തിരുവനന്തപുരം: ഇനി തൊഴിൽ നികുതി (പ്രൊഫഷണൽ ടാക്‌സ്) ഓൺലൈനായി അടയ്‌ക്കാം. കെ സ്‌മാർട്ട് വഴിയാണിത്. ജൂൺ ആദ്യവാരംമുതൽ സേവനം ലഭിക്കും. സ്ഥാപനം നൽകുന്ന വിവരമനുസരിച്ച് തദ്ദേശ സ്ഥാപനം തൊഴിൽ നികുതി നിർണയിച്ച് ഒരു നമ്പർ നൽകും. കെ സ്‌മാർട്ടിലെ ‘ക്വിക്ക് പേ’ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ നമ്പർ നൽകിയാൽ വിശദാംശം കാണാം. തുടർന്ന് ഓൺലൈനായി പണമടയ്‌ക്കാം.
വാടകയും ഇനി കെ സ്‌മാർട്ട് വഴി അടയ്‌ക്കാം. തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ വാടകയ്‌ക്ക് എടുത്തിട്ടുള്ള വ്യാപാരികൾക്കും ഈ സൗകര്യം ഉപയോഗിക്കാം.
കെ- സ്മാർട്ട് ഏപ്രിൽ 10 മുതൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ജനന –- മരണ –- വിവാഹ രജിസ്‌ട്രേഷൻ, വസ്‌തു നികുതി, വ്യാപാര, വ്യവസായ ലൈസൻസ്, കെട്ടിട നിർമാണ അനുമതി, പൊതുജന പരാതി പരിഹാരം, മൊബൈൽ ആപ് തുടങ്ങിയ സേവനങ്ങൾ ഇപ്പോൾ കെ സ്മാർട്ടിലുണ്ട്. ഇതിനോടകം 56 ലക്ഷം ഫയലുകൾ കൈകാര്യംചെയ്തു.
ചാറ്റിൽ സംശയനിവാരണം കെ സ്‌മാർട്ടിൽ സേവനം സംബന്ധിച്ച സംശയം ഓൺലൈനിൽത്തന്നെ പരിഹരിക്കാം. ചാറ്റ് ബോക്‌സ് സംവിധാനംവഴിയാണിത്. കെ സ്‌മാർട്ടിലെ ‘We’re Online’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ചാറ്റ് ബോക്‌സ് തുറക്കും. സംശയങ്ങൾ ചോദിച്ചാൽ മറുപടി ലഭിക്കും. ഇംഗ്ലീഷിലും മലയാളത്തിലും സേവനം ലഭ്യമാണ്.”