Saturday, July 27, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 28, 2024 ബുധൻ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 28, 2024 ബുധൻ

🔹മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ മാർച്ച് 2 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് ( 7733 CASTOR AVE, PHILADELPHIA, PA 19152 ) നടത്തപ്പെടുന്ന ചെസ് & ക്യാരം ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്പോർട്ട്സ് ചെയർമാൻ ലിജോ ജോർജ് അറിയിച്ചു.

🔹യോർക്ക് ടൗൺ സെൻറ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ഫെബ്രുവരി 25 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ പ്രത്യേക കിക്കോഫ് മീറ്റിംഗ് നടന്നു. ഇടവക വികാരി ഫാ. നൈനാൻ ഈശോ കോൺഫറൻസ് ടീമിനെ ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഈ വർഷത്തെ കോൺഫറൻസ് 2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് നടക്കുന്നത്.

🔹അമേരിക്കൻ മണ്ണിൽ ആരംഭിച്ച സോക്കർ ടൂർണമെൻ്റിന് പത്തരമാറ്റ് പകിട്ടേകി മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ സെവൻസ് സോക്കർ ടൂർണമെൻ്റിന് ആവേശോജ്ജ്വലമായ കൊടിയിറക്കം.
കൂപ്പർ സിറ്റി ഫ്ലമിംഗോ വെസ്റ്റ് പാർക്കിൽ നടന്ന സെവൻസ് സോക്കർ ടൂർണമെൻ്റ് സീസൺ 5 മത്സരത്തിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് കപ്പിൽ മുത്തമിട്ടു. ആഴ്സണൽ ഫിലഡൽഫിയായെ 4 – 1 ക്രമത്തിൽ പരാജയപ്പെടുത്തിയാണ് ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ചാമ്പ്യൻമാരായത്.

🔹പെൻസിൽവാനിയയിൽ 23 വയസ്സുള്ള ഗർഭിണിയായ റെബേക്ക ബൈലർ (23) കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് പ്രതികളെ തിരയുന്നതായി അധികൃതർ അറിയിച്ചു. എറിയിൽ നിന്ന് 35 മൈൽ സൗത്ത് ഈസ്റ്റ്‌ സ്പാർട്ട ടൗൺഷിപ്പിലെ ഒരു വീട്ടിൽ തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് റെബേക്ക ബൈലറെ മരിച്ചതായി കണ്ടെത്തിയതെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് പറഞ്ഞു. ബൈലറുടെ മരണം കൊലപാതകമായി കണക്കാക്കപ്പെടുന്നു,

🔹Macy’s അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 150 സ്റ്റോറുകളും 2024 അവസാനത്തോടെ 50 സ്റ്റോറുകളും അടച്ചുപൂട്ടുമെന്ന് ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോർ അധികാരികൾ  ചൊവ്വാഴ്ച പറഞ്ഞു.

🔹ന്യൂജേഴ്‌സിയിലെ ബർലിംഗ്ടൺ കൗണ്ടിയിൽ ഒരു സ്റ്റോർ തകർത്ത് തോക്കുകളും വെടിക്കോപ്പുകളും മോഷ്ടിച്ച നാല് പ്രതികളെ പോലീസ് തിരയുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ മാർൾട്ടണിലെ റൂട്ട് 70 ലെ അർബൻ ടാക്‌റ്റിക്കൽ ഫയർആംസിൽ നിന്നുള്ള നിരീക്ഷണ വീഡിയോയിലാണ് പ്രതികളെ കണ്ടെത്തിയത്. മുഖംമൂടി ധരിച്ച് കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതികൾ ഗ്ലാസ് വാതിലുകൾ തകർത്താണ് അകത്ത് കടന്നത്.

🔹ശനിയാഴ്ച ബക്സ് കൗണ്ടി കാർ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ഹിറ്റ് ആൻഡ് റൺ ഡ്രൈവറായ ജോൺ വാഡ്‌ലിംഗറിനെ (31) പോലീസ് കസ്റ്റഡിയിലെടുത്തു. പെൻസിൽവാനിയയിലെ ബ്രിസ്റ്റോൾ ടൗൺഷിപ്പിലെ വെറ്ററൻസ് ഹൈവേയുടെയും ഫോർഡ് റോഡിൻ്റെയും ജംഗ്ഷനിൽ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

🔹ഫിലാഡൽഫിയ എപ്പിസ്‌കോപ്പൽ ഹോസ്പിറ്റലിൽ നിന്ന് തിങ്കളാഴ്ച്ച രക്ഷപ്പെട്ട തടവുകാരനായ അല്ലീം ബോർഡൻ (29) നെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കണ്ടതായി ദൃക്സാക്ഷികൾ പോലീസിനെ അറിയിച്ചു. അല്ലീം ബോർഡൻ വെസ്റ്റ് ഫിലാഡൽഫിയയിലായിരിക്കുമെന്നാണ് സൂചന. പോലീസ് ഉദ്യോഗസ്ഥരും യുഎസ് മാർഷലുകളും പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ എപ്പിസ്‌കോപ്പൽ ഹോസ്പിറ്റലിൽ നിന്ന് പ്രതിയെ ഡിസ്ചാർജ് ചെയ്യുന്നതിനിടെ രക്ഷപെട്ടത്.

🔹ഫിലാഡൽഫിയയിലുടനീളം കൂടുതൽ ആളുകൾ വ്യക്തിഗത ജോലിയിലേക്ക് മടങ്ങുന്നതിനാൽ സെൻ്റർ സിറ്റി ഫിലഡൽഫിയയിലെ ഓഫീസുകൾ ശബ്ദമുഖരിതമാകുന്നു. പല തൊഴിലുടമകളും ഇപ്പോൾ തിരിച്ചുവരവ് നിർബന്ധമാക്കിയിരിക്കുകയാണ്. എഴുപത് മുൻസിപ്പൽ ജീവനക്കാരെയും പാർക്കർ അഡ്മിനിസ്‌ട്രേഷനിൽ ജോലി ചെയ്യുന്നവരെയും മാർച്ച് 4 ന് മുഴുവൻ സമയ, വ്യക്തിഗത ജോലിയിലേക്ക് തിരികെ വിളിക്കും.

🔹കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിര്‍മ്മിച്ച ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്യും. ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പ്പാണ് ഈ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കാറ്റമരന്‍ ഫെറി.

🔹പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 3 ഞായറാഴ്ച. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

🔹കൈക്കൂലി വാങ്ങവേ ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അശോകനും വിജിലന്‍സ് പിടിയില്‍. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ആണ് ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്.

🔹നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

🔹ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്‌മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മലയാള ബ്രാഹ്‌മണരെ മാത്രം നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.എന്നാല്‍ മേല്‍ശാന്തി നിയമത്തിനുള്ള അതോറിറ്റി ദേവസ്വം ബോര്‍ഡ് ആണെന്നും, ഇക്കാര്യത്തില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

🔹എറണാകുളം പള്ളുരുത്തിയില്‍ കൊലക്കേസ് പ്രതിയായ ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ കരീമിന്റെ മകന്‍ ലാല്‍ജുവിനെ (40) കുത്തിക്കൊന്നു. മയക്കുമരുന്ന് വില്‍പന സംഘത്തില്‍പ്പെട്ടവരും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതി കച്ചേരിപ്പടി സ്വദേശി ഫാജിസിനെ പോലിസ് പിന്നീട് അറസ്റ്റ് ചെയ്തു.

🔹കമ്പാര്‍ട്ട്മെന്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന്‍ ആലുവയില്‍ 23 മിനിറ്റ് നിര്‍ത്തിയിട്ടു. തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിലാണ് സംഭവം. പരിശോധനകള്‍ക്കു ശേഷം ട്രെയിന്‍ പുറപ്പെട്ടു. പുക ഉയരാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.. ട്രെയിന്‍ മംഗലാപുരത്ത് എത്തിയ ശേഷം വിശദമായ പരിശോധന നടത്തും എന്ന് അധികൃതര്‍ അറിയിച്ചു.

🔹രാജീവ് ഗാന്ധി വധകേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു. 55 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടുത്തിടെ ശാന്തന് ശ്രീലങ്കയിലേക്ക് പോകാന്‍ കേന്ദ്രം എക്സിറ്റ് പെര്‍മിറ്റ് അനുവദിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തന്‍ എന്ന സുതേന്ദിരരാജ.

🔹കണ്ണൂര്‍ സര്‍വകലാശാല മുന്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍, 20,55,000 രൂപ സര്‍വകലാശാല ഫണ്ടില്‍ നിന്നും കേസ് നടത്താന്‍ ഉപയോഗിച്ചുവെന്ന വിവരാവകാശ രേഖകള്‍ കെ എസ് യു പുറത്തുവിട്ടു. വിസിയായിരിക്കെ ചിലവഴിച്ച മുഴുവന്‍ തുകയും തിരിച്ച് പിടിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

🔹പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയതല്ലെന്ന് അച്ഛന്‍ ജയപ്രകാശ്. മകനെ കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് അച്ഛന്റെ ആരോപണം. സിദ്ധാര്‍ത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.

🔹ഇന്നലെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവര്‍ ക്രോസ് വോട്ട് ചെയ്തു എന്ന് ഹിമാചലിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി. മനുഷ്യസ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച ഒന്‍പത് എംഎല്‍എമാര്‍ക്ക് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

🔹വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാസം തോറും 12000 രൂപ ശമ്പളത്തിലാണ് കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുന്നത്.

🔹തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികള്‍ കൂടി നടപ്പിലാക്കി തെലങ്കാന സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി പദ്ധതിയും നിലവില്‍ വന്നു. സ്ത്രീ ശാക്തീകരണം, പുക രഹിത പാചകം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.

🔹ഗുജറാത്ത് തീരത്ത് ആയിരം കോടി രൂപയുടെ വന്‍ ലഹരിവേട്ട. ബോട്ട് മാര്‍ഗം ഇന്ത്യയിലേക്ക് ലഹരി കടത്താന്‍ ശ്രമിച്ച ഇറാന്‍, പാകിസ്ഥാന്‍ സ്വദേശികളായ 5 പേരില്‍ നിന്ന് 3,300 കിലോ ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

🔹മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ പുതിയ പോസ്റ്റര്‍ എത്തി. സിനിമയിലെ ഗൗതം മേനോന്റെ കഥാപാത്രത്തിന്റെ ലുക്ക് ആണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. ബെഞ്ചമിന്‍ ജോഷ്വ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗൗതം മേനോന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പോസ്റ്റര്‍ റിലീസ്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിനു ശേഷം തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു.വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ബസൂക്ക നിര്‍മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

🔹തിയേറ്ററില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ മമ്മൂട്ടിയുടെ ‘യാത്ര 2’ ഇനി ഒ.ടി.ടിയിലേക്ക്. മലയാളത്തില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന മെഗാസ്റ്റാറിന് തെലുങ്കില്‍ ഇത് രണ്ടാം തവണയാണ് കനത്ത പരാജയം സംഭവിക്കുന്നത്. ‘ഏജന്റ്’ എന്ന ചിത്രത്തിന് ശേഷം യാത്ര 2വും പരാജയമായിരിക്കുകയാണ്. ഇതോടെയാണ് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിംഗിന് ഒരുങ്ങുന്നത്. 50 കോടി ബജറ്റില്‍ ഒരുക്കിയ യാത്ര 2വിന് ആഗോളതലത്തില്‍ നേടാനായത് വെറും 9 കോടി മാത്രമാണ്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

Most Popular

Recent Comments