Wednesday, September 18, 2024
Homeപുസ്തകങ്ങൾമനസ്സിന്റെ തടവറ (കഥാസമാഹാരം) രചന: പ്രസീത കെ. മരുതി പുസ്തക ആസ്വാദനം: മേരി ജോസി...

മനസ്സിന്റെ തടവറ (കഥാസമാഹാരം) രചന: പ്രസീത കെ. മരുതി പുസ്തക ആസ്വാദനം: മേരി ജോസി മലയില്‍

മേരി ജോസി മലയില്‍

പ്രസാധകര്‍: സാഹിത്യ പബ്ലിക്കേഷന്‍സ്
9744117700 (വാട്‌സ് ആപ്), വില 120 രൂപ
email: sahithyapublications@gmail.com

സാഹിത്യ പബ്ലിക്കേഷന്‍സ് അയച്ചു തന്ന പ്രസീത കെ. മരുതിയുടെ ‘മനസ്സിന്റെ തടവറ’ എന്ന കഥാസമാഹാരം ശ്രദ്ധയില്‍പ്പെടാനിടയായി. അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ നിന്നിറങ്ങുന്ന ”മലയാളി മനസ്സ് ഓണ്‍ലൈന്‍” പത്രത്തിന്റെ നര്‍മ്മകഥ എഴുത്തുകാരിയായ എന്നെ തേടിയെത്തിയ ഈ പുസ്തകം സാവകാശം വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരാസ്വാദനം എഴുതിയാല്‍ ഉചിതമാകുമെന്ന് തോന്നി.

പതിനൊന്നു കഥകളാല്‍ സമ്പന്നവും ശക്തവുമാണ് ‘മനസ്സിന്റെ തടവറ’. ആദ്യ കഥയിലേക്കു മുഖവുരയില്ലാതെ പ്രവേശിക്കാം നമുക്ക്. പവിത്രന്‍ എങ്ങനെ നിശ്ശബ്ദനായി പോയി എന്നതിനെക്കുറിച്ചാണ് കഥാകാരി നമ്മോട് വിവരിക്കുന്നത്. നമുക്ക് എല്ലാവര്‍ക്കുമുണ്ട് ഓരോരോ കഥകള്‍. എഴുതപ്പെടാതെ അതു പലരുടെ മനസ്സിലും പതിഞ്ഞു കിടക്കുന്നു. അതുപോലെ തന്നെയാണ് പവിത്രനും. ലോറിക്ക് അടവയ്ക്കാന്‍ ഇറങ്ങിത്തിരിച്ച ഭ്രാന്തനാണ് പവിത്രനെന്നാണ് ലോറിക്കാരനും കിളിയും ആദ്യം വിചാരിച്ചത്. പിന്നീട് പവിത്രന്റ കഥ ചായക്കടക്കാരനില്‍ നിന്ന് കേട്ടറിഞ്ഞപ്പോള്‍ അനുവാചകര്‍ക്ക് അത് വലിയൊരു വേദന തന്നെ സമ്മാനിച്ചു. ലോറി മാത്രമല്ല, ആ ചായക്കട പോലും ഒരിക്കല്‍ പവിത്രന്റേത് ആയിരുന്നുവത്രെ. ഇവിടെ അധ്വാനിച്ച് രാജാവിനെ പോലെ ജീവിച്ച പവിത്രന് ഇവിടെത്തന്നെ മരിച്ചുവീഴാന്‍ ആണ് ഇഷ്ടം. അതില്‍ ആര്‍ക്കെങ്കിലും തെറ്റുപറയാന്‍ പറ്റുമോ?

അധികപ്പറ്റ് എന്ന കഥ വായിച്ചപ്പോള്‍ അയാള്‍ക്ക് അര്‍ഹിക്കുന്നതു തന്നെയാണ് കിട്ടിയതെന്ന ഒരു ഗൂഢ സന്തോഷമാണ് മനസ്സില്‍ ഉണ്ടായത്. പത്തു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ച മകനെ പൊന്നുപോലെ വളര്‍ത്തി വലുതാക്കി അവസാനം കാനഡയിലേക്ക് ജോലി തേടി പോകുമ്പോള്‍ ഭാര്യയുടെ ആഗ്രഹങ്ങള്‍ക്ക് മുമ്പില്‍ അടിയറവ് വച്ച നിങ്ങള്‍ക്ക് കിട്ടേണ്ടത് തന്നെയാണ് കിട്ടിയത്. കര്‍മം കൊണ്ടും കഴിവുകൊണ്ടും ആകാശത്ത് എത്തുമ്പോഴും വേരുകള്‍ വളര്‍ത്തിയവരുടെ കാല്‍പ്പാദങ്ങളില്‍ ആകണം. അല്ലെങ്കില്‍ ഇതല്ല ഇതിനപ്പുറവും നടക്കും. പാടത്ത് ജോലി വരമ്പത്ത് കൂലി എന്ന് കേട്ടിട്ടില്ലേ? കഥ നന്നായി ഇഷ്ടപ്പെട്ടു.

മൂന്നാമത്തെ കഥയാണ് റിച്ചാര്‍ഡ്‌സണ്‍-
ഈ കഥ വായിച്ചപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിവന്നത് ബുദ്ധി കുളം പോലെ വിവേകം ചകിരി പോലെ എന്ന പഴയ പ്രമാണമാണ്. വിവരവും വിദ്യാഭ്യാസവും ആവശ്യത്തിലധികമുള്ള എന്നാല്‍ വിവേകം തീരെയി ല്ലാത്ത പുതുതലമുറയിലെ ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ അവസ്ഥ കഥാകാരി കൃത്യമായി വരച്ചു കാണിച്ചിരിക്കുന്നു. ഹരിയുടെ സന്മനസ്സും ക്ഷമയും കൊണ്ടാകും കൂടുതല്‍ ദുരന്തങ്ങളിലേക്ക് പോകാതെ ആ കുടുംബജീവിതം സന്തുഷ്ടമായി നീങ്ങുന്നത്.

നാലാമത്തെ കഥയായ ആകാശക്കോട്ടയും നന്നായി. കാലികപ്രസക്തം. ഈ കഥയില്‍ എന്റെ മുന്നിലൂടെ കടന്നുപോയ വിവിധ ജീവിതമുഹൂര്‍ത്തങ്ങളില്‍ കണ്ടുമുട്ടിയിട്ടുള്ള പലരെയും കാണാന്‍ കഴിഞ്ഞു.

അഞ്ചാമത്തെ കഥയാണു തടവുജീവിതം-
ജീവന്റെ അവസാന തുടിപ്പ് പ്രണവിനായി മാറ്റിവച്ച നീതുവിന്റെ കഥ വായനക്കാരെ ശരിക്കും കരയിച്ചു. നല്ല പശ്ചാത്തല വിവരണവും അവതരണഭംഗിയും.

ഭാഗ്യം- അവിശ്വസനീയം എന്നു പറയാതെ വയ്യ. വായിക്കുമ്പോള്‍ അതിശയോക്തി അല്‍പം കൂടുതല്‍ അല്ലെ എന്ന് പലപ്പോഴും തോന്നിയിരുന്നു. ഇക്കാലത്ത് ഇങ്ങനെയും സൗഹൃദങ്ങള്‍ ഉണ്ടാകുമോ? പരസ്പരം ആരും അല്ലാത്തവര്‍ ആരൊക്കെയോ ആയി തീരുന്ന മനോഹരമായ സ്‌നേഹബന്ധമാണ് സൗഹൃദം. ഹൃദയത്തിലുള്ളവ വായിച്ചെടുത്ത് നമ്മളെ അത്ഭുതപ്പെടുത്തുന്ന ചിലരില്ലേ? അവരിലൊരാളാണ് അഭി…….അതാണ് യഥാര്‍ഥ സൗഹൃദവും.

ഏഴാം കഥായാണ് അച്ചാച്ചി-
ഒരു തെറ്റിദ്ധാരണ വരുത്തിവെച്ച വലിയൊരു ദുരന്തം സങ്കടക്കടല്‍ തന്നെ സമ്മാനിച്ചു.

പെണ്ണുടല്‍- പെണ്ണുടല്‍ വായിച്ച് തരിച്ചിരുന്നുപോയി. കഷ്ടം… ഇതുപോലെ എത്രയോ സംഭവങ്ങള്‍ നടക്കുമ്പോഴും സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കാന്‍ മദ്യപര്‍ക്ക് കൂടുതല്‍ ബാറുകള്‍ അനുവദിച്ചു കൊടുത്തുകൊണ്ടിരിക്കുകയല്ലേ ചെയ്യുന്നത്.

തലബാത്ത് –വിശക്കുന്നവന് അന്നം നല്‍കുന്നവന്‍ തന്നെയാണ് യഥാര്‍ഥ ദൈവം. രചനാ മികവ് വിളിച്ചോതുന്ന കഥ ഗംഭീരം. നല്ല അവതരണ ഭംഗി.

തല്ലുകഥ-
തല്ലുകഥ വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. ഒരാള്‍ ദിവസവും ഭാര്യയെ തല്ലും. അതിന്റെ കാരണമാണ് രസം. മുട്ട പൊരിച്ചു വച്ചാല്‍ ചോദിക്കും അത് പുഴുങ്ങിയാല്‍ പോരായിരുന്നോ എന്ന്. പുഴുങ്ങിയാല്‍ ചോദിക്കും പൊരിച്ചാല്‍ പോരായിരുന്നോ എന്ന്. ഒരു ദിവസം ഭാര്യ രണ്ടു മുട്ടയെടുത്ത് ഒരെണ്ണം പൊരിച്ചും മറ്റൊന്ന് പുഴുങ്ങിയും വച്ചു. ഇന്നത്തെ തല്ല് ഒഴിവാക്കാമല്ലോ എന്നു കരുതി ചെയ്തതാണ് ആ പാവം. പക്ഷേ അന്നും കൃത്യമായി തല്ലു കിട്ടി. എന്തിനാണെന്ന് അറിയാമോ? പുഴുങ്ങാന്‍ വച്ച മുട്ട എടുത്തു പൊരിച്ചു. പൊരിക്കാന്‍ വച്ച മുട്ട പുഴുങ്ങി. അതാണ് കാരണം. ഇതിനൊരു ഒറ്റമൂലിയുണ്ട്. ‘ജയജയഹോ’ എന്ന സിനിമ തീയേറ്ററില്‍ കൊണ്ടുപോയി ഇദ്ദേഹത്തെ ഒന്ന് കാണിക്കുക. പല ഭര്‍ത്താക്കന്മാരും ഈ സിനിമ ഇറങ്ങിക്കഴിഞ്ഞ് നല്ല മര്യാദക്കാരായി എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

ലവ്ട്രാപ്-
ഈ കഥയും നന്നായി. ലളിതവും മനോഹരവുമായ ആഖ്യാനശൈലി. കുവൈറ്റിലെ കടുത്ത ശിക്ഷാ നിയമങ്ങള്‍ സോണിയെ ഒരു പാഠം പഠിപ്പിക്കും എന്ന് തന്നെ നമുക്ക് ആശിക്കാം.

പ്രസീത കെ. മരുതിയുടെ പ്രവാസജീവിതത്തിലെ അനുഭവങ്ങള്‍ കൊച്ചുകൊച്ചു കഥകളിലൂടെ കോറിയിട്ടപ്പോള്‍ വായനക്കാര്‍ക്ക് അത് മികച്ച ഒരു വായനാനുഭവമായി മാറുന്നു. ഹൃദയത്തില്‍ തട്ടുന്ന കുഞ്ഞുകുഞ്ഞു കഥകള്‍. ലളിതസുന്ദര ഭാഷ്യം.

ഷബീര്‍ മാഞ്ചിയിലിന്റെ കവര്‍ രൂപകല്‍പന. പുസ്തകത്തിന്റെ കെട്ടും മട്ടുമൊക്കെ ഉന്നത നിലവാരം പുലര്‍ത്തുന്നു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് ഇത് പ്രസീദ്ധീകരിച്ചിരിക്കുന്നത്.
നവാഗതരായ എഴുത്തുകാരുടെ രചനകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്ന. എഴുത്തുകാരന്‍ സുദീപ് തെക്കേപ്പാട്ട് സാരഥിയായുള്ള സാഹിത്യ പബ്ലിക്കേഷന്‍സിന് 23 വര്‍ഷത്തെ സേവന പാരമ്പര്യമുണ്ട്. അച്ചടിപ്പിശകുകള്‍ ഒന്നുമില്ലാത്ത ഒരു പുസ്തകം. (സാഹിത്യ പബ്ലിക്കേഷന്‍സ്, വാട്‌സ്ആപ് 9744117700, email: sahithyapublications@gmail.com)

പ്രസീത കെ. മരുതിയുടെ അനുഗൃഹീത തൂലികയില്‍ നിന്ന് ഇനിയും ഒരുപാട് നല്ല കൃതികള്‍ ഉണ്ടാവട്ടെ. നന്മയും സ്‌നേഹവു നേര്‍ന്നു കൊണ്ട്…
നന്ദി! നമസ്‌കാരം!

മേരി ജോസി മലയില്‍
‘മലയാളി മനസ്സ്’ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം
ഫിലാഡല്‍ഫിയ,
അമേരിക്ക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments