Wednesday, December 25, 2024
HomeUS Newsവിശ്വാസത്തിന്റെ വിശ്വാസ്യത (പുസ്തക പരിചയം) ✍ജോസ് മഞ്ഞില കൊച്ചി

വിശ്വാസത്തിന്റെ വിശ്വാസ്യത (പുസ്തക പരിചയം) ✍ജോസ് മഞ്ഞില കൊച്ചി

ജോസ് മഞ്ഞില, കൊച്ചി

വിശ്വാസത്തിന്റെ നൈതികത എന്താണ്? വിശ്വാസവും അവിശ്വാസവും തമ്മിലുള്ള അതിർവരമ്പുകൾ എന്തെല്ലാമാണ്? ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് എങ്ങനെ അവിശ്വാസമായി മാറുന്നു? വിശ്വാസത്തിന്റെ വിശ്വാസ്യത എങ്ങനെയാണ് നമ്മളെ ബാധിക്കുക? തുടങ്ങിയ നമ്മുടെ സംശയങ്ങൾക്ക് എങ്ങനെയാണ് താൻ ഉത്തരം നൽകാൻ ശ്രമിക്കുക എന്നത് ഗുരു നിത്യ ചൈതന്യ യതി ഈ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു.

നിങ്ങൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നോ?’ ഇല്ല തിരിഞ്ഞു നോക്കിയപ്പോൾ ചോദിച്ച ആൾ അപ്രത്യക്ഷനായിരിക്കുന്നു! ഈ മിനിക്കഥ കേൾക്കുമ്പോൾ നമ്മൾക്ക് ഒരു അമ്പരപ്പുണ്ടാവുക സ്വാഭാവികമാണ്. ഇതിന് സമാനമായ ഒരവസ്ഥ സന്യാസിയവര്യനായ യതി തന്റെ അനുഭവത്തിലൂടെ പങ്കുവെക്കുന്നു. ‘നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?’ ഈ ചോദ്യത്തിന് മറുപടി പറയാതെ തെന്നി മാറുകയാണ് ചെയ്യുക. ഏതു ദൈവത്തെ പറ്റിയാണ് അയാൾ ചോദിക്കുന്നത്. ഇതിന് വ്യക്തമായ ഉത്തരങ്ങൾ അറിഞ്ഞു കൂടാത്തതു കൊണ്ടാണ് ഇങ്ങനെ തെന്നി മാറേണ്ടിവരുന്നത്. ദൈവങ്ങൾ ഓരോരുത്തർക്കും വേറെ വേറേ ആവുമല്ലോ. ഒരാൾക്ക് അല്ലാഹു, മറ്റൊരാൾക്ക് ഒരു അമ്പലത്തിൽ പ്രതിഷ്ഠതമായ കൃഷ്ണശിലയിലെ മൂർത്തി, നാസ്തികർക്ക് യക്ഷിക്കഥയിലെ കഥാപാത്രം, ശാസ്ത്രജ്ഞമാർക്ക് ഗണിതശാസ്ത്രത്തിലെ സമവാക്യം. ഓരോരുത്തർക്കും ഓരോ ദൈവങ്ങൾ! ഇതിൽ ഏത് ദൈവത്തെ വിശ്വസിക്കണം.

ദൈവം ‘ദിവ്’ ധാതുവിൽ നിന്നും വരുന്നു. അത് സ്വയം പ്രകാശിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ഈശ്വരൻ ഒരു വസ്തുവിന്റെ നിയാമകധർമ്മമാണ്. നമ്മൾ വർണ്ണക്കാഴ്ചകൾ കാണുമ്പോൾ അത്ഭുത പരതന്ത്ര്യരായി ‘ദൈവമേ’ എന്ന് വിളിക്കുന്നു. അപ്പോൾ മനസ്സിൽ ദൈവം ഇല്ല അതുപോലെ തന്നെ ഭയാനക കാഴ്ചകൾ കാണുമ്പോഴും വ്രണിത ചിത്തരായി ‘ദൈവമേ’ എന്ന് വിളിക്കുന്നു. സാന്ദർഭിക ദൃശ്യത്തിന് നമ്മൾ നിരർത്ഥകമായ ചില പദങ്ങൾ നൽകുന്നു. അതൊരിക്കലും ദൈവമല്ല. വിശ്വസിക്കുന്നതിന് മതിയായ കാരണങ്ങൾ വേണമെന്നാണ് റസ്സൽ പറയുന്നത്. ദൈവത്തെയും നിത്യതയെയും തെളിവുകൊണ്ട് അടയാളപ്പെടുത്താൻ ആവില്ല. ഇങ്ങനെയാണ് ഇതിനെ യതി കാണുന്നത് . സാമാന്യബുദ്ധി വെച്ച് നോക്കുമ്പോൾ അംഗീകരിക്കാൻ കഴിയാത്ത ഒരു നിഗമനത്തെ സ്വീകരിക്കുമ്പോൾ അത് വിശ്വാസമായി തീരുന്നു.

എല്ലാ മതങ്ങളും ദൈവത്തെ സ്ഥാപിക്കാൻ ശ്രമിക്കുന്നു. വിശ്വസൃഷ്ടിയുടെ സ്ഥാപകനായി ദൈവത്തെ കാണുന്നു. ഇതിന് ഒരു അവിശ്വാസിയുടെ മറുചോദ്യം ഒരുപക്ഷേ ഇങ്ങനെയാവാം. ഈ പ്രപഞ്ചത്തിന് തന്നെ ആദികാരണമായി കൂടെ? ചോദ്യങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടു കൊണ്ടിരിക്കും – ഉല്പത്തി പുസ്തകം തുടങ്ങി പല കഥകളും! ഭാരതീയരുടെ ഉപനിഷത്ത് മതം ഈ വിവാദത്തിൽ പങ്കാളികൾ അല്ല. വിശ്വ സംവിധാനത്തിൽ ദൈവം എന്ന കൽപ്പന വേണ്ട എന്ന് തോന്നിയിട്ടുണ്ടാവാം!

ഓരോ മതങ്ങൾക്കും അവരുടെ ചട്ടക്കൂടുകൾ ഉണ്ട്. ഓരോ കായിക വിനോദങ്ങൾക്കും ഓരോ നിയമങ്ങൾ ഉള്ളത് പോലെ മതങ്ങൾക്കും നിയമസംഹിതകൾ ഉണ്ട്. യഹോവയാണ് യഹൂദരുടെ ദൈവം. ക്രിസ്ത്യാനിയാവട്ടെ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ഏകദൈവത്തെ ത്രിത്വത്തിൽ കാണുന്നു. ദേശീയതയാണ് ഇസ്രായേലുകളുടെ പരിധി എങ്കിൽ വിശ്വ മാനവികതയാണ് ക്രിസ്ത്യാനിറ്റിയുടെ വിശ്വാസം. അദ്വൈത ഖണ്ഡത്വമാണ് ഇസ്ലാം വിശ്വാസം. ഇവർക്ക് ഇടനിലക്കാരില്ലാതെ ആർക്കും ദൈവവുമായി നേരിട്ട് സംവദിക്കാം. ഹിന്ദുക്കൾ ഒരേസമയം തന്നെ അദ്വൈതമെന്നും ദൈത്വമെന്നും നാനാത്വമെന്നും പറയും. അവനെ ഭരിക്കുന്നത് വസ്തുക്കളല്ല. വസ്തുതകൾ ഇല്ലാതെ ഇരിക്കുന്ന അറിവാണ് അവരെ ഭരിക്കുന്നത്. ബുദ്ധൻ ഒരു മതപ്രവാചകൻ ആവാൻ ആഗ്രഹിച്ചില്ല എന്നാൽ ശിക്ഷഗണം ഒരു ‘ധർമ്മപദം’ ഉണ്ടാക്കി അവനെ പ്രതീക്ഷ്ഠിച്ചു. വിശ്വാസികൾ ഉള്ളിടത്ത് അവിശ്വാസികളും ഉണ്ടാവും. യഹൂദർ തോറയെയും ക്രിസ്ത്യാനി സുവിശേഷത്തെയും മുസ്ലിമുകൾ ഖുറാനെയും ആദരിക്കുന്നത് പോലെ ഹൈന്ദവവർ ഗീതയെ പ്രമാണഗ്രന്ഥമായി കാണുന്നില്ല. ആര്യസമാജക്കാർക്ക് ഗീത ഒരു പ്രമാണ ഗ്രന്ഥവും അല്ല!. വേദങ്ങളാണ് അവരെ നയിക്കുന്നത്. കൃഷ്ണനും രാമനും അവർക്ക് കേവലം ഭക്തന്മാർ മാത്രം.

ദൈനംദിന ജീവിതത്തിൽ നമ്മളെ നയിക്കുന്നത് സാമാന്യ ബുദ്ധിയാണ്. ജീവിത പരിചയം കൂടുംതോറും എല്ലാം അഭിമുഖീകരിക്കാനുള്ള ഒരു ആന്തരിക പ്രേരണ അവൻ്റെ സാമാന്യ ബുദ്ധിയിൽ ഉടലെടുക്കുന്നു. സാധാരണ മനുഷ്യൻെറ സാമാന്യ ബുദ്ധിയെ മാനിക്കുമ്പോഴാണ് മതം മനുഷ്യർക്ക് സ്വീകാര്യമാകുക. ധൈഷണികതയല്ല അവിടെ പ്രവർത്തിക്കുന്നത്. ദൈവം അറിയുന്നു എന്ന് തോന്നലാണ് അവനെ മുന്നോട്ട് നയിക്കുന്നത്.

വർത്തമാനകാലം ജനകീയ യുഗമാണ് മുൻകാലങ്ങളിലേതു പോലെ രാജവാഴ്ചയില്ല. കാൽമുട്ട് വണങ്ങുന്നതും പാദവന്ദനം ചെയ്യുന്നതും ഭൂരിഭാഗത്തിന് ഇന്ന് സ്വീകാര്യമല്ല. രാജാക്കന്മാർ ഉപേക്ഷിച്ച സ്ഥാനമാനങ്ങളും ആരാധനാ സമ്പ്രദായങ്ങളും ഇന്ന് ഏറ്റവും വാങ്ങുന്നത് മതത്തിന്റെ ചെങ്കോൽ പിടിക്കുന്നവരാണ്. ബാഹ്യമായ ആഡംബരങ്ങൾ മതങ്ങൾ ചെയ്താൽ അതൊരിക്കലും തെറ്റാവുന്നില്ല! ഭക്തിയുടെ ബാഹ്യ പ്രതീകം വലുതാകും തോറും അകത്ത് ഡംമ്പും പുറത്തു വൈരാഗ്യവും അസൂയയും തിളച്ചു പൊങ്ങുന്നു. കെട്ടുകാഴ്ചകൾ മത അടയാളങ്ങളായി മാറുന്നു. പണമുണ്ട് അതുകൊണ്ട് അങ്ങനെ ചെയ്യുന്നു ലളിതമായ ഉത്തരം ഇതുമാത്രം.

ഓരോ മതവും തനിമ നിലനിർത്താൻ ആഗ്രഹിക്കുന്നു. പ്രാർത്ഥന, പൂജ, ആരാധന, പ്രാർത്ഥനാലയങ്ങൾക്ക് നൽകുന്ന വാസ്തുവിദ്യ, ഓരോ വ്യക്തികളിലും ചാർത്തി കൊടുക്കുന്ന മതമുദ്രകൾ തുടങ്ങി ഇവയെല്ലാം വിശ്വാസികളുടെ നാമത്തിൽ വരെ ഈ വൈചിത്രം കാണാം. പാരമ്പര്യമായി ആർജ്ജിച്ച സംസ്കാരം, മൗലിക അടിസ്ഥാന സിദ്ധാന്തങ്ങൾ, നൈതികമായ മാനം, സാമൂഹികതയുടെ മാനം, മാറിമാറിവരുന്ന അനുഭവത്തിന്റെ മാനം തുടങ്ങി ഓരോ കാര്യത്തിലും വിഭിന്നതയുണ്ട്. എന്നാൽ സാമൂഹ്യ വ്യവഹാരത്തിൽ ഈ വ്യതിയാനം കാണാൻ കഴിയില്ല.

മതത്തിന്റെ ഭിന്നതകൾ കൊണ്ട് ഭാഷ ചിതറി പോകുന്നില്ല ആഹാര വിഹാര നിദ്ര മൈഥുന കാര്യങ്ങളിൽ മതങ്ങൾ തമ്മിൽ യാതൊരു ഭിന്നതയും ഇല്ല. യുക്തി ബോധം കൊണ്ട് മതങ്ങൾക്ക് ഒരു ഐക്യത ഉണ്ടാവേണ്ടതല്ലേ? അതൊരിക്കലും സംഭവിക്കുന്നില്ല മറിച്ചാണ് ഉണ്ടാവുന്നത്. ബോധത്തിൽ വരുന്ന ആശയമാണ് അറിവ്. മതത്തിലും ശാസ്ത്ര നിയമങ്ങൾ കൊണ്ട് ഏകത്വബോധം ഉണ്ടാവണം. എല്ലാ മതവിശ്വാസികളും ശ്വസിക്കുന്നത് ഒരേ പ്രാണവായുവാണ്. പ്രകൃതി വിഭവങ്ങൾ ഒരുമിച്ചാണ് പങ്കിടുന്നത്. ഇക്കാര്യത്തിൽ വിശ്വാസിയും അവിശ്വാസിയും തുല്യരാണ്.

മതകാര്യങ്ങളിൽ ഉള്ളതുപോലെ തന്നെ ഓരോരുത്തരിലും രാഷ്ട്രീയ പ്രതിബദ്ധതയും ഉണ്ട്. ഇതുപോലെ തന്നെ ഭാഷയുടെ കാര്യത്തിലും പ്രതിബദ്ധത കാണാം. എല്ലാം ഓരോ വിശ്വാസങ്ങളും ഓരോ ആചാരങ്ങളും.
ഭൂതാവലോകനവും വർത്തമാന നിരീക്ഷണവും ഭവിഷ്യത്ത് പര്യാലോചനയും ഒരേസമയത്ത് മതത്തിൽ സംഭവിക്കുന്നു. നാളെ ഇനി എന്തായിത്തീരും എന്ന വിചാരം എന്നിവ എല്ലാ വിശ്വാസികളെയും അമ്പരപ്പിക്കുന്നുണ്ട്. ദൈവാനുഗ്രഹം ഹൃദയത്തിലൂടെ വരുന്നതാണ്. നാം ദൈവങ്ങളെയല്ല വിളിക്കേണ്ടത് ദൈവത്തെയാണ്. ആയിരത്തിന്റെ ആരവത്തോടു കൂടിയല്ല വിളിക്കേണ്ടത് ദൈവത്തിന്റെ ഏകാന്തതയിലാണ്. അതുകൊണ്ട് എല്ലാത്തരത്തിലുള്ള ഭേദങ്ങളും നമുക്ക് ഉപേക്ഷിക്കാം. ഓരോ ഹൃദയത്തിലും വരുന്ന ദൈവം അവന്റെ സൃഷ്ടിയെ സൗമ്യമായി കരുണയോടെ വീക്ഷിക്കുന്നു.

ഗുരു നിത്യ ചൈതന്യ യതി എഴുതിയ വിശ്വാസത്തിന്റെ വിശ്വാസ്യത പുതിയ ഉൾക്കാഴ്ചകൾ പകർന്നു തരുന്നു. മതം, വിശ്വാസം, ആചാരങ്ങൾ, തുടങ്ങി വിഭിന്നതയിൽ ജീവിക്കുമ്പോഴും ഏകദൈവ വിശ്വാസത്തെ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നടത്താൻ പ്രേരിപ്പിക്കുന്നു. മനുഷ്യനെ നല്ലൊരു ജീവിതരീതി സ്വപ്നം കാണാനും ഉൾകാഴ്ച നൽകുവാനും ഈ പുസ്തകം നമ്മെ സഹായിക്കുന്നു

ജോസ് മഞ്ഞില, കൊച്ചി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments