Sunday, May 19, 2024
HomeUS Newsനക്ഷത്രക്കൂടാരം - (ബാലപംക്തി - 18) - കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

നക്ഷത്രക്കൂടാരം – (ബാലപംക്തി – 18) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

കടമക്കുടി മാഷ്

സ്നേഹമുള്ള കൊച്ചു കൂട്ടുകാരേ,

പതിവുപോലെ മാഷ് എഴുതിയ ഒരു കുഞ്ഞുകവിത പാടാം .

ദോശ
########

ശാ…. ശീ കേട്ടതു രണ്ടൊച്ചകൾ
ശോ ….ശാേ … കണ്ടതു നൂറോട്ടകൾ !
ആളുടെ രൂപമോ പൂങ്കിണ്ണം,
ആയിരം കണ്ണുള്ള പൂങ്കിണ്ണം.
അമ്മ പൂങ്കിണ്ണങ്ങളോരോന്നാ
യ്
ചെമ്മേയടുക്കി വച്ചീടുന്നു.
നല്ല മണമെങ്ങും പൊന്തുന്നു
വെള്ളവും നാക്കത്തു പൊട്ടുന്നു.
തേങ്ങ,മുളകുമരച്ചോണ്ട്
നങ്ങേലി ചമ്മന്തി യുണ്ടാക്കും.
എണ്ണയിൽ കടുകു വറുത്തിട്ട്
നങ്ങേലെ ചമ്മന്തി നന്നാക്കും.
അമ്മേടെ പിന്നില് കൊതിയാേടെ
അപ്പുവും കുഞ്ഞോളും നിൽപ്പായി.
ചുണ്ടും മുഖവും നക്കിയിട്ട്
കണ്ടനും താഴത്തിരിപ്പുണ്ട്.
ഇക്കാെതിതീരാനിനിയെത്ര
ശാ….ശീ… ഒച്ചകൾ കേൾക്കേണം!
വായില് കപ്പലോടാനെത്തും
വെള്ളവുമെത്ര വിഴുങ്ങേണം!
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കൊതി കൊണ്ടു നില്ക്കുന്ന അപ്പുവിനെയും കുഞ്ഞാേളേയും വിളിച്ച് നമുക്ക് ഓരാേ ദോശയും കൂടെയങ്ങു കൊടുത്താലോ ? അല്ലെങ്കിൽ വേണ്ട നമുക്കൊരു കഥകേൾക്കാം.
🎃🎃🎃🎃🎃🎃🎃🎃🎃🎃🎃

മലപ്പുറം വളാഞ്ചേരിയടുത്ത് വലിയകുന്നുകാരിയായ കുറുപ്പന്മാരിൽ വീട്ടിൽ രജനി പി.പി എന്ന കഥാകാരിയാണ് പുതിയൊരു കഥയുമായി എത്തുന്നത്.☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

കിന്നരിപ്പുഴയുടെ കൂട്ടുകാർ

കിന്നരിപ്പുഴയുടെ തീരത്തുള്ള മരത്തിന്റെ പൊത്തിലാണ് നീലുപ്പൊന്മാൻ താമസിച്ചിരുന്നത് നീലുവിന് ഒരിക്കൽ ഒരു മോഹമുണ്ടായി. മിനുത്ത നീലത്തൂവലുള്ള തന്റെ കഴുത്തിൽ ഇടാൻ നല്ലൊരു കുന്നിക്കുരുമണിമാല വേണം ആരോട് പറയും? അവൾ തന്റെ ആഗ്രഹം ഏറ്റവും അടുത്ത കൂട്ടുകാരിയായ പങ്കുത്തത്തയോട് പറഞ്ഞു. നിന്റെ കഴുത്തിലെതു പോലെ ചുവന്ന പട്ടുനിറം ഒന്നും എനിക്ക് കിട്ടിയിട്ടില്ല എന്നാൽ ഇങ്ങനെയെങ്കിലും എന്റെ ആഗ്രഹം നടക്കണം.

തന്നെക്കൊണ്ട് ആവുംവിധം ശ്രമിക്കാം. എന്നവൾ ഏറ്റു. എന്നാൽ കുന്നിക്കുരു പോയിട്ട് ഒരു കല്ലുമാല പോലുമുണ്ടാക്കാൻ അവൾക്കു കഴിഞ്ഞില്ല. ആകെ വിഷമത്തിലായ പങ്കു കൂട്ടുകാരിയെ കാണാൻ പോകാതായി. നീലു അവളെ എന്നും കാത്തിരിക്കും.

ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം പങ്കു ഒരു കാഴ്ച കണ്ടു. തന്റെ കൂടിനുതാഴെ നല്ല ഭംഗിയുള്ള കുന്നിക്കുരുമണിമാല കിടക്കുന്നു. അവളത് കൊക്കിലൊതുക്കി സന്തോഷത്തോടെ നീലുവിനടുത്തേക്ക് ചെന്നു. നീലുവിന്റെ കഴുത്തിൽ ആ മനോഹരമാല അഴകോടെ കിടന്നു.

അവൾക്കു സന്തോഷമായി. എന്നാലും അത്രയും ഭംഗിയിൽ ആ മാല കോർത്തതാരാവും? രണ്ടുപേരും ചിന്തിച്ചു. അപ്പോഴാണ് ആ വഴി ചിന്നുക്കാക്ക വന്നത്.. രണ്ടുപേരും അവളെ ശ്രദ്ധിക്കാതെ താഴേക്ക് നോക്കിയിരുന്നു. വൃത്തികേടുകൾ കൊത്തിത്തിന്നുന്ന അവളെ അവർക്ക് വെറുപ്പായിരുന്നു. എന്നാൽ കാട്ടുസഭയിലെ എല്ലാവർക്കും അവളെയും കുടുംബത്തെയും വലിയ കാര്യവുമായിരുന്നു. കാരണം കാടുവൃത്തിയാക്കാൻ അവർ നന്നായി സഹായിക്കുന്നുണ്ടത്രേ.ആയതിനാൽ രണ്ടുപേരും അവളോട് ചിലപ്പോഴൊക്കെ പരിചയം കാണിക്കും.

ചിന്നുക്കാക്ക ഒത്തിരി സന്തോഷത്തോടെ അവർക്ക് അരികിലേക്ക് വന്നു . എന്നാൽ വലിയ ഇഷ്ടമൊന്നും കാണിക്കാതെ അവർ അവളെ നോക്കിയിരുന്നു.

“നീലുവിന്റെ മാലയ്ക്ക് നല്ല ഭംഗിയുണ്ടല്ലോ “ എന്ന ചിന്നുവിന്റെ പ്രശംസകേട്ട് നീലു ചെറുതായി ഒന്ന് ചിരിക്കുകമാത്രം ചെയ്തു.

എന്നിട്ട് ഗമയിൽ പറഞ്ഞു.
എന്റെ കൂട്ടുകാരി തന്നതാ ..ഇങ്ങനെയുള്ള സുന്ദരി കൂട്ടുകാർ നിനക്കില്ലല്ലോ അതാ നിനക്ക് ഒരു സമ്മാനവും കിട്ടാത്തത്.. കറുത്ത നിന്റെ ദേഹത്തോട് അതൊട്ടും ചേരില്ലല്ലോ.

രണ്ടുപേരും കുലുങ്ങിച്ചിരിച്ചു.പാവം ചിന്നുക്കാക്ക ഒന്നും മിണ്ടാതെ പറന്നുപോയി.. നീലുവും പങ്കുവും കുറെനേരം വർത്തമാനങ്ങൾ പറഞ്ഞശേഷം കാടുചുറ്റാൻ പോയി. അത്തിമരത്തിനടുത്തുള്ള കാട്ടുചോലയിൽ മുങ്ങിനിവരുമ്പോഴാണ് രണ്ടുപേരും ആ കാഴ്ച കണ്ടത്. അത്തിമരത്തിൽ പടർ ന്നു കിടക്കുന്ന കുന്നിക്കുരുമണിയൊക്കെ പെറുക്കി കൊക്കിലാക്കുകയാണ്ചിന്നു..അവർ അവൾ അറിയാതെ പിന്തുടർന്നു . പുറത്തെ ഗ്രാമത്തിലെ മുത്തിയമ്മയുടെ വീടിനടുത്തേക്കാണ് ചിന്നു പറന്നുചെന്നത് .

മുത്തശ്ശി അവളെ കാത്തിരിക്കുന്നു. ചിന്നു കൊക്കിലെ കുന്നിക്കുരു മുഴുവൻ അവരുടെ കയ്യിലേക്ക് ഇട്ടു. ചിന്നുപോകാൻ നേരം മുത്തശ്ശി അവൾക്കൊരപ്പം കൊടുത്തു. മുത്തശ്ശിയുടെ മുറ്റത്ത് നിറയെ കുന്നിക്കുരുമണി മാലകളും പല നിറത്തിലുള്ള തൂവലുകളും കല്ലുകളും കൊണ്ടുള്ള മാലകൾ തൂങ്ങിക്കിടക്കുന്നു. പങ്കുവിന് പെട്ടെന്ന് കാര്യം മനസ്സിലായി താനും നീലുവും പറഞ്ഞ കാര്യം കേട്ടിട്ടായിരിക്കണം ചിന്നു ആ മാല കൂടിനു താഴെ കൊണ്ടുവന്നിട്ടത്.
അവൾ നീലുവിനോട് ഇക്കാര്യം പറഞ്ഞു ..രണ്ടുപേരും ചിന്നുവിനോട് മാപ്പ് പറയുകയും മാല കൊണ്ടുവന്നു തന്നതിന് നന്ദി പറയുകയും ചെയ്തു. പിന്നീട് അവരെ എല്ലാവരും എവിടെയും ഒരുമിച്ചേ കാണാറുള്ളൂ…

അത്യാവശ്യ ഘട്ടങ്ങളിൽ നമ്മളെ സഹായിക്കുന്നവരാണ് യഥാർത്ഥ കൂട്ടുകാർ .

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
കഥ രസകരമല്ലേ നീലുവും പിങ്കുവും ചിന്നുവും നല്ല കൂട്ടുകാരായി മാറി.

🧩🧩🧩🧩🧩🧩🧩🧩🧩🧩🧩

കഥയ്ക്കു ശേഷം കുട്ടിക്കവിതകളാവാം. മലപ്പുറംകാരി കവയിത്രിയാണ് കുഞ്ഞിക്കവിതകൾ പാടി വരുന്നത്.

കോഡൂർ വാരിയത്ത് കൃഷ്ണൻകുട്ടി വാരിയരുടെയും ജയലക്ഷ്മീ ദേവി വാരസ്യാരുടെയും മകളാണ് ജയശ്രീ വാര്യർ .

കേരളാ പോലീസ് സർവീസിലുള്ള ജയേഷ് വാര്യരാണ് ഭർത്താവ്.

വ്യത്യസ്ത വിഷയങ്ങളിലെ ഉപരിപഠനത്തിനു ശേഷം കർമ്മരംഗത്ത് പ്രവേശിച്ചു. കുട്ടികൾക്കും, കുടുംബങ്ങൾക്കുമുള്ള പ്രബോധനാദി കാര്യങ്ങൾ ചെയ്യുന്നു. പാഠകം, പ്രഭാഷണം തുടങ്ങിയ ക്ഷേത്രോപാസനകളും ജ്യോതിഷവിഷയങ്ങളും ഉപാസനയോടെ ചെയ്തു വരുന്നു. കവിത,കഥ,നിരൂപണം തുടങ്ങിയുള്ള സാഹിത്യ ശാഖകൾ ഏറെ ഇഷ്ടമാണ്. നവമാധ്യമങ്ങളിൽ എഴുതുന്നു.

ജയശ്രീ വാര്യ രെഴുതിയ രണ്ടു കുഞ്ഞു കവിതകളാണ് താഴെ കൊടുത്തിരിക്കുന്നത്.

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

മഞ്ചാടി

അന്തിച്ചോപ്പിലെ നിറമാണേ
ചന്തം ചാർത്തിയ തനുവാണേ.
ചിന്തയ്ക്കുള്ളിലെ രസമായി
ട്ടെന്താണെന്നതു പറയേണം!

പഞ്ചാരച്ചിരി വിരിയിക്കാൻ
സഞ്ചിക്കുള്ളിലെ മണിമുത്തിൻ
മഞ്ചാടിക്കഥ പറയുമ്പോൾ,
കൊഞ്ചാതെത്തുകയരികത്തായ് .

മിഠായി

കയ്യിൽ നല്ലൊരു മിഠായി
“o”യെന്നെഴുതാൻ മിഠായി.
പയ്യെപ്പയ്യെത്തിന്നീടാൻ വായിൽ
നല്ലൊരു മിഠായി.
മിഠായിക്കൊരു ഠാ യുണ്ടേ
കഠോരമല്ലാ വൃത്തത്തിൽ.
ട ഠ ഡ ഢ ണയെഴുതാം
പാഠത്തിൽ ഠ യുണ്ടല്ലോ.

മഞ്ചാടിയും മിഠായിയും
കുഞ്ഞുങ്ങളുടെ സന്തോഷങ്ങളാണ്.
കവിതയിലായപ്പോൾ കൂടുതൽ
സന്തോഷമായി. അതു പാടുമ്പോൾ
പിന്നെ എന്താ പറയുക !
ശർക്കരപ്പന്തലിൽ തേൻമഴ പോലെ.
അല്ലേ ?

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഇനിയൊരു കഥ പറയാനായി ആലപ്പുഴക്കാരിയായ വിജയാ ശാന്തൻ കോമളപുരം എത്തിയിട്ടുണ്ട്

കഥ, നോവൽ, ബാലസാഹിത്യം എന്നീ മേഖലകളിൽ ധാരാളം രചനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള വ്യക്തിയാണ്.
സാംസ്കാരിക രംഗത്തും സാമൂഹ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു. സനാതന പാഠശാലയുടെ പ്രവർത്തകയുമാണ്.

ആലപ്പുഴ ജില്ലയിൽ ചേന്നംകരിയിൽ കെ.ഗോപാലന്റെയും
വി.കെ.സുഭദ്രയുടെയും മകളായി
ജനിച്ച
വിജയാ ശാന്തൻ
ഭർത്താവ്. ടി.പി. ശാന്തപ്പൻ.
മക്കളായ വിശാന്ത്, വിനീത്, വിഭാത് എന്നിവരോടൊപ്പം സൗത്ത് ആര്യാട് താമസിക്കുന്നു.

ബിരുദധാരിണിയാണ്. എഴുത്തിന്റെ വഴിയിൽ ഏതാനും പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്.

പ്രസിദ്ധീകരിച്ച കൃതികൾ :
അമ്മപ്പക്ഷി [കഥകൾ, ബാലസാഹിത്യം ]. വീരുവും കൂട്ടുകാരും . [കഥകൾ, ബാലസാഹിത്യം ]
ഗണപതി [നോവൽ, ബാലസാഹിത്യം ]
ഭദ്ര [നോവൽ ]
കറുത്ത മണ്ണ് [ കഥാ സമാഹാരം ]

ഇനി നമുക്ക് ശ്രീമതി വിജയാശാന്തന്റെ കഥ കേട്ടാലോ ?
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

വാസസ്ഥലം
******************

ഇന്ന് ജൂൺ ഒന്ന്. പള്ളിക്കൂടം തുറക്കുന്ന ദിനം.
കുറുമൻ സൂര്യകിരണങ്ങളോടൊപ്പമെഴുന്നേറ്റു . പ്രാഥമികകർമ്മങ്ങളും കുളിയുമൊക്കെ കഴിഞ്ഞു , അടുക്കളയിലെത്തി.
അടുപ്പിൽ കായ്കനികൾ വേവുന്ന മണം മൂക്കിലേക്ക് അരിച്ചു കയറി. അവൻ മൂക്കിലേക്ക് ആഗന്ധം പിടിച്ചെടുക്കുന്നതു കണ്ട അവന്റെ അമ്മ, അവനെ അരികിൽ പിടിച്ചിരുത്തി. “ശെന്റെ പിള്ളക്ക് യിപ്പതെരാം … ”
കുറുമൻ അമ്മയുടെ ചാരത്തിരുന്നു.എന്നിട്ട് ചുറ്റും ഒന്നു നോക്കി.
“ഹനഹത്തി ഹെ തെയരാണോ ?

അവൻ തല കുലുക്കി.
” തൂങ്കുവാ ”
അമ്മ എഴുന്നേറ്റു അടുപ്പത്തിരുന്ന കലം ഇറക്കി വച്ചു വാർത്തു. രണ്ടു മിനിറ്റോളം കാത്തിരുന്നിട്ട് നിവർത്തി .അതിൽ നിന്നും നെയ്യ് പോലെ മൃദുലമായ കാട്ടു കിഴങ്ങുകൾ ഒരു മൺപാത്രത്തിലാക്കി അവന്റെ മുമ്പിൽ വച്ചു. മരം കൊണ്ടു നിർമ്മിച്ച ഒരു ഗ്ലാസ്സിൽ ചൂടുള്ള കാപ്പിയും കൊടുത്തു. അവനൂതിയൂതി കിഴങ്ങും കാപ്പിയും അകത്താക്കി എഴുന്നേറ്റു
കൂട്ടുകാരെയൊക്കെ കണാൻ കൊതിയായി. അവൻ വളരെ സന്തോഷത്തോടെ പുസ്തക സഞ്ചി തോളിലിട്ടു. അമ്മയോട്‌ യാത്ര പറഞ്ഞു, ഒറ്റയടിപ്പാതയിലൂടെ മൂളിപ്പാട്ടും പാടി നടന്നു.
കുറച്ചു നടന്നു കഴിഞ്ഞപ്പോൾ അവനു തോന്നി. ഇങ്ങനെ പോയാൽ ഒരു മണിക്കൂറെങ്കിലും നടക്കണം. അവനൊരു എളുപ്പ വഴിയറിയാം. കാടിന്റെ കൊച്ചു മകനായ താനെന്തിന് പേടിക്കണം? എല്ലാവരും എന്റെ ബന്ധുക്കളല്ലേ ? ഈ വൻമരങ്ങളും പുൽക്കൊടികളും കാട്ടുവള്ളികളും പിന്നെ ആന,പുലി,കുറുക്കൻ, കുരങ്ങ്,മാൻ,പോത്ത്, കഴുകൻ,പട്ടി ………..
പിന്നെ എത്രതരം പക്ഷികളാ..എല്ലാവരേയും എനിക്ക് ഇഷ്ടാ. എല്ലാവരോടു സ്നേഹം മാത്രം. പണ്ടൊരിക്കൽ എന്റെ അപ്പചെളിക്കുണ്ടിൽ പുതഞ്ഞപ്പോൾ ഒരാന മുളപറിച്ചിട്ടു കൊടുത്ത കഥ കേട്ടിട്ടുണ്ട്.
ചില മൃഗങ്ങളെക്കാണുമ്പോൾ പേടിതോന്നും. അപ്പോൾ മലദൈവങ്ങളെ വിളിച്ചു പ്രാർത്ഥിക്കും. അപ്പോ പേടിയൊക്കെ പോകും. നല്ല ധൈര്യം കിട്ടും.
അവൻ കണ്ണുകൾ പൂട്ടിനിന്നു. മലദൈവങ്ങളെ അകക്കണ്ണിൽ കാണുന്നതുപോലെ ഒരു മിനിറ്റ് പ്രാർത്ഥിച്ചു. എന്നിട്ട് ഒരു കാട്ടുവള്ളിയിൽപ്പിടിച്ച്, പയ്യെ ആടി. ഓരോ വള്ളിയും പിടിച്ചാടി അന്തരീക്ഷത്തിലൂടെ അവൻ യാത്ര തുടർന്നു. പെട്ടെന്ന് വള്ളിയൊന്നും കിട്ടാതെവന്നു. അവൻ വള്ളിക്കായി ചുറ്റും പരതി. അപ്പോളവൻ കണ്ടത് , കുറെ മരമുത്തശ്ശിമാരുടെ ചുവടുകൾ മാത്രം. അവൻ ആ ചുവടുകൾക്ക് സമീപമെത്തി. ആ കാഴ്ച , അവനെ വല്ലാതെ വേദനിപ്പിച്ചു. അവനെക്കണ്ട് ആ മരച്ചുവടുകൾ തേങ്ങുന്നതായി തോന്നി. അവന്റെ മിഴികളും നിറഞ്ഞു തുളുമ്പി. ഓരോരുത്തരേയും അവൻ സങ്കടത്തോടെ തടവി.

” ഠേ, ഠേ, ഠേ,”
അവൻ ഞെട്ടിത്തിരിഞ്ഞു നോക്കി. വെടിശബ്ദമല്ലേ കേട്ടത്? അവൻ ആ ഭാഗം ലക്ഷ്യമാക്കി നടന്നു.
അവിടെക്കണ്ട കാഴ്ച അവനെ കൂടുതൽ ദു:ഖിപ്പിച്ചു.
ഒരു സംഘമാളുകളെത്തിയിട്ടുണ്ട്. കാടിന്റെ അഴകായ ആനകളെ വേട്ടയാടാൻ. ആനക്കൂട്ടം എങ്ങോട്ടോ ഓടിപ്പോയിരിക്കുന്നു. നേതാവായ കൊമ്പൻ മാത്രം തുമ്പിക്കൈ ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. ആരോ കൊമ്പന്റെ നേർക്ക് വെടിവയ്ക്കുന്ന കഠാേര ശബ്ദം അവന് സഹിക്കാവുന്നതിനപ്പുറമായിരുന്നു. അവൻ നോക്കി നിൽക്കേ ആ കൊമ്പൻ നിലത്തു ചരിഞ്ഞുവീണു.
അവന് പൊട്ടിക്കരയണമെന്നു തോന്നി. പരിഷ്ക്കാരികൾ കാട്ടിൽ വന്ന് കാടിന്റെ മക്കളുടെ വാസസ്ഥലം നശിപ്പിക്കുക മാത്രമല്ല, അവരുടെ ജീവനു തന്നെ ഭീഷണിയുമായിരിക്കുന്നു. എതിർക്കാൻ വന്ന കൊമ്പനെ വെടിവച്ചു കൊന്നിരിക്കുന്നു. ഇല്ല.. ഇതിങ്ങനെ വിട്ടാൽ പറ്റില്ല. അവന്റെ കുഞ്ഞുമനസ്സ് അവസരത്തിനൊത്തുയർന്നു. അവൻ തിരിച്ചു നടന്നു. എന്തൊക്കെയോ ശബ്ദമുണ്ടാക്കി. ആ ശബ്ദം കാടിന്റെ ഭാഷയാണ്.
ധാരാളം പക്ഷികളും മൃഗങ്ങളും ഓടിയെത്തി. അവൻ കാണിച്ച ദിശയിലേക്ക് എല്ലാവരും ഓടി . അവനും പിന്നാലെയെത്തി.
പക്ഷിമൃഗാദികൾ ഒറ്റക്കെട്ടായിച്ചേർന്ന് എല്ലാവരേയും ഓടിച്ചു കളഞ്ഞു. പക്ഷെ, കൊമ്പൻ വീണു കിടക്കുകയാണ്. സമീപത്തായി കുരങ്ങന്മാർ രണ്ടു പേരെ തടഞ്ഞുവച്ചിരിക്കുന്നു.അവർ പേടിച്ചു വിറയ്ക്കുന്നു.

അവൻ അവരുടെ അടുത്തെത്തി. വിറയ്ക്കുന്ന കൈകളോടെ അവർ ഒരു കുറിപ്പ് ഏല്പിച്ചിട്ടു പറഞ്ഞു:
“കൊമ്പന് ഒന്നും സംഭവിച്ചിട്ടില്ല, വച്ചത് മയക്കു വെടിയാണ്. മൂന്നു മണിക്കൂർ കഴിയുമ്പോൾ കൊമ്പനുണരും. ഈ മരുന്നു കൊടുത്താൽ വേഗം സുഖംപ്രാപിക്കും”.

“മരുന്നില്ലാതെയാണോ നിങ്ങൾ വന്നത് ?” അവന്റെ ചോദ്യത്തിനു മുമ്പിൽ അവർ നിശ്ശബ്ദരായി.
അവൻ തുടർന്നു:

ഈ കാട് ഞങ്ങളുടെ വീടാണ്. ആനകൾ ഇവിടുത്തെ കാവൽക്കാരും. നിങ്ങൾ എല്ലാ വർഷവും ജൂൺ അഞ്ച്
‘പരിസ്ഥിതിദിന ‘ മായി കൊട്ടിഘോഷിക്കാറുണ്ടല്ലോ? നോക്കൂ എത്ര മരങ്ങളാണ് അടിച്ചു മാറ്റിയത്. ഒരു മരമെങ്കിലും വളർത്താൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ? എല്ലാ വർഷവും എത്ര തൈകളാണ് ആഘോഷപൂർവ്വം നട്ടുനശിപ്പിക്കുന്നത് ? ഒപ്പം ജനങ്ങളുടെ പണം ധൂർത്തടിക്കുകയും ചെയ്യുന്നു. നാട്ടുമനുഷൃരായ നിങ്ങൾക്ക് ലജ്ജയില്ലേ ? നിങ്ങൾക്കും കൂടി വായുവും വെള്ളവുമൊക്കെ ദാനം നൽകുന്ന ഈ മുത്തശ്ശിമരങ്ങളെത്തന്നെ മുറിച്ചു കൊണ്ടുപോയില്ലേ? അതുകൊണ്ടല്ലേ ആനക്കൂട്ടം ഉപദ്രവിക്കാൻ വന്നത്? നിങ്ങൾ എന്തിനാ ഞങ്ങളുടെ വാസസ്ഥലം കൈയേറുന്നത് , എന്നല്ലേ അവർ ചോദിക്കുന്നുള്ളു ഇനിയെങ്കിലും നിങ്ങൾ മനുഷ്യരാകാൻ ശ്രമിക്കൂ .
മരുന്നിന്റെ കുറിപ്പടിയുമായി അവൻ വേഗം നടന്നു നീങ്ങി.

കാടിന്റെയും കാടിന്റെ മക്കളുടെയും കഥയും അവരെ ചൂഷണം ചെയ്യുന്ന പരിഷ്ക്കാരികളുടെയും കഥ ഇഷ്ടമായില്ലേ ?

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ഇപ്പോളിതാ…… കവിതയുമായി അധ്യാപകനായ ഒരു കവിയാണ് നിങ്ങളെത്തേടി വന്നിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ വാണിയംകുളം മനിശ്ശീരി കുഞ്ഞന്റെയും
ലീലയുടേയും മകനായി ജനിച്ച ശ്രീ. പ്രേമൻ മനിശ്ശീരി സാർ.

മനിശ്ശീരി എ.യു.പി സ്കൂൾ, കൂനത്തറ ഗവ.ഹൈസ്കൂൾ, എൻ.എസ്.എസ് കോളേജ് ഒറ്റപ്പാലം, ഗാന്ധി സേവാസദൻ ടിടിഐ പത്തിരിപ്പാല എന്നിവിടങ്ങളിലായിരുന്നു സാർ പഠിച്ചിരുന്നത്.

വിദ്യാഭ്യാസത്തിനു ശേഷം ആനക്കൽ ഗവ. ട്രൈബൽ വെൽഫെയർ ഹൈസ്കൂൾ, ബെമ്മണ്ണൂർ ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ പഴയ ലക്കിടി ഗവ. സീനിയർ ബേസിക് സ്കൂളിൽ പ്രൈമറി അധ്യാപകനായി സർവ്വീസിൽ തുടരുന്നു.

ഭാര്യ പ്രീജയോടും മക്കളായ അഭിമന്യു,അനിരുദ്ധ് എന്നിവരോടുമൊപ്പം
ഒറ്റപ്പാലത്തിനടുത്ത് മനിശ്ശീരിയിലാണ് ശ്രീ.പ്രേമൻ മനശ്ശീരി താമസിക്കുന്നത്. അദ്ദേഹത്തിന്റെ കവിത താഴെ കൊടുക്കുന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഉറുമ്പിന്റെ കല്യാണം

🐜🐜🐜🐜🐜🐜🐜🐜🐜🐜🐜

കുഞ്ഞിക്കാട്ടിലെ പൂന്തോപ്പിൽ
കല്യാണത്തിന് പോകേണം.
വരിവരിയായി വരുന്നുണ്ടേ
കുഞ്ഞനുറുമ്പുകൾ നൂറെണ്ണം.
ഉറുമ്പു പെണ്ണിൻ കല്യാണത്തിന്
ഉടനടി അവരവിടെത്തേണം. പാലം
വേഗം കടക്കേണം
തോടും പാടവും താണ്ടേണം.
ഉറുമ്പു പെണ്ണിൻ കല്യാണം
ഉത്സാഹത്തിൽ നടത്തേണം.

🐜🐜🐜🐜🐜🐜🐜🐜🐜🐜🐜

ഈ ആഴ്ചയിലെ വിഭവങ്ങൾ എങ്ങനെ? എല്ലാം രുചികരങ്ങളല്ലേ? വായിച്ചു രസിച്ചോളൂ.
ഇനി അടുത്ത വാരത്തിൽ പുതിയ എഴുത്തുകാരുടെ പുതിയ കഥകളും പുതിയ കവിതകളുമായി നമുക്ക് വീണ്ടും കാണാം.

സ്നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments