Sunday, June 16, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 05 | ബുധൻ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 05 | ബുധൻ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹പതിനെട്ടാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം. 294 സീറ്റുകളാണ് എന്‍ഡിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടിയപ്പോള്‍ 231 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണി. യുപിയിലും, മഹാരാഷ്ട്രയിലും, ബംഗാളിലും എന്‍ഡിഎക്ക് തിരിച്ചടി. മോദിയുടെ ഭൂരിപക്ഷത്തിനും വന്‍ ഇടിവുണ്ടായപ്പോള്‍ ഘടകക്ഷികളുടെ കനിവിലാണ് ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നത്. ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ടിഡിപിക്ക് 16 സീറ്റും ജെഡിയുവന് 12 സീറ്റും ലഭിച്ചു.

🔹എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത്. ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നു എന്നും അദ്ദേഹം പറഞ്ഞു.

🔹ഭാവി നീക്കങ്ങള്‍ തീരുമാനിക്കാന്‍ ഇന്ത്യ സഖ്യം ഇന്ന് യോഗം ചേരുമെന്നും സഖ്യകക്ഷികളുമായി ആലോചിച്ച് ഭാവി നീക്കം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ രൂപീകരണത്തില്‍ അവകാശവാദം ഉന്നയിക്കുമോ പ്രതിപക്ഷത്തിരിക്കുമോയെന്നും ഇന്ന് തീരുമാനിക്കുമെന്നും ഏത് മണ്ഡലം തെരഞ്ഞെടുക്കണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

🔹കേരളം കണ്ട ഏറ്റവും വലിയ ഫോട്ടോഫിനിഷിനൊടുവില്‍ അസാനത്തെ റൗണ്ടിലാണ് ആറ്റിങ്ങലില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശ് എല്‍ഡിഎഫിന്റെ വി ജോയിയെ 684 വോട്ടുകള്‍ക്ക് പിന്നിലാക്കിയത്. മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി വി.മുരളീധരന്റെ മികച്ച പ്രകടനമാണ് കാര്യങ്ങള്‍ ഫോട്ടോ ഫിനിഷിലേക്കെത്തിച്ചത്.

🔹ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തമിഴകം. താമര വിരിയിക്കാമെന്ന ബിജെപിയുടെ മോഹം മുളയിലേ നുള്ളി തമിഴകം. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും തമിഴകത്ത് അക്കൗണ്ട് തുറക്കാന്‍ എന്‍ഡിഎക്കായില്ല. തമിഴ്നാട്ടിലെ 39 സീറ്റില്‍ 39 ഇടത്തും ഇന്ത്യ സഖ്യമാണ് വിജയം നേടിയത്.

🔹വാരാണസിയിലെ നരേന്ദ്രമോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. 2019ല്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മോദിയുടെ ഭൂരിപക്ഷം ഇത്തവണ 1,52,513 മാത്രമാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മോദി എതിരാളിയായ അജയ് റായ്യേക്കാള്‍ പിന്നിലായിരുന്നു. അതേ സമയം രാഹുല്‍ ഗാന്ധിക്ക് വയനാടിലും റായ്ബറേലിയിലും നാല് ലക്ഷത്തിനടുത്താണ് ഭൂരിപക്ഷം. വയനാട്ടില്‍ രാഹുല്‍ 3,64,422 ന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ റായബറേലിയില്‍ 3,90,030 വോട്ടാണ് ഭൂരിപക്ഷം.

🔹തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ബിജെപിയുടെ ചരിത്ര വിജയം ആഘോഷമാക്കാൻ അണികൾ. ഇതിന്‍റെ ഭാഗമായി സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വൻ സ്വീകരണം നല്‍കും. കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് പൂരന​ഗരിയിൽ ഒരുക്കിയിട്ടുള്ളത്. ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതൃത്വം തുടക്കം കുറിക്കുന്നത്.  ഏഴ് ദിവസം 7 മണ്ഡലങ്ങളിൽ ആഹ്ലാദ റാലിയും ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിയിൽ നിന്ന് കാർ റാലിയായി എത്തിയശേഷം തൃശൂര്‍ സ്വരാജ് റൗണ്ടിൽ സുരേഷ് ഗോപിയെ കാൽലക്ഷം പ്രവർത്തകർ സ്വീകരിക്കും.  തൃശ്ശൂരിൽ ഗുരുവായൂര്‍ നിയമസഭ മണ്ഡലം മാത്രമാണ് ഇളകാതെ നിന്നത്. ഇടത് കോട്ടകളായ മണലൂരും നാട്ടികയുമടക്കം 6 മണ്ഡലങ്ങളും സുരേഷ് ഗോപിക്കൊപ്പമായിരുന്നു.

🔹ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതിസംരക്ഷണത്തിന്‍റെ പ്രാധാന്യം ഓർമപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതിദിനവും. ഭൂമിയിലെ പച്ചപ്പും
ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നതാണ് ഇത്തവണത്തെ സന്ദേശം.
കാട് വെട്ടിത്തെളിച്ച് കെട്ടിടങ്ങളും റോഡുകളും പാലങ്ങളും നിർമിച്ചു. ഭൂമിയിലെ പച്ചപ്പ് ഇല്ലാതായി. നദികൾ വറ്റി വരണ്ടു. ആവാസവ്യവസ്ഥ നശിച്ചതോടെ വന്യമൃഗങ്ങൾ കാടുവിട്ട് ജനവാസമേഖലകളിലേക്ക് ഇറങ്ങി. രാപകലില്ലാതെ ആശങ്കയിൽ കഴിയുന്ന മനുഷ്യർ. മുൻപെങ്ങുമില്ലാത്ത വിധം കൊടുംവേനലും വരൾച്ചയും. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ വെല്ലുവിളി ഉയർത്തുന്ന കാലത്താണ് ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തുന്നത്. ഭൂമിയെ സംരക്ഷിക്കുന്നതിന് മരങ്ങൾ വച്ചുപിടിപ്പിക്കുക, മാലിന്യം നിറഞ്ഞ് വറ്റിപ്പോയ ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇത്തവണ പരിസ്ഥിതി ദിനാചരണം. 1972മുതലാണ് ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിക്കാൻ തുടങ്ങിയത്. സൗദി അറേബ്യയാണ് ഇത്തവണ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

🔹മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരം കൊല്ലം സുധിയുടെ ഓർമകൾക്ക് ഒരു വയസ്. ഫ്ളവേഴ്സ് കുടുംബത്തിന് നികത്താനാകാത്തതാണ് കൊല്ലം സുധിയുടെ വിയോഗം. കൊടുങ്ങല്ലുരിനടുത്ത് കയ്പമംഗലത്ത് നടന്ന വാഹനാപകടം സുധിയുടെ ജീവൻ കവരുകയായിരുന്നു. കോഴിക്കോട്ടെ ട്വന്‍റിഫോർ കണട്ക്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കഴിഞ്ഞ വർഷം ഈ ദിവസമായിരുന്നു കൊല്ലം സുധിയുടെ ജീവൻ കവർന്ന വാഹനാപകടം സംഭവിച്ചത്. സിനിമകളിലും, ടെലിവിഷൻ, സ്റ്റേജ് ഷോകളിലുമായി നിറഞ്ഞു നിന്ന കലാജീവിതമായിരുന്നു സുധിയുടേത്. നിമിഷ നേരം കൊണ്ട് വേദികളിൽ ചിരിയുടെ പൂക്കാലം തീർത്ത അതുല്യ പ്രതിഭ.

🔹ഹരിപ്പാട്: സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്ന ദമ്പതികൾ പിടിയിൽ. കരുവാറ്റ കൊച്ചു കടത്തശ്ശേരിൽ പ്രജിത്ത് (37) ഭാര്യ രാജി എന്നിവരാണ് പിടിയിലായത്. മെയ് 25ന് രാത്രി 7.30ന് മുട്ടം എൻടിപിസി റോഡിൽ ആയിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടിയുടെ ആഭരണങ്ങളാണ് കവർന്നത്. പെൺകുട്ടി ഹരിപ്പാട് തുണിക്കടയിൽ നിന്നും സാധനങ്ങൾ വാങ്ങി നങ്ങിയാർകുളങ്ങര കവല ജംഗ്ഷനിൽ എത്തിയപ്പോൾ മറ്റാർക്കും സംശയം തോന്നാത്ത രീതിയിൽ പ്രതികൾ യുവതിയെ പിന്തുടർന്ന് വന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വാഹനം ഇടിച്ചിട്ടു. രക്ഷിക്കാൻ എന്ന വ്യാജേനെ പ്രതികൾ യുവതിയെ പിടിച്ച് എണീപ്പിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി റെയിൻകോട്ട് ഇട്ടിരുന്നതിനാൽ ശ്രമം പരാജയപ്പെട്ടു.
സംശയം തോന്നിയ യുവതി പിന്മാറാൻ ശ്രമിക്കവേ, തള്ളിയിട്ട ശേഷം പാദസരം പൊട്ടിച്ചെടുക്കുകയും പെൺകുട്ടി ഓടാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളിയിട്ട് കൈചെയിൻ, മോതിരം എന്നിവ കവരുകയും ചെയ്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പ്രതികൾ ചെളിയിൽ വലിച്ചെറിഞ്ഞു. അവശയായ പെൺകുട്ടി വീട്ടിലെത്തി. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ സ്വർണാഭരണത്തിന്റെ കുറച്ച് ഭാഗങ്ങൾ സംഭവം നടന്ന പ്രദേശത്ത് രണ്ട് സ്ഥലങ്ങളിൽ നിന്നായി കണ്ടെത്തി. പുരുഷ വേഷത്തിൽ വന്ന് വാഹനത്തിന് പുറകിലിരുന്ന സ്ത്രീ കൃത്യം നടത്തിയതിനുശേഷം കിലോമീറ്ററുകൾ സഞ്ചരിച്ച ശേഷം ആളില്ലാത്ത സ്ഥലത്ത് എത്തി സ്ത്രീവേഷം ധരിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം സ്വകാര്യസ്ഥാപനത്തിൽ സ്വർണം വിൽക്കുകയും പിന്നീട് തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും പൊലീസ് പിടിക്കില്ല എന്ന് ഉറപ്പിച്ച ശേഷം നാട്ടിലെത്തുകയും ചെയ്തു. എന്നാൽ പൊലീസിന്റെ പിടിയിലായി.

🔹അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. സൽമാൻ എന്ന 20 വയസ്സുകാരനാണ് മരിച്ചത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നേഴ്സിങ് കോളജിന് സമീപം തറമേഴം വീട്ടിൽ നവാസ് – നൗഫി ദമ്പതികളുടെ മകനാണ് സൽമാൻ. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ വണ്ടാനത്ത് കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പമാണ് സൽമാൻ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുന്നതുകണ്ട് ഒപ്പമുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പുന്നപ്രയിൽ നിന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നപ്ര പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: നാദിർഷ, നൗഫൽ.

🔹തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്‌നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ് നാട്നും സമീപത്ത്തായി ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

🔹വടകര തിരുവള്ളൂർ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ ബോംബേറ്. കൊടക്കാട്ട് കുഞ്ഞിക്കണ്ണന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിയുകയായിരുന്നു.

🔹സൗദിയിലെ തായിഫില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ അബ്ദുൽ ഖാദര്‍ ആണ് മരിച്ച മലയാളി. 54 വയസ് ആയിരുന്നു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ബാറുണ്‍ ബഗ്ദിയും സൗദി പൗരനായ അബ്ദുള്‍ മുഹ്സിനുമാണ് മരിച്ച മറ്റു രണ്ട് പേര്‍. തായിഫില്‍ നിന്നും റാണിയയിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ഇന്ത്യക്കാര്‍ സഞ്ചരിച്ച ഉനൈത്തും, സൗദി പൗരന്‍ സഞ്ചരിച്ച കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തായിഫിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

🔹ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ ഉഗാണ്ടയെ 125 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഉഗാണ്ടക്ക് വെറും 58 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറ്റൊരു മത്സരത്തില്‍ നെതര്‍ലണ്ട്സ് നേപ്പാളിനെ 6 വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത നേപ്പാളെടുത്ത 106 റണ്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ 8 പന്ത് ബാക്കി നില്‍ക്കേ നെതര്‍ലണ്ട്സ് അടിച്ചെടുത്തു.

🔹ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ലെവല്‍ ക്രോസ്’ എന്ന സിനിമയുടെ ടീസര്‍ എത്തി. അര്‍ഫാസ് അയൂബ് ആണ് സംവിധാനം. ജീത്തു ജോസഫ് ആണ് സിനിമ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ആസിഫ് അലിയുടേതാി അവസാനം റിലീസ് ചെയ്ത ‘തലവന്‍’ തിയറ്ററുകളില്‍ മികച്ച വിജയം നേടികൊണ്ട് മുന്നേറുകയാണ്. ഇതിനിടയിലാണ് വേറിട്ടു നില്‍ക്കുന്ന വേഷവുമായി ആസിഫ് എത്തുന്നത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ‘ലെവല്‍ ക്രോസി’നുണ്ട്. ബിഗ് ബജറ്റ് ചിത്രം ‘റാ’മിന്റെ നിര്‍മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടേതായി റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം. കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍. ചായഗ്രഹണം അപ്പു പ്രഭാകര്‍. ജെല്ലിക്കെട്ട് ചുരുളി,നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റര്‍. സംഭാഷണം ആദം അയൂബ്ബ്. ചിത്രം ജൂണ്‍ രണ്ടാം വാരം തിയറ്ററുകളിലെത്തും.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments