ഘനഗാംഭീര്യമുള്ള ശബ്ദത്താൽ ശ്രദ്ധേയനായ നടൻ ജനാർദ്ദനനാണ് ഇന്ന് 80 കളിലെ വസന്തങ്ങളിൽ അതിഥി. ഭീതി പടർത്തിയ വില്ലനായും പൊട്ടിച്ചിരിപ്പിച്ച ഹാസ്യ നടനായും ഒരുകാലത്ത് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ ജനാർദ്ദനൻ വില്ലനായും സഹനടനായും ഹാസ്യ നടനായും പിന്നണി ഗായകനായും സിനിമാരംഗത്ത് സജീവമായിരുന്നു. കൂടാതെ തമിഴും തെലുങ്കും പടങ്ങൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തിരുന്നു അദ്ദേഹം.
1946 മെയ് 5ന് വൈക്കത്തെ ഉല്ലല ഗ്രാമത്തിൽ കൊല്ലറക്കാട്ടു വീട്ടിൽ കെ. ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും മകനായിട്ടായിരുന്നു ജനാർദ്ദനൻ പിള്ള എന്ന ജനാർദ്ദനൻ ജനിച്ചത്. അച്ഛൻ സ്കൂൾ അധ്യാപകനായിരുന്നു.
വെച്ചൂർ എൻ.എസ്. എസ്. ഹൈസ്കൂളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എൻ.എസ്. എസ്. കോളേജിൽ നിന്നും പ്രീ യൂണിവേഴ്സിറ്റി കോഴ്സ് പൂർത്തിയാക്കാതെ എയർഫോഴ്സിൽ ചേർന്നു. ഒരു വർഷത്തെ ട്രെയിനിങ് കഴിഞ്ഞതോടെ അവിടം വിട്ടു. തുടർന്ന് നെയ്യാറ്റിൻകര എൻ.എസ്. എസ്. വേലുത്തമ്പി മെമ്മോറിയൽ കോളേജിൽ നിന്നും ബി കോം പാസായി. ബാങ്കിൽ ക്ലാർക്ക് ആയി ജോലി കിട്ടി.
പി. എൻ. മേനോൻ സംവിധാനം ചെയ്ത ചെമ്പരത്തിയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്ത ജനാർദ്ദനൻ മലയാള നാട് വാരികയിൽ സങ്കല്പത്തിലെ ഭർത്താവ് എന്ന പംക്തി കുറെ നാൾ കൈകാര്യം ചെയ്തിരുന്നു. കെ. എസ്. സേതുമാധവന്റെ ആദ്യത്തെ കഥ എന്ന ചിത്രത്തിൽ പ്രേം നസീറിനോടൊപ്പം സുഹൃത്തിന്റെ വേഷത്തിൽ അഭിനയിച്ചു.
1977ൽ അടൂർ ഭാസി സംവിധാനം ചെയ്ത ‘അച്ചാരം അമ്മിണി ഓശാരം ഓമന’ എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും പി. എൻ. മേനോന്റെ ഗായത്രി എന്ന ചിത്രത്തിലെ മഹാദേവൻ എന്ന വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്.
ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലാണ് പ്രതിനായക വേഷത്തിൽ നിന്നും ഹാസ്യനടനായി ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്. വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരെ വെറുപ്പിന്റെയും ഭയത്തിന്റെയും മുൾമുനയിൽ നിർത്തിയിരുന്ന ജനാർദ്ദനൻ തന്നെയാണ് പിന്നീട് ഹാസ്യതാരമായി ചിരിയുടെ മാല പടക്കത്തിന് തിരികൊളുത്തിയത്. അദ്ദേഹത്തിന്റെ അഭിനയത്തിലെ വൈവിധ്യം ഏറെ പ്രശംസനീയമാണ്.
പാട്ടുകൾ കേൾക്കാനും നാടകം കാണാനും ഇഷ്ടപ്പെട്ടിരുന്ന ചെറുപ്പകാലം. 1997 ൽ ‘കഥാനായകൻ’ എന്ന ചിത്രത്തിൽ പിന്നണി ഗായകനായി കഴിവ് തെളിയിച്ചിരുന്നു അദ്ദേഹം.
കോളേജ് പഠനകാലത്ത് അടൂർ ഗോപാലകൃഷ്ണനവുമായി പരിചയപ്പെടാൻ ഇടവരുകയും അത് സിനിമയിലേക്കുള്ള പാത തെളിയിക്കുകയും ചെയ്തു. വില്ലനായി വന്ന് കൊമേഡിയനായി പ്രസിദ്ധിയാർജ്ജിച്ച നടനായിരുന്നു ജനാർദ്ദനൻ.
കെ.പി. ഉമ്മർ, ജോസ് പ്രകാശ് തുടങ്ങിയവർ വില്ലൻ വേഷങ്ങളിൽ നിന്നും ക്യാരക്ടർ റോളുകളിലേക്ക് മാറിയപ്പോൾ ആ വിടവിലേക്ക് ജനാർദ്ദനന്റെ വഴി തെളിയുകയായിരുന്നു. വില്ലൻ വേഷങ്ങളാണെങ്കിൽ കൂടി ഉള്ളിൽ ചിരി മരുന്ന് കൈമുതൽ ആയിട്ടുണ്ടായിരുന്നു. ഇന്നും ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ചില ഡയലോഗുകൾക്ക് ജീവൻ നൽകിയ കലാകാരനായിരുന്നു അദ്ദേഹം.
പ്രേം നസീർ, അടൂർ ഭാസി, ജോസ് പ്രകാശ്, കെ. പി. ഉമ്മർ, സത്യൻ തുടങ്ങിയവർ അക്കാലത്ത് ഇറങ്ങിയിരുന്ന മിക്ക പടങ്ങളുടെയും സ്ഥിരം ചേരുവകൾ ആയിരുന്നു. ടെക്നോളജി അധികം വികസിക്കാത്ത കാലം ആയതിനാൽ സ്വന്തമായി പ്രതിഭ ഉണ്ടെങ്കിലേ ചലച്ചിത്ര ലോകത്ത് പിടിച്ചുനിൽക്കാൻ പറ്റുമായിരുന്നുള്ളൂ.
നാട്ടു വിശേഷം, ചതിക്കാത്ത ചന്തു, തൊമ്മനും മക്കളും, തുറുപ്പുഗുലാൻ, ജനകീയ കോടതി, അവളുടെ രാവുകൾ തുടങ്ങി 180ലധികം ചിത്രങ്ങൾ ജനാർദ്ദനന്റെ ലിസ്റ്റിൽ ഉണ്ട്.
ജനാർദ്ദനന്റെ സംസാരശൈലിയും മുഴങ്ങുന്ന സ്വരവും പ്രത്യേകതരത്തിലുള്ള ചിരിയും കാരണം മിമിക്രി താരങ്ങൾ അദ്ദേഹത്തെ അനുകരിക്കുമായിരുന്നു.
ബന്ധുവും കളിക്കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന വിജയലക്ഷ്മി തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് കൈകുഞ്ഞുമായി തിരിച്ചു വന്നപ്പോൾ നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞ് ജീവിതസഖിയായി കൂടെ കൂട്ടിയ വലിയ മനസ്സിന് ഉടമയാണ് അദ്ദേഹം. തികഞ്ഞ മനുഷ്യസ്നേഹി. ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. രമാ രഞ്ജിനിയും ലക്ഷ്മിയും.
സ്നേഹമുള്ള വില്ലൻ അതായിരുന്നു ജനാർദ്ദനൻ പണ്ട്
പിന്നീട് സഹ നാടനായി മലയാളിയുടെ മനം കവർന്നു..
നല്ല ലേഖനം