വിവാഹം കഴിഞ്ഞ് 45–ാം ദിവസം നവവരന്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ഔറങ്ഗാബാദ് സ്വദേശി പ്രിയാന്‍ ഷു (25) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഭാര്യ ഗുഞ്ച ദേവിയാണെന്നാണ് പുറത്തുവരുന്ന വിവരം . 55 വയസുള്ള സ്വന്തം അമ്മാവനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാര്‍ നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം നടത്തിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വാടകക്കൊലയാളികളെ വച്ചാണ് കൃത്യം നടപ്പാക്കിയത്.
പതിനഞ്ചു വര്‍ഷത്തോളമായി ഗുഞ്ച ദേവിയും അമ്മാവന്‍ ജീവന്‍ സിങ്ങുമായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും വീട്ടുകാരെ അറിയിച്ചുവെങ്കിലും ഇതിന് കുടുംബം സമ്മതിച്ചില്ല. തുടര്‍ന്ന് ഗുഞ്ച ദേവിയെ നിര്‍ബന്ധിച്ച് പ്രിയാന്‍ഷുവുമായി വിവാഹം കഴിപ്പിച്ചു. പക്ഷേ വിവാഹത്തിനു ശേഷവും ഗുഞ്ച ദേവിയും അമ്മാവനും തമ്മിലുള്ള ഫോണ്‍ വിളികളടക്കം തുടര്‍ന്നു.
അമ്മാവനൊപ്പം ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹത്താല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ തീരുമാനിച്ചു. ഇതിനായി വാടകക്കൊലയാളികളെയും തരപ്പെടുത്തി. ജൂണ്‍ 25ന്, ഗുഞ്ച ദേവിയുടെയും പ്രിയാന്‍ഷുവിന്‍റെയും വിവാഹം കഴിഞ്ഞ് കൃത്യം 45–ാം നാള്‍ പ്രിയാന്‍ഷു കൊല്ലപ്പെട്ടു. സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങവേ നവി നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ചായിരുന്നു ആക്രമണം. പ്രിയാന്‍ഷുവിനെ വാടകക്കൊലയാളികള്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
പ്രിയാന്‍ഷുവിനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ബൈക്കില്‍ ഒരാളെ റെയില്‍വേ സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ടെന്ന് ഗുഞ്ച ദേവി വിളിച്ചുപറഞ്ഞിരുന്നു. ഇതനുസരിച്ച് കാത്തുനിന്ന പ്രിയാന്‍ഷുവിനെ കൂട്ടിക്കൊണ്ടുപോയത് വാടകക്കൊലയാളികളാണ്. രണ്ടുപേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജീവന്‍ സിങ്ങ് ഒളിവില്‍പോയതായും ഇയാള്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.
കൊലക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഗുഞ്ച ദേവി നാടുവിടാനൊരുങ്ങി. ഇതോടെ പ്രിയാന്‍ഷുവിന്‍റെ ബന്ധുക്കള്‍ക്ക് സംശയം തോന്നി. ഇക്കാര്യം ഇവര്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഗുഞ്ച ദേവിയുടെ ഫോണ്‍ സംഭാഷണങ്ങളടക്കം പരിശോധിച്ച പൊലീസ് ജീവന്‍ സിങ്ങും യുവതിയുമായുള്ള ബന്ധം കണ്ടെത്തി. ഇരുവരും സ്ഥിരമായി ഫോണിലൂടെ എല്ലാ വിവരങ്ങളും പരസ്പരം കൈമാറിയിരുന്നു. ക്വട്ടേഷന്‍ കൊടുത്ത വിവരമടക്കം ഇങ്ങനെയാണ് കണ്ടെത്താനായത്. വാടകക്കൊലയാളികളുമായി ജീവന്‍ സിങ്ങ് സംസാരിച്ചതിന്‍റെ ഫോണ്‍ റെക്കോര്‍ഡിങ്ങുകളും പൊലീസിന് ലഭിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.