മത്സരിച്ച എല്ലാ സ്ഥാനങ്ങളിലും തകർപ്പൻ വിജയം നേടിക്കൊണ്ട് ഫൊക്കാന ഇലക്ഷനിൽ ഡോ.സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഡ്രീം ടീം തിരഞ്ഞെടുക്കപ്പെട്ടു. 22ഓളം സ്വപ്‍ന പദ്ധതികൾ നടപ്പാക്കുവാൻ രൂപീകരിച്ച ഡ്രീം ടീം, ആ സ്വപ്ന പദ്ധതികൾ നടപ്പാക്കുവാൻ ഇനി ഒറ്റക്കെട്ടായി മുന്നോട്ട്.
ഫൊക്കാനയുടെ നിലവിലെ പ്രസിഡന്റ് ബാബു സ്റ്റീഫനോപ്പം കഴിഞ്ഞ രണ്ടു വർഷക്കാലം മികച്ച പ്രവർത്തനം കാഴ്ചവച്ചതിനു ജനങ്ങൾ നൽകിയ അംഗീകാരമാണിതെന്ന് നിയുകത പ്രസിഡന്റ് സജിമോൻ ആന്റണി മലയാളി മനസ്സിനോട് പറഞ്ഞു. “ആരെല്ലാം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിനുണ്ടെങ്കിലും അന്തിമ വിജയം എനിക്കാണെന്നും, ഫൊക്കാനയെ സ്നേഹിക്കുന്ന അമേരിക്കൻ മലയാളികൾ എന്നെ ഒരിക്കലും കൈവിടുകയില്ലെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ, ടീമിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും എന്നോടൊപ്പം വിജയികളാവും എന്ന് ആരും കരുതിയിരുന്നില്ല. ഈ കൂട്ടായ വിജയം ദൈവ നിയോഗമാണ്. രണ്ടുവര്‍ഷത്തെ പരിശ്രമത്തിനു ഫൊക്കാന പ്രവര്‍ത്തകര്‍ ഞങ്ങൾക്കു നൽകിയ അംഗീകാരമാണ് “- സജിമോൻ പറഞ്ഞു. തന്റെ ടീമിനെ വിജയിപ്പിച്ച എല്ലാ ഫൊക്കാനാ പ്രവര്‍ത്തകര്‍ക്കും, വാർത്തകൾ നൽകി സപ്പോർട്ട് ചെയ്ത മലയാളി മനസ്സിനും അദ്ദേഹം നന്ദി അറിയിച്ചു.
വിജയിച്ച പ്രമുഖരിൽ പ്രസിഡന്റ് സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു, വിമെന്‍സ് ഫോറം ചെയര്‍ രേവതി പിള്ളൈ , അസ്സോസിയേറ്റ് സെക്രട്ടറി മനോജ് ഇടമന, അസ്സോസിയേറ്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ അസോസിയേറ്റ് ട്രഷര്‍ മില്ലി ഫിലിപ്പ് തുടങ്ങിയവർ ഉൾപ്പെടുന്നു. വിജയിച്ച എല്ലാവരും അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനാ പ്രവർത്തനങ്ങളിൽ അറിയപ്പെടുന്ന മികച്ച വ്യക്തിത്വങ്ങളാണ്.
ലഭിച്ച വോട്ടു നിലവാരം ഇനിപറയുന്ന പ്രകാരമാണ്.
ഫൊക്കാന ഇലക്ഷനിൽ 686 ഡെലിഗേറ്റുകളിൽ 580 പേർ വോട്ട് ചെയ്തു
285 വോട്ടുനേടിയാണ് സജിമോൻ ആന്റണി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ഫൊക്കാന സെക്രട്ടറി കൂടിയായ ഡോ. കലാഷഹിക്ക് 162 വോട്ടും, ലീലാ മരേട്ടിന് 104 വോട്ടും ലഭിച്ചു.
ജനറൽ സെക്രട്ടറിയായി മത്സരിച്ച ശ്രീകുമാർ ഉണ്ണിത്താന് 340 വോട്ടും, ജോർജ് പണിക്കർക്ക് 204 വോട്ടും ലഭിച്ചു. ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ച ജോയ് ചാക്കപ്പൻ 339 വോട്ടുകൾ നേടിയപ്പോൾ, രാജൻ സാമുവലിന് ലഭിച്ചത് 196 വോട്ടുകളാണ്. എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച പ്രവീൺ തോമസ് – 303 വോട്ടുകളും ഷാജു സാമിന് 236 വോട്ടും ലഭിച്ചു., വൈസ് പ്രസിഡന്റ് വിപിൻ രാജിന് 369 വോട്ടും റോയ് ജോർജിന് 174 വോട്ടും ലഭിച്ചു.
അസോസിയേറ്റ് സെക്രട്ടറി: മനോജ് ഇടമന – 315 , ബിജു ജോസ് – 222, അഡി. അസോസിയേറ്റ് സെക്രട്ടറി: അപ്പുക്കുട്ടൻ പിള്ള- 331, അജു ഉമ്മൻ – 212, അസോ.ട്രഷറർ: ജോൺ കല്ലോലിക്കൽ – 317, സന്തോഷ് ഐപ്പ് – 222, അഡീഷണൽ അസോ. ട്രഷറർ: മില്ലി ഫിലിപ്പ് – 306, ദേവസ്സി പാലട്ടി – 236, വുമൺ ഫോറം ചെയർപേഴ്സൺ – രേവതി പിള്ള – 330, നിഷ എറിക് -210, ബോർഡ് ഓഫ് ട്രസ്റ്റീസ് : ബിജു ജോൺ -304, സതീശൻ നായർ – 270, ജേക്കബ് ഈപ്പൻ -221, അലക്‌സ് എബ്രഹാം – 217.
രാവിലെ 10 മണിമുതൽ വൈകീട്ട് 3 മണിവരെ വാഷിംഗ്‌ടൺ ഡിസിയിലെ കൺവെൻഷൻ സെന്ററിൽ വച്ചാണ് വോട്ടെടുപ്പ് നടന്നത് . വൈകിട്ട് 5.45 ആയപ്പോൾ ഫലം പ്രഖ്യാപിച്ചു.
വിവരങ്ങൾക്ക് കടപ്പാട്: ലിബിൻ പുന്നശ്ശേരി & ഷാജി സാമുവൽ