പണിയുന്നതിനു മുമ്പേ, മതിൽ കെട്ടാനാണു നമുക്കിഷ്ടം. എല്ലാവരേയും അകറ്റി നിർത്തി, സ്വന്തമായുള്ളതെല്ലാം വരുതിക്കുള്ളിലാക്കി, വാതിലടച്ച്, ‘അന്യർക്ക് പ്രവേശനമില്ല’ എന്ന ബോർഡും സ്ഥാപിച്ചാലെ, പലർക്കും തൃപ്തിയാകൂ.
ഒന്നും സ്വന്തമാക്കാൻ ആകില്ലെന്നും, കയ്യടക്കി വെക്കുന്നതെല്ലാം കാലപ്പഴക്കത്തിൽ, മറ്റാരുടേതെങ്കിലും ആകുമെന്നുള്ള തിരിച്ചറിവാണ് നമുക്കിന്നാവശ്യം. ആർക്കെങ്കിലും ഉപയോഗപ്പെടുത്താവുന്നതിനെ, ആർക്കും ഉപകരിക്കാനാകാത്ത വിധം നശിപ്പിക്കുന്നതാകും, ഏറ്റവും വലിയ സാമൂഹ്യ തിന്മ. വലിച്ചെറിയുന്ന ഭക്ഷണവും, ഉപയോഗിക്കാതെ കൂട്ടി വെച്ചിരിക്കുന്ന ധനവും, ആവശ്യമില്ലാതെ അടച്ചിട്ടിരിക്കുന്ന വീടുകളും, ക്ഷമിക്കാനാകാത്ത സാമൂഹ്യ ദ്രോഹത്തിൻ്റെ അടയാളങ്ങൾ ആണ്. ‘എൻ്റെ സ്ഥലത്ത് എൻ്റെ പണം കൊണ്ട് എനിക്കെന്തും ചെയ്യാം’ എന്ന ധാർഷ്ട്യം ഇല്ലാതായലെ, നാമും നമ്മുടെ സമൂഹവും രക്ഷപെടൂ.
അവനവനിൽ മറ്റുള്ളവരേയും, മറ്റുള്ളവരിൽ അവനവനേയും കണ്ടു പെരുമാറുമ്പോൾ മാത്രമാണ് പാരസ്പരീകത പരിപോഷിപ്പിക്കപ്പെടുക; അന്യോന്യത രൂപപ്പെടുക; ക്ഷേമം സാദ്ധ്യമാകുക.
ജഗദീശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.