കോട്ടയം: പുതുപ്പള്ളി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് തുടക്കം കുറിച്ച്
ഏപ്രിൽ 19 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് വെച്ചൂട്ടു നേർച്ചയ്ക്കുള്ള അരി, തേങ്ങ, കോഴി, എണ്ണ മുതലായ നേർച്ച സാധനങ്ങൾ സമർപ്പിക്കുവാൻ ആവശ്യമായ നേർച്ചചെമ്പ് പള്ളിയുടെ നാടകശാലയിൽ സ്ഥാപിക്കൽ ചടങ്ങ് നടത്തപ്പെട്ടു.
21ന് ഞായറാഴ്ച രാവിലെ അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അന്നേദിവസം വടവാതൂർ മാർ അപ്രേം യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ അമ്പലത്തിങ്കൽ മാത്യു ചാണ്ടിയുടെ ഭവനാങ്കണത്തിൽ നിന്നും ആരംഭിച്ച കൊടിമര ഘോഷയാത്ര മണർകാട് പള്ളി, പുതുപ്പള്ളി കവല എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിയിൽ എത്തിച്ചേർന്നപ്പോൾ സന്ധ്യാ നമസ്കാരത്തെ തുടർന്ന് വൈകിട്ട് ആറു മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്ത പെരുന്നാൾ കൊടിയേറ്റ് നടത്തി. അതിനുശേഷം സ്നേഹവിരുന്നും നടത്തപ്പെട്ടു. 22-ാം തീയതി വൈകിട്ട് 5 മണിക്ക് പന്തൽ കാൽനാട്ടു കർമ്മവും നടത്തപ്പെട്ടു.
ഏപ്രിൽ 27- ന് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് വിറകീടൽ ചടങ്ങിനെ തുടർന്ന് പന്തിരുനാഴി പുറത്തെടുക്കൽ ചടങ്ങ് നടക്കും. അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ സന്ധ്യാ പ്രാർത്ഥന, പ്രസംഗം എന്നിവയെ തുടർന്ന് രാത്രി എട്ടുമണിക്ക് പുതുപ്പള്ളി കവല ചുറ്റിയുള്ള റാസ, കബറുങ്കൽ ധൂപപ്രാർത്ഥന, സ്നേഹവിരുന്ന് എന്നിവ നടത്തപ്പെടും.
പ്രധാന പെരുന്നാൾ ദിവസമായി ഏപ്രിൽ 28 ന് ഞായറാഴ്ച 12.30 AMന്
വെച്ചൂട്ടിനുള്ള അരിയിടൽ ചടങ്ങ് നടക്കും. 8 AMന് പ്രഭാത പ്രാർത്ഥനയും 9 AM ന് അഭിവന്ദ്യ കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും ആരംഭിക്കും. 11.30 AM ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നേർച്ച ആരംഭിക്കും.
മെയ് 5 ഞായറാഴ്ച രാവിലെ 8 മണിക്ക് അഭിവന്ദ്യ കുറിയാക്കോസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും 10.30 ന് പുണ്യവാനായ പെരുമ്പള്ളി തിരുമേനിയുടെ നാമത്തിലുള്ള സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മവും നേർച്ചകഞ്ഞി വിതരണവും നടത്തപ്പെടും.
മെയ് 12 ന് രാവിലെ 8 മണിക്ക് വിശുദ്ധ കുർബ്ബാന, നേർച്ചകഞ്ഞി വിതരണം, കൊടിയിറക്ക് എന്നിവയോടു കൂടി വിശുദ്ധൻ്റെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.