മുംബൈ: ടൗൺ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടറുടെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിൽ 8.6 കോടി രൂപയും 23.25 കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങളും പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ വസായ് – വിരാർ സിറ്റി മുനിസിപ്പൽ കോർപ്പറേഷനിലെ (വിവിഎംസി) ടൗൺ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടർ യുമിഗാനു ശിവ റെഡ്ഡിയുടെ (വൈ എസ് റെഡ്ഡി) വീട്ടിലായിരുന്നു റെയ്ഡ്.
വൈ എസ് റെഡ്ഡിയുടെ നളസൊപ്പാരയിലെ വസതിയിലും മുനിസിപ്പൽ ഓഫീസിലും ഹൈദരാബാദിലെ ഹഫീസ്‌പേട്ടിലുള്ള കുടുംബത്തിന്‍റെ വസതികളിലുമായിരുന്നു റെയ്ഡ്. 2009 മുതൽ വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷനിലെ (വിവിഎംസി) സർക്കാർ, സ്വകാര്യ ഭൂമികളിൽ അനധികൃതമായി പാർപ്പിട, വാണിജ്യ കെട്ടിട സമുച്ചയങ്ങൾ നിർമ്മിച്ചുവെന്നാണ് കേസ്. ബുധനാഴ്ച ആരംഭിച്ച് വ്യാഴാഴ്ചയാണ് റെയ്ഡ് അവസാനിച്ചത്.
മലിനജല സംസ്കരണ പ്ലാന്‍റിനായി നീക്കിവച്ചിരുന്ന സ്ഥലത്ത് 41 അനധികൃത കെട്ടിടങ്ങൾ നിർമ്മിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. 2009 മുതൽ വിവിഎംസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രദേശത്ത് വൻ തോതിലുള്ള അനധികൃത നിർമ്മാണങ്ങൾ നടത്തിയതായി കണ്ടെത്തി. ഡെവലപ്പർമാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃത കെട്ടിടങ്ങൾ നിർമ്മിച്ച് പൊതുജനങ്ങളെ വഞ്ചിച്ചു. അനധികൃത കെട്ടിടങ്ങൾ പൊളിക്കുമെന്നറിഞ്ഞ ശേഷവും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവ വിറ്റെന്നും ഇഡിയുടെ റിപ്പോർട്ടിൽ പറയുന്നു. 2024 ജൂലൈ 8 ന് 41 കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിൽ സുപ്രീംകോടതി ഒരു ഇളവും നൽകിയിരുന്നില്ല.