ജബൽപൂര്‍: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൈസ്തവ വിശ്വാസി സംഘത്തിനു നേരെ വിഎച്ച്പി പ്രവർത്തകരുടെ ആക്രമണം. മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മുന്നിലിട്ട് മർദിച്ചുവെന്ന് ആരോപണം.
ക്രൂരമായ മർദനം ഏറ്റുവെന്ന് മർദനമേറ്റ മലയാളികളായ ഫാദർ ഡേവിസ് ജോർജും, ഫാദർ ജോർജും മാധ്യമങ്ങളോട് പറഞ്ഞു. വിഎച്ച്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ നടത്തിയത് ഗുണ്ടായിസമായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചു.
ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മർദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും മലയാളി വൈദികരായ ഫാദർ ഡേവിസ് ജോർജും ഫാദർ ജോർജും പറയുന്നു. വാഹനം തടഞ്ഞ് വിശ്വാസികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ സഹായിക്കാൻ പോയതായിരുന്നു ഇരുവരും. പൊലീസ് സ്റ്റേഷനകത്ത് നടന്ന ആക്രമണം ഞെട്ടിക്കുന്നതാണ്. ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പ്രതികരിച്ചു.
സ്ത്രീകൾ അടക്കമുള്ളവരുടെ സംഘം പൊലീസുകാരുടെ മുന്നിൽവച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.