“പൂവുകൾക്ക് പുണ്യകാലം മെയ് മാസരാവുകൾക്ക് വേളിക്കാലം” എന്ന ചലച്ചിത്ര ഗാനമാണ് ഈ മേയ് മാസ രജനിയിൽ സ്മൃതിയുടെ തേരിലേറിയപ്പോൾ പെട്ടെന്ന് ഓർമവരുന്ന ഗാനശകലം.
വഴിയോരങ്ങളിൽ ചുവന്ന വാക പൂക്കുന്ന നാളുകൾ . മുല്ലമൊട്ടുകൾ മുത്തുമാല കോർത്ത് ഭൂമിക്ക് പുഷ്പമാല്യം തീർക്കും വൈശാഖ സന്ധ്യകൾ.
മേടക്കാറ്റടിക്കുമ്പോൾ മദിപ്പിക്കുന്ന പരിമളം പരത്തുന്ന പാരിജാതപ്പൂവിലാണ് എനിക്കു ഭ്രമം.
ഇതൊരു നാടൻ ചെടിയാണ്. മലയാള നാട്ടിൽ ഇതിനെ പല പേരിൽ അറിയപ്പെടും. വെളുത്ത വലിയ ഒറ്റപ്പൂവിൽ സ്വർഗ സുഗന്ധമാവാഹിച്ച് നിൽക്കുന്നതുകൊണ്ടാകാം പാരിജാതമെന്ന പേരു വരുന്നത്. കുറ്റിച്ചെടിയായി നിൽക്കുന്ന പാരിജാതം മെയ് മാസത്തിൽ ഇലമൂടി പൂവു നിറയും. കരിപ്പച്ച ഇലകൾക്ക് ഇടയിൽ വെളുത്ത വലിയ പൂക്കൾ സർവസുഗന്ധിയായി നിൽക്കും.
മെയ് മാസം മാതാവിന്റെ വണക്കമാസമാണ്. സന്ധ്യകളിൽ, ചിലപ്പോഴെങ്കിലും വേനൽ മഴയിൽ നനഞ്ഞ് ,എന്നാലും ചിരിമങ്ങാതെ നിൽക്കുന്ന പാരിജാതപ്പൂവു പറിച്ച് മാതാവിന്റെ നടയിൽ വെയ്ക്കുന്ന പതിവുണ്ട്.മെയ് മാസ രാത്രികളിൽ മുറിക്കകം മുഴുവൻ അലൗകിക സുഗന്ധം പരത്തുന്നതാണ് ഈ പുഷ്പം. മുല്ലമാല കോർത്തിട്ടാൽ പോലും പാരിജാതപുഷ്പ സുഗന്ധത്തിനൊപ്പമെത്തില്ല.
അവധിക്കാല തിമർപ്പ് രണ്ടാം ഘട്ടത്തിലേയ്ക്കു കടക്കുന്ന വേളയാണ് മേടപകുതി.
ഗ്രാമവീഥിയിൽ കളികളിൽ മുഴുകുന്ന കുട്ടികളുടെ ആരവത്താൽ നിറയുന്ന കാലം. മാമ്പഴ സമ്യദ്ധിയാൽ വിശപ്പിന്റെ വിളിയില്ലാത്തതിനാൽ കുട്ടികൾ വിശ്രമ രഹിതരായി കളികളിൽ സ്വയം മറക്കും നേരം.
എനിക്കേറ്റവും രസകരമായി തോന്നുന്നത് പറമ്പിലെ കുളങ്ങൾ വൃത്തിയാക്കുന്ന ദിനങ്ങളാണ്. അഞ്ചോളം കുളങ്ങൾ പറമ്പിലുണ്ട്. മുൻവശത്ത് കുടിവെള്ളം നൽകുന്ന കുളം. അതിൽ ഒരു ചെറിയ മരപ്പാലം ഇട്ടിട്ടുണ്ട്.
കയറു കെട്ടിയ ഒരു ബക്കറ്റും വെച്ചിട്ടുണ്ട്. സമീപവാസികളെല്ലാം വെള്ളം കോരാൻ വരും. ശുദ്ധമാണു ജലം. തിളപ്പിക്കാതെ തന്നെ ബക്കറ്റു ചരിച്ച് എത്ര തവണ കൈക്കുമ്പിളിലെടുത്ത് കുടിച്ചിരിക്കുന്നു.
വേനൽച്ചൂട് ശക്തമായി മാറി , വെള്ളം കുറയുന്ന ദിനങ്ങളൊന്നിൽ രാവിലെതന്നെ കുളം വൃത്തിയാക്കാൻ ആളുകൾ വരും. വന്നാലുടൻ പറമ്പിൽ ചാലുകൾ കീറി തൊടിയിലെ മരങ്ങൾക്ക് തടമെടുത്ത് വെള്ളമൊഴുകാൻ വഴിയൊരുക്കും.
തുമ്പിക്കൈ വണ്ണത്തിൽ കുളത്തിൽ നിന്ന് വെള്ളമടിച്ചൊഴുക്കാൻ മോട്ടോറുമായി കപ്പടാ മീശക്കാരൻ ജോസ ച്ചേട്ടൻ ഗൗരവത്തിൽ ഭാരവണ്ടിയും ഉന്തി സഹായിയുമായി എത്തുന്ന കാഴ്ച കണ്ട് ഭയഭക്തിബഹുമാനത്തോടെ കുട്ടികളായ ഞങ്ങളെല്ലാവരും ഒതുങ്ങി നിൽക്കും.
ചിരിക്കാത്ത മുഖത്തോടെ മോട്ടോർ കണക്ഷൻ കൊടുത്ത് ഇടിവെട്ടു ശബ്ദത്തോടെ അതു സ്റ്റാർട്ടാകുമ്പോൾ അത്ഭുത പരതന്ത്രരായി ഞങ്ങൾ നിൽക്കും.
സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത അദ്ദേഹമാണ് ഞാൻ കണ്ട ആദ്യത്തെ എഞ്ചിനിയർ. കുഴൽ, പുക, പിന്നെ വെള്ളം എന്ന രീതിയിലുള്ള മെക്കാനിസം.
വെള്ളം ഒരു വിധം കുറഞ്ഞു കഴിയുമ്പോൾ തേവുകൊട്ട കയറിൽ തൂക്കി ഇരുവശത്തും മൂന്നാൾ വീതം നിന്ന് വെള്ളവും ചെളിയും അഴുക്കുമെല്ലാം കോരി തേവി വൃത്തിയാക്കുന്ന ജോലി. ഇതെല്ലാം ഒഴുകിയെത്തി പറമ്പിലെ വേനൽ ച്ചൂടേറ്റ ഊഷര ഭൂമിയെ കുതിർത്ത് വൃക്ഷലതാദികൾക്കു കുളിരും, ജലവും, വളവും നൽകും.
പിന്നെ പണിക്കാർ കുളത്തിലേയ്ക്കിറങ്ങി മണ്ണു വെട്ടി പൊത്തി ചുറ്റു വലയം മനോഹരമായി തീർക്കും. അപ്പോഴേയ്ക്കും ഉറവയിൽ നിന്ന് വെള്ളം വന്നു കുളം നിറയാൻ തുടങ്ങും.
ചെറുപ്രായത്തിൽ അയൽപക്കത്തെ കുട്ടികളോടൊപ്പം വിടർന്ന വിസ്മയ മിഴികളുമായി കണ്ട കാഴ്ചയുടെ ഓർമയാണിതൊക്കെ .
വായനക്കാരിൽ ആരെങ്കിലുമൊക്കെ ഇത് നേരിട്ടു കണ്ടു കാണുമെന്നു കരുതുന്നു.
പുതിയ ചെറിയ തടിപ്പാലവും ഉറപ്പിക്കുന്നു. ഇത് കുടിവെള്ളത്തിൽ കാലു മുക്കി മോശമാക്കാതിരിക്കാനാണ്. ഉയർന്നു വരുന്ന ജലത്തിൽ മൂക്കാത്ത പച്ചനിറമുള്ള കശുവണ്ടിയും കുറച്ച് വെളിച്ചെണ്ണയും ഒഴിച്ച് കഴിഞ്ഞാൽ ഭാസ്കരൻ മൂപ്പൻ വിളിച്ചു പറയും കൊച്ചേ പുത്തൻ വെള്ളം എടുത്തോണ്ടുവാ , കുട്ടി കൂട്ടത്തിൽ പരിഗണന കിട്ടിയതിനാലും ഇതെന്റെ സ്വന്തം കുളമാണെന്ന പവറു കാട്ടി ഓടി അകത്തു പോയി പള്ളിയിൽ നിന്നുകൊണ്ടുവന്നു വെച്ചിരിക്കുന്ന വെഞ്ചരിച്ച വെള്ളക്കുപ്പി കൊണ്ടുവരും. കുപ്പിയുടെ മൂടിയിൽ തന്നെ വെള്ളം എടുത്ത് കുളത്തിലേക്ക് ഒഴിക്കുന്നത് അപ്പച്ചനാണ്. ഇനി മൂന്നു ദിവസം ആർക്കും അതിൽ നിന്നു വെള്ളമെടുക്കാൻ പാടില്ല. കണ്ണാടി പോലെ ജലം തെളിഞ്ഞ് അടിഭാഗം കാണണം.കുളം ക്ലീനാക്കാൻ പോകുന്ന വിവരം അയൽപക്കത്തെ വീടുകളിൽ നേരത്തേ അറിയിക്കുന്നതു കൊണ്ട് തലേന്ന് ജലശേഖരണ ദിനമാണ്. അങ്ങനെ കിഴക്കേകുളം വെട്ടി കഴിഞ്ഞു. കുളംക്ലീനാക്കുന്നതിനു പറയുന്ന നാടൻ ഭാഷയാണ് കുളം വെട്ടുക എന്നത് .
ഇനി ഏറ്റവും വലിയകുളം പറമ്പിലെ പടിഞ്ഞാറ് മൂലയ്ക്കായതു കൊണ്ട് പടിഞ്ഞാറെക്കുളം എന്നാണു വിളിക്കുന്നത്. കുളിക്കാൻ മാത്രം ഉപയോഗിക്കുന്ന പൊയ്ക.
കിഴക്കേകുളം വൃത്തിയാക്കുന്ന അതേ രീതിയിൽ തന്നെ സമയമെടുത്ത് അതും വൃത്തിയാക്കും. അവിടെ ചെറിയ മരപ്പാലം ഇല്ല പകരം ഇറങ്ങി ചെല്ലാൻ മരപ്പടികളാണ്.
പഞ്ചാരമണൽ വാരിപ്പൊത്തിയ വിശാലമായകുളത്തിന്റെ മൺതടങ്ങളിൽ നീല പൊൻമാൻമുട്ടയിടാൻ ചെറിയ കുഴികുത്തി കൂടു കൂട്ടുന്ന കാഴ്ച പല തവണ കണ്ടിട്ടുണ്ട്. എന്നാലും എനിക്കേറ്റവും ഇഷ്ടം രാത്രികളിൽ നിലാവിൽ കുളിച്ച് പാൽ നിറമാർന്ന് കുളത്തിന്റെ ചുറ്റും വലയം തീർത്ത് തേച്ചുമിനുക്കി വെച്ച മണൽ മതിലും അതിനു കീഴെ കാറ്റടിക്കുമ്പോൾ ചലിക്കുന്ന വെള്ളത്തിലെ ചിറ്റോളങ്ങളുമാണ്. ജനൽ പാളി തുറന്ന് രാത്രി എത്ര തവണ ആ കാഴ്ച കണ്ട് എന്നെ മറന്നു നിന്നിട്ടുണ്ടെന്നറിയില്ല.
ഇനി പറമ്പിലെ തെക്കുഭാഗത്ത് തോടുകളാണ്, അതിനോടു ചേർന്ന് തെങ്ങുകൾ നനയ്ക്കാനും, മറ്റും ഉപയോഗിക്കുന്ന കുളവുമുണ്ട്. ഇതിൽ ഒരു തോട് വേമ്പനാട്ടുകായലിന്റെ പോഷകനദിയായ ഞങ്ങളുടെ കിഴക്കേ പുഴയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ കുളം മോട്ടോർ വെച്ച് വെള്ളം കളയാറില്ല. തേവു കൊട്ട വെച്ച് വെള്ളം കോരി എടുത്താണ് വൃത്തിയാക്കുന്നത്. അത്രയേറെ മത്സ്യം തിങ്ങി നിറഞ്ഞ തോടുകളും അതുമായി ബന്ധിപ്പിച്ച ജലാശയവുമാണിത്.
ഫ്രിഡ്ജ് ഉപയോഗിക്കാത്ത അക്കാലത്ത് വലിയ ചെമ്പിലും, കൊട്ടകയിലും വെള്ളം പിടിച്ചു വെച്ച് ജീവനോടെ മത്സ്യത്തെ ശേഖരിക്കും. ആവശ്യത്തിന് എടുത്ത് ചാകാത്ത പച്ച മീനു തന്നെ വൃത്തിയാക്കി കറിവെയ്ക്കാൻസാധിക്കും. അന്നൊക്കെ മീൻ ഉരച്ചു ചെതമ്പൽ കളഞ്ഞു വൃത്തിയാക്കാൻ അലക്കു കല്ലുപോലെ ഉറപ്പിച്ച പ്രത്യേക കരിങ്കല്ലുകളുണ്ട്.
വലിയ ബ്രാൽ മത്സ്യം, കറൂപ്പ് എന്ന മറ്റൊരു മീൻ, പിന്നെ കാരി, തിലോപ്പിയ എന്നിങ്ങനെ മത്സ്യ പ്രവാഹമാണ് ചാലുകളിലൂടെ നീന്തി പിടയ്ക്കുന്നത്. ഇത് ശേഖരിക്കുന്ന പണിക്കാർക്കിടയിലൂടെ അയൽവക്കത്തെ കുട്ടികളും മീൻ പിടിച്ചു കൊണ്ടുപോകും.
ഇതിൽ വലിയ ബ്രാൽ മീനിന് നല്ല ഡിമാന്റാണ്. തീനു കേറ്റിയ ബ്രാൽ കറി എന്ന പേരിൽഒരു മീൻകറിയുണ്ട്. ഇതിന്റെ രുചി കഴിച്ചവർക്ക് മറക്കാനാവില്ല. ഈ കറി ഉണ്ടാക്കാൻ അറിയുന്നവർ ഇന്ന് ചുരുക്കം ചിലരേ കാണു.
മറ്റൊരു കുളം കിഴക്കേ പറമ്പിലുണ്ട്. അത് വൃത്തിയാക്കാറില്ല. വേലി കെട്ടുന്നതിനുള്ള ഓല മെടഞ്ഞെടുക്കുന്നതിനു തലേന്ന് തെങ്ങോല കീറി കുതിരാൻ ഇടുന്ന ജലാശയമാണത്. മരം മുറിച്ച് യാത്രാ വഞ്ചികൾ പണിയാനുള്ള തടി അറുത്ത് ഈ കുളത്തിൽ കുതിർത്തി ഇട്ടിരിക്കുന്നതു കാണാം. പായൽ മൂടിയ കുളത്തിൽ അതേ നിറമുള്ള തവളകൾ ധാരാളമുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിലാണെങ്കിലും ഉപകാരം ചെയ്തു കൊണ്ടുതന്നെയാണ് അതിൻ്റെയും കിടപ്പ്.
ഞങ്ങളുടെ പറമ്പിലെ കുളം വെട്ടു മഹോത്സവം തീരാൻ രണ്ടു ദിവസമെടുക്കും. പിന്നെ മൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷം പടിഞ്ഞാറെ കുളം പ്രൈവറ്റ് സ്വിംമിങ്ങ് പൂളായി മാറുന്നു. ജലക്രീഢകൾ നടമാടുന്നത് അവിടെയാണ്.
നീന്തലും കുളിയും കുളത്തിൽ മഴക്കാലം വരെ അനുവദിക്കും.. മുങ്ങാം കുഴിയിടൽ, മലർന്നു നീന്തൽ വാതു വെച്ചു നീന്തൽ, എത്ര നമ്പർഎണ്ണുന്നവരെ ശ്വാസമടക്കി കിടക്കും എന്നതിൽ വിജയിയെ തെരഞ്ഞെടുക്കൽ , ഒരിടത്തു മുങ്ങി അങ്ങേയറ്റത്തു പൊങ്ങിവരൽ ഇങ്ങനെ ജലോത്സവം തുടരും
കൂട്ടിപ്പിടിച്ച പച്ച ഈർക്കിലുമായി അമ്മ വന്നു വിളിക്കുമ്പോഴേയ്ക്കും, ഓടിക്കയറുമ്പോൾ കണ്ണു ചുമന്ന് കണ്ണിക്കേടുവന്ന പോലുണ്ടാകും.
ഒരിക്കലും മടുക്കാത്ത ആ കുളി ഏതു ദിനത്തിലാണ് അവസാനിപ്പിച്ച് കര കേറിയത് എന്ന് വിഷാദത്തോടെ ഇടയ്ക്ക് ഓർത്തു പോകാറുണ്ട്.
.മാമ്പഴക്കാലത്തിന്റെ മധുരിമയെ കുറിച്ചും ഏറെ പറയാനുണ്ട്. അത് പിന്നീടാകാം. മെയ്മാസ പുലരികളിലെ ഉണർവിന്റെ ഉദ്ദേശം തന്നെ മാങ്ങ പെറുക്കൽ, കാരയ്ക്ക എന്ന പഴം ഉമിനിറച്ച പാട്ടയിൽ പഴുപ്പിക്കാൻ ശേഖരിക്കൽ -പഴുത്തു വീണ കുടംമ്പുളി കുട്ടയിൽ നിറക്കൽ എന്നിങ്ങനെ മടുക്കാത്ത പണികൾ. ഇതെല്ലാം കഴിഞ്ഞിട്ടേ പ്രഭാത ഭക്ഷണം പോലും കഴിക്കുകയുള്ളു.
ചക്കയും, ചാമ്പയ്ക്കയും, ലൂവിക്കയും, കുമ്പുളൂസ് നാരങ്ങയും, പേരക്കായും, വലിയ പേരമരത്തിൽ പടർന്നു പിടിച്ചമുല്ലപ്പന്തലും പൂക്കളും മുറ്റത്തെ പഞ്ചാരമണലിലൂടെയുള്ള നടപ്പും. കൊന്തിക്കളിയും, കുട്ടിയും കോലും കളിയുമൊക്കെ മെയ് മാസ പകലുകളെ എത്ര രസകരമാക്കിയിരുന്നു.
സുഗന്ധമേകുന്ന ഓർമകൾ അക്ഷരങ്ങളാകുമ്പോൾ ഞാൻ പറഞ്ഞു പോയ പൂക്കളുടെയും മരങ്ങളുടെയും പേരുകളിൽ മലയാള നാട്ടിൽ വ്യത്യസ്തനാമങ്ങളായി വിളിക്കപ്പെടുന്നുണ്ടാകാം. നിങ്ങളിൽ പലരിലും ബാല്യകാലസ്മരണകൾ ഉയർന്നിട്ടുണ്ടാകാം.
എഴുതുമ്പോൾ സ്വയം രസിക്കുകയും കുറച്ചുപേരെയെങ്കിലും സ്മൃതിയുടെ ഊഞ്ഞാലിൽ അൽപനേരമെങ്കിലും ആയാസമില്ലാതെ ഇരുന്നാടി സ്വയം മറന്നിരുന്നെങ്കിൽ, ആ നിമിഷങ്ങളിൽ ഞാൻകൃതാർത്ഥയായി.
മധ്യവേനൽ അവധിയുടെ ഓർമ്മകളിലൂടെ ബാല്യകൗമാരകാലങ്ങളൂടെ നടന്ന് നടന്ന് പഴയകാലങ്ങളിലെവിടൊക്കെയോ പോയി വന്നു….
എൻറെ അമ്മയുടെ വീട്ടിലും മൂന്നു കുളം ഉണ്ടായിരുന്നു ഇതുപോലെ തന്നെ. കുടിവെള്ളത്തിനള്ളത്, കുളിക്കാനുള്ളത്, തൊണ്ടും ഓലയും ഒക്കെ കുതിർക്കാനുള്ളത്, ഈ കുളങ്ങൾ എല്ലാം വയലും തോടും ഒക്കെയായി പരസ്പരം ബന്ധിപ്പിച്ചിരുന്നു.ദേശവ്യത്യാസം കൊണ്ടാകാം ഒരുപാട് കശുമാവുകൾ ഉണ്ടായിരുന്നു അവിടെ . ബാല്യകാലത്തെ നിറമുള്ള ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് നന്ദി.
വായനക്കാർ ഓരോരുത്തരെയും കുട്ടിക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന എഴുത്ത്.
എത്ര മനോഹരമായിരുന്നു കുട്ടിക്കാലം..
അന്നത്തെ കാഴ്ചകൾ ഒരിക്കലും മനസ്സിൽ നിന്നും മായില്ല..
മികച്ച വായനാനുഭവം നൽകുന്ന എഴുത്ത്
A refreshing read.
എന്തൊരു ചേലാണ് –
റോമി ബെന്നിയുടെ കുട്ടിക്കാല ഓർമ്മകളുടെ ആ പൗർണ്ണമി നിലാവിൽ ഞാനും കുറെ നേരം നിന്നു .ഓർമ്മകൾക്കെല്ലാം എന്തു മധുരം. ജീവനുള്ള കാലം മറക്കാത്ത ഓർമ്മകൾ..
നന്ദി റോമി ബെന്നി,വൈശാഖ പൗർണ്ണമി നിലാവ് ഒരു നിധിപോലെ സൂക്ഷിക്കും – ഇനിയും ഓർമ്മക്കുറിപ്പുകൾക്കായി കാത്തിരിക്കുന്നു. മധുരിക്കും ഓർമ്മകളെ, മലർമഞ്ചൽ കൊണ്ടു വരൂ..
മധുരമുള്ള ഓർമ്മകൾ
നല്ല ഓർമ്മകുറിപ്പ്
Superb

അതിമനോഹരം, വളരെ സുന്ദരമായ വരികൾ. നന്മകൾ നിറഞ്ഞ ആ പഴയ കാലത്തിലേക്ക് ഓർമ്മകളെ കൂട്ടിക്കൊണ്ടു പോയതിന് വളരെ നന്ദി. ഇനിയും ഒരുപാട് എഴുതുവാൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരും അറിയപ്പെടുന്ന നല്ലൊരു എഴുത്തുകാരി ആകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു
Ente orma cheppil eduthu vekkan oru muthu koodi