തിരുവനന്തപുരം: അപൂർവരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻ. രണ്ടു വയസുകാരന് കേരളം സ്‌നേഹത്തണൽ ഒരുക്കുമെന്നും സഹായം ചോദിച്ചുവരുന്നവരെ ആടിയോടിക്കുകയല്ല, ചേർത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്‌കാരമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ചികിത്സക്കായി സഹായം അഭ്യർഥിച്ചപ്പോൾ കളിയാക്കുന്ന തരത്തിൽ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധുവാണ് സുരേഷ് ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം അഭ്യർഥിച്ചത്. ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന് മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ഗോവിന്ദൻ മാസ്റ്ററെന്ന് സിന്ധു തിരക്കി. പിന്നീട് ക്ഷേത്രത്തിൽ ഉണ്ടായിരുന്നവരാണ് കളിയാക്കിയതാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിയത്. ഇതോടെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് കൈക്കുഞ്ഞുമായി സിന്ധു കരഞ്ഞു. പിന്നീട് ക്ഷേത്രത്തിൽ ഉണ്ടായിരുന്നവരാണ് സിന്ധുവിനെ സമാധാനിപ്പിച്ചത്.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അവരെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. കരുതൽ ഉറപ്പാക്കാൻ സർക്കാർ തയ്യാറായിരിക്കുകയാണെന്നും കുട്ടിയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്നും എം.വി ഗോവിന്ദൻ അറിയിച്ചു. ‘ ഉടൻ തന്നെ അവരെ നേരിൽ കാണാനാകുമെന്നും പ്രതീക്ഷിക്കുന്നു. കോയമ്പത്തൂർ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകന് വേണ്ടിയാണ് അപൂർവ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് ആരോഗ്യ വകുപ്പ് നൽകുന്നത്. മലയാളിയുടെ സ്‌നേഹവും കരുതലും ഒരിക്കൽക്കൂടി ലോകത്തിനു മുമ്പിൽ തെളിമയോടെ നിൽക്കുകയാണ്’ .അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് സ്വദേശിനിയായ സിന്ധു കോടീശ്വരൻ സ്ഥിരമായി കാണുക വഴിയാണ് സുരേഷ് ഗോപിയെ അറിയുന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ സുരേഷ് ഗോപിയേയും സംഘത്തേയും കണ്ടപ്പോൾ രണ്ടു വയസ്സുള്ള മകൻ അശ്വിനേയും എടുത്ത് സഹായം ചോദിക്കുകയായിരുന്നു. മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ . ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്.
— – – –