Thursday, July 18, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 13 | വ്യാഴം ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 13 | വ്യാഴം ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ 49 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 25 പേര്‍ മലയാളികളെന്നാണ് സൂചന. 41 പേരുടെ മരണമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവരില്‍ 10 പേര്‍ മലയാളികളാണ്. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), കാസര്‍കോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസര്‍കോട് പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരന്‍ നായരുടെയും ശോഭനകുമാരിയുടെയും മകന്‍ ആകാശ് ശശിധരന്‍ നായര്‍ (31), കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68) , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48),തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ സുരക്ഷാജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. മുഴുവന്‍ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേര്‍ ചികിത്സയിലാണ്. പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

🔹കുവൈത്തില്‍ ഉണ്ടായ നടുക്കുന്ന ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ എംബസി എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും മോദി എക്സില്‍ കുറിച്ചു. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലെത്തി. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെത്തിയ കേന്ദ്ര സഹമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എക്സില്‍ കുറിച്ചു. എംബസി എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രിയും വ്യക്തമാക്കി.കുവൈത്ത് ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.

🔹കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഇന്ന് നടക്കാനിരുന്ന ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റിവച്ചു. 14, 15 തീയതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച പ്രകാരം നടക്കും. ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കുവൈത്ത് ദുരന്തത്തെ തുടര്‍ന്ന് ലോക കേരളസഭ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

🔹സുപ്രീംകോടതി ഉത്തരവനുസരിച്ച് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികള്‍ ഏറ്റെടുത്ത് കൈമാറാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നത് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് കോടതി കുറ്റപ്പെടുത്തി. എന്നാല്‍ യാക്കോബായ ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കം സമവായത്തിലൂടെ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

🔹ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പക്ഷിപ്പനി ജാഗ്രത തുടരുന്നതിനാല്‍ പക്ഷികളെ വളര്‍ത്തുന്നവര്‍ കര്‍ശനമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം. ചേര്‍ത്തല മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി പഞ്ചായത്ത് എന്നിവിടങ്ങളിലെ പക്ഷികളില്‍ പക്ഷിപ്പനി സംശയിക്കുന്നതിനാലും, മുഹമ്മ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാലുമാണ് പ്രത്യേത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

🔹വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ ജയക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കൊട്ടേഷന്‍ സംഘം. കുടുംബവഴക്കിനേതുടര്‍ന്ന് അടുത്ത ബന്ധു സജീഷാണ് ജയയെ തല്ലാന്‍ ആളെ കൂട്ടിയത്. സജീഷും ജയയെ തല്ലിയ മുന്നംഗസംഘവും ഒളിവിലാണ്. മര്‍ദനത്തിന് കൂട്ടുനിന്നതിന് സജീഷിന്റെ ഭാര്യയേയും സഹായിയേയും ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ക്രൂരമര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

🔹 നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നത് വിലക്കി കേരള സര്‍വകലാശാല. കേരള സര്‍വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 5നായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നൃത്തപരിപാടി നടത്തുന്നതിന് വിസി വിലക്ക് ഏര്‍പ്പെടുത്തി. പുറത്തു നിന്നുള്ളവരുടെ സംഗീത പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികള്‍ക്കുള്ള വിലക്ക് ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

🔹വ്ലോഗര്‍ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹികസേവനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സഞ്ജു ടെക്കിക്കും സുഹൃത്തുക്കള്‍ക്കും സാമൂഹിക സേവനം നല്‍കിയത്. സാമൂഹിക സേവനത്തിന്റെ രണ്ടാം ദിനമാണ് ഇന്നലെ. രാവിലെ 8 മുതല്‍ 2 വരെയാണ് സേവനം ചെയ്യേണ്ടത്. 15 ദിവസത്തേക്കാണ് ഇവര്‍ക്ക് ശിക്ഷ നല്‍കിയിരിക്കുന്നത്.

🔹തൃശ്ശൂര്‍ തെക്കുംകര മലാക്ക ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വ്യാപക നാശനഷ്ടം സൃഷ്ടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കാട്ടാന ജനവാസ മേഖലയില്‍ എത്തിയത്. ആനയുടെ ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.

🔹സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയെന്ന പരാതിയെ തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് ലീഗല്‍ മെട്രോളജി വകുപ്പ്. രണ്ട് ലക്ഷം രൂപയാണ് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ചുമത്തിയതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പിനെ അറിയിക്കണമെന്നും വരും ദിവസങ്ങളിലും മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ.അബ്ദുള്‍ കാദര്‍ അറിയിച്ചു.

🔹ജലഗതാഗത വകുപ്പിന്റെ പ്രീമിയം എസി ബോട്ടുകള്‍ ഒരുങ്ങുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകളില്‍ 20 സീറ്റാണ് ഉണ്ടാകുക. മികച്ച യാത്രാസൗകര്യവും സുരക്ഷാക്രമീകരണങ്ങളും ബോട്ടുകളിലുണ്ടാകും. കൂടുതല്‍ ഗ്രാമമേഖലകള്‍ ഉള്‍പ്പെടുന്ന റൂട്ടുകളിലാവും പുതിയ സര്‍വീസ്. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെയും മാരിടൈം ബോര്‍ഡിന്റെയും സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇവ നിര്‍മിക്കുന്നത്. സൗരോര്‍ജം ലഭ്യമല്ലാത്ത സമയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങള്‍ ബോട്ടിലുണ്ടാകും.

🔹പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അന്‍പതാമത് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിക്ക് തിരിക്കും. ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ജി 7 നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. മൂന്നാമത് പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യാനിരുന്ന ഇറ്റലിയിലെ റോമിലെ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു. കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് നിജ്ജര്‍ക്കായി ഖലിസ്ഥാന്‍വാദികള്‍ ചുമരെഴുതുകയും ചെയ്തു.

🔹ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്.നടന്റെ കാൽപാദത്തിന്റെ എല്ലിന് ആണ് പൊട്ടൽ.മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്.കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ജോജുവിന്റ കാലിന് പരിക്കേൽക്കുകയായിരുന്നു.ഇന്നലെ രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി.

🔹ശൈശവ വിവാഹത്തെ പ്രതിരോധിക്കാന്‍ സ്റ്റൈപെന്‍ഡ് പദ്ധതിയുമായി അസം സര്‍ക്കാര്‍. പ്ലസ് വണ്‍ മുതല്‍ പിജി വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസ ധനസഹായം പ്രഖ്യാപിച്ചത്. ‘മുഖ്യമന്ത്രി നിജുത് മൊയ്‌ന’ എന്നു പേരിട്ട പദ്ധതി പ്രകാരം ഓരോ വിദ്യാര്‍ത്ഥിനിക്കും പരമാവധി 2500 രൂപ വരെയാണ് നല്‍കുന്നത്.

🔹തൊടുപുഴ: പോക്‌സോ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽവെച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് പ്രതി വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. അഞ്ചുവയസ്സുകാരിയെ അമ്മയുടെ രണ്ടാം ഭർത്താവായ ഇയാൾ പീഡിപ്പിച്ചതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴിയാണ് പോലീസിന് പരാതി ലഭിച്ചത്. വീട്ടിൽ ലൈംഗികചൂഷണത്തിനിരയായിരുന്നെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരുവർഷം മുമ്പ് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്ക് മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്‌നങ്ങൾ കാട്ടിയതോടെ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പറഞ്ഞത്. ഇതോടെ കുട്ടിയുടെ അമ്മ സി.ഡബ്ല്യു.സി.യിൽ പരാതി നൽകുകയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ഇയാളെ തൊടുപുഴക്ക് സമീപത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ്, പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ബ്ലെയ്ഡ് എടുത്ത് ഇടതുകൈയിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ചെറിയ പരിക്കേയുള്ളൂ. ഇയാളെ കോടതിയിൽ ഹാജരാക്കി.

🔹കുമ്പള : ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകന്റെ പേരിൽ വ്യാജ പോക്സോ കേസ് നൽകിയതിനെതുടർന്നുള്ള നടപടി റദ്ദാക്കി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവ്. ഇതോടെ വ്യാജ പരാതി കൊടുത്ത് കുട്ടികളെ പീഡിപ്പിച്ച അധ്യാപികമാർക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. അധ്യാപകനെതിരേ പോക്സോ പരാതി നൽകാൻ ഇതേ സ്കൂളിലെ രണ്ട് അധ്യാപികമാർ വിദ്യാർഥിനികളെ നിർബന്ധിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി രക്ഷിതാക്കളും പി.ടി.എ. ഭാരവാഹികളും നേരത്തേ രംഗത്തെത്തിയിരുന്നു. പത്താം തരത്തിലെ രണ്ട് വിദ്യാർഥിനികളെ കൗൺസലിങ് മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് വെള്ളക്കടലാസിൽ ഒപ്പിടിവിച്ചു വാങ്ങിയത്. എസ്.എസ്.എൽ.സി. മാതൃകാപരീക്ഷ നടക്കുന്ന സമയത്താണ് കുട്ടികളെക്കൊണ്ട് കടലാസിൽ ഒപ്പിട്ട് വാങ്ങിയത്. പിന്നീട് പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വിളി വന്നപ്പോഴാണ് കേസിന്റെ കാര്യംതന്നെ കുട്ടികൾ അറിയുന്നത്. അധ്യാപകനെതിരെ യാതൊരു പരാതിയും ഇല്ലാത്ത കുട്ടികളെ നിർബന്ധിച്ച് കൊണ്ടുപോയതിനെത്തുടർന്ന് കുട്ടികൾ മാനസികമായി തകർന്നതായി രക്ഷാകർത്താക്കൾ പറഞ്ഞു. മാനസികസംഘർഷത്തെ തുടർന്ന് കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷ നല്ല നിലയിൽ എഴുതാൻ കഴിഞ്ഞില്ലെന്നും ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുമോ എന്ന ഭയത്തിലാണെന്നും അവർ പറഞ്ഞു. മക്കളുടെ ഭാവിയെ തന്നെ തകർക്കാൻ കൂട്ടുനിന്ന അധ്യാപികമാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ആരോഗ്യമന്ത്രി, ചൈൽഡ് ലൈൻ എന്നിവർക്കും പരാതി നൽകിയിരുന്നു. പോക്സോ കേസിൽ അധ്യാപകനെതിരെയുള്ള നടപടി റദ്ദാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കുട്ടിയുടെ മാതാവ് ജില്ലാ പോലീസ് മേധാവിക്കും ചൈൽഡ് ലൈനും വീണ്ടും പരാതി നൽകിയത്.

🔹ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന ചെലവിലെ വര്‍ദ്ധനയും രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാക്കുന്നു. ചൂട് കത്തിക്കയറിയതോടെ പച്ചക്കറികളുടെയും പയര്‍ വര്‍ഗങ്ങളുടെയും വില മാനം മുട്ടെ ഉയരുന്നതാണ് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം മത്സ്യം, മാംസം, പാലുത്പന്നങ്ങള്‍, അരി, ഉള്ളി എന്നിവയുടെ വിലയും നിയന്ത്രണമില്ലാതെ ഉയരുകയാണ്. രാജ്യത്തെ മൊത്തം ഭക്ഷ്യ ഉത്പാദനത്തില്‍ 60 ശതമാനം വിഹിതമുള്ള സവാള, കിഴങ്ങ്, തക്കാളി തുടങ്ങിയവയുടെ വിലയില്‍ ജനുവരി മാസത്തിന് ശേഷം അന്‍പത് ശതമാനത്തിലധികം വര്‍ദ്ധനയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടൊപ്പം ചൂട് കുത്തനെ കൂടിയതോടെ ചരക്ക് നീക്കം പ്രതിസന്ധിയിലായതും വില കൂടാന്‍ കാരണമായി. ഇഞ്ചി, വെളുത്തുള്ളി, ബീന്‍സ് എന്നിവയുടെ വിലയും കുത്തനെ കൂടി. ഏപ്രിലില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.8 ശതമാനത്തിന് അടുത്തേക്ക് കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മേയിലെ നാണയപ്പെരുപ്പം കുത്തനെ കൂടാനാണ് സാദ്ധ്യതയെന്ന് അനലിസ്റ്റുകള്‍ പറയുന്നു. രാജ്യത്തെ പ്രധാന കാര്‍ഷിക മേഖലകളില്‍ അന്തരീക്ഷ ഊഷ്മാവ് 45 ഡിഗ്രിയ്ക്ക് മുകളിലെത്തിയതിനാല്‍ കനത്ത ഉത്പാദനത്തകര്‍ച്ചയാണ് നേരിട്ടത്. വിലക്കയറ്റം പിടിച്ചുനിറുത്താനായി പച്ചക്കറികള്‍, ധാന്യങ്ങള്‍, സവാള, അരി, ഗോതമ്പ് തുടങ്ങിയവയുടെ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിയന്ത്രണം ശക്തമാക്കിയേക്കും. വിപണിയില്‍ ഉത്പന്ന ലഭ്യത മെച്ചപ്പെടുത്തുന്നതിനാകും സര്‍ക്കാര്‍ മുന്‍ഗണനയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

🔹ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് യുഎസ്എക്കെതിരെ ഏഴു വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത യുഎസ്എക്ക് 110 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. യുഎസ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. രോഹിതിനേയും കോലിയേയും തുടക്കത്തില്‍ നഷ്ടപ്പെട്ട ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് – ശിവം ദുബെ സഖ്യമാണ് വിജയത്തിലെത്തിച്ചത്. അര്‍ധ സെഞ്ചുറി നേടിയ സൂര്യ 49 പന്തില്‍ നിന്ന് 50 റണ്‍സോടെ പുറത്താകാതെ നിന്നു. ഈ ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറി.

🔹ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീന്‍ ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാര്‍ട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ ആഖ്യാനം. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപന പോസ്റ്റര്‍ പുറത്തിറക്കി. ജൂണ്‍ 28ന് തീയേറ്റര്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീന്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ‘പിച്ചൈക്കാരന്‍’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാല്‍, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശര്‍മ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രന്‍, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments