Monday, October 14, 2024
Homeഅമേരിക്കപിതൃദിനം: 'വന്നാലും ശരി വന്നില്ലെങ്കിലും ശരി'. ✍ സുജ പാറുകണ്ണിൽ

പിതൃദിനം: ‘വന്നാലും ശരി വന്നില്ലെങ്കിലും ശരി’. ✍ സുജ പാറുകണ്ണിൽ

സുജ പാറുകണ്ണിൽ

ഇന്ന് പിതൃദിനം. എല്ലാ നല്ല പിതാക്കന്മാർക്കും എന്റെ പിതൃദിനാശംസകൾ. ഞാനിന്നെഴുതുന്നത് എന്റെ പിതാവിനെക്കുറിച്ചല്ല. എന്റെ അടുത്ത സുഹൃത്തിന്റെ പിതാവിനെക്കുറിച്ചാണ്. ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹമെഴുതുന്നതൊക്കെ വായിച്ചും അദ്ദേഹത്തെക്കുറിച്ചുള്ള കൂട്ടുകാരിയുടെ വിവരണങ്ങൾ കേട്ടുകേട്ടും ഞാൻ അദ്ദേഹത്തിന്റെ കട്ട ഫാൻ ആയി എന്നതാണ് സത്യം.

സർക്കാർ സർവ്വീസിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കേരളത്തിലുടനീളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞപ്പോൾ ഭാര്യാസമേതനായി അദ്ദേഹം സ്വന്തം നാട്ടിലേക്ക് പോയി. മക്കളൊക്കെ കുടുംബസ്ഥരും ഉദ്യോഗസ്ഥരുമൊക്കെയായി പല സ്ഥലങ്ങളിലാണ്. റിട്ടയർമെന്റ് ജീവിതം ഉണ്ടും ഉറങ്ങിയും വെറുതെ കളയാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അദ്ദേഹം എഴുത്തിൻെയും വായനയുടെയും ലോകത്തേക്ക് പ്രവേശിച്ചു. മാത്രവുമല്ല സ്വന്തം നാടായതുകൊണ്ട് തന്നെ സമപ്രായക്കാരായ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി അദ്ദേഹം സജീവമായിത്തന്നെ നിലകൊണ്ടു.

ഒരു ദിവസം ബാംഗ്ലൂരിൽ നിന്നും മകൾ വിളിച്ചു പറഞ്ഞു അടുത്തൊരു ദിവസം മകളും കുടുംബവും കുറച്ച് സുഹൃത്തുക്കളും വീട്ടിലേക്ക് വരുന്നുവെന്ന്. അത് കേട്ടതും കൂട്ടുകാരിയുടെ അമ്മച്ചി വളരെ ഉത്സാഹത്തിലായി. ജോലിക്കാരെയൊക്കെ വിളിച്ച് പറമ്പ് വൃത്തിയാക്കുന്നു, മുറ്റം വൃത്തിയാക്കുന്നു, വീട് ക്ലീൻ ചെയ്യിക്കുന്നു, കർട്ടൻ മാറ്റുന്നു, ബെഡ് ഷീറ്റുകൾ മാറ്റുന്നു എന്നുവേണ്ട അമ്മച്ചിക്ക് ചെയ്യാനും ചെയ്യിക്കാനും കഴിയുന്നതൊക്കെ ഭംഗിയായി നടത്തി. വിരുന്നുകാർ വരുന്ന ദിവസം രാവിലെ അമ്മച്ചിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊക്കെ അമ്മച്ചി അടുക്കളയിൽ ചെയ്തു. ഇനി ബാക്കി കാര്യങ്ങൾ ചെയ്യണമെങ്കിൽ ‘കൗസല്യ’ വരണം. നാട്ടിലെ അറിയപ്പെടുന്ന ഒരു പാചകക്കാരിയാണ് കൗസല്യ. കൗസല്യയുടെ സമയം വളരെ വിലപ്പെട്ടതാണ്. ആ നാട്ടിൽ എന്ത് വിശേഷമുണ്ടായാലും കൗസല്യ ആണ് പാചകം. വിരുന്നുകാർ വന്നാലും, വിശേഷങ്ങൾ ഉണ്ടായാലും….
കൗസല്യ വരുമ്പോൾ എല്ലാം റെഡി ആയിരിക്കണം. പെട്ടെന്ന് പാചകം നിർവ്വഹിച്ച്‌ കൗസല്യ അടുത്ത വീട്ടിലേക്ക് പോകും. ചില ആശുപത്രികളിൽ സർജന്മാർ സർജറിക്ക് വരുന്നതുപോലെയാണ്. എല്ലാം റെഡി ആയിരിക്കണം. വരുന്നു സർജറി ചെയ്യുന്നു പൈസ വാങ്ങി പോക്കറ്റിൽ ഇടുന്നു. പോകുന്നു പക്ഷേ പ്രശ്നം ഇതൊന്നുമല്ല. ഇറച്ചിയും മീനുമൊക്ക മാർക്കറ്റിൽ കിടക്കുന്നതേയുള്ളു. ഇന്നത്തെപ്പോലെ വിളിച്ചു പറഞ്ഞാൽ എത്തുന്ന സംവിധാനം അന്നില്ല.

അന്ന് പക്ഷേ മറ്റൊരു സംഭവം കൂടിയുണ്ടായി. ‘ഉണ്ടിരുന്ന നായർക്ക് ഒരു ഉൾവിളിയുണ്ടായി ‘എന്ന് പറഞ്ഞപോലെ അപ്പച്ചനും ഒരു ഉൾവിളിയുണ്ടായി. പുതിയൊരു കണ്ടുപിടുത്തം തന്നെ അപ്പച്ചൻ നടത്തി. ആർക്കെമിഡീസ്, “യുറീക്കാ യുറീക്കാ ” എന്ന് വിളിച്ചുകൊണ്ടോടിയതുപോലെ തന്റെ കണ്ടുപിടുത്തവുമായി അപ്പച്ചൻ, തന്നെ കാണാൻ വന്ന സുഹൃത്തുക്കളുടെ ഇടയിലേക്ക് ഓടിച്ചെന്നു. അത് മറ്റൊന്നുമായിരുന്നില്ല…. ‘തോമാശ്ലീഹ കേരളത്തിൽ വന്നിട്ടില്ല’… അതായിരുന്നു അപ്പച്ചന്റെ കണ്ടു പിടുത്തം. അതിനദ്ദേഹം തെളിവുകളും വാദങ്ങളും നിരത്തി. തോമാശ്ലീഹ വന്നപ്പോൾ മാമോദീസ മുങ്ങി ‘മതിലേൽ കിളിർത്തവർ ‘ എന്നഭിമാനിക്കുന്ന സത്യക്രിസ്ത്യാനികളുടെ മുഖത്ത് നോക്കിയാണ് അപ്പച്ചൻ ഇത് പറയുന്നത്.അവർ വിട്ടു കൊടുക്കുമോ?

‘യേശുവിൻറെ ഊർജ്ജസ്വലനായ’ ശിഷ്യൻ എന്നാണ് തോമാശ്ലീഹാ അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലേക്ക് പോകണമെന്ന് യേശു ഒരു ദർശനത്തിൽ തോമായോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് താല്പര്യം എടുത്തിരുന്നില്ല എന്ന് ‘തോമായുടെ നടപടികൾ’ എന്ന അപ്രമാണിക ഗ്രന്ഥത്തിൽ പറയുന്നുണ്ടത്രേ!
“അവിടെയുള്ളവർ കാട്ടു മൃഗങ്ങളെ പോലെ ശക്തരും ദൈവവചനം കടക്കാൻ ആവാത്ത വിധം അവരുടെ ഹൃദയം കഠിനവും ആണ്”. എന്നാണത്രേ തോമാശ്ലീഹ യേശുവിനോട് പറഞ്ഞത്.പക്ഷേ അപ്പോൾ യേശു പറഞ്ഞു. “ഞാൻ നിന്നോട് കൂടെ ഉണ്ടാകും. നീ ധൈര്യപൂർവ്വം പോകുക. എൻറെ കൃപയിൽ ആശ്രയിക്കുക.” അങ്ങനെ യഹൂദരായ കച്ചവടക്കാർക്കൊപ്പം തോമാശ്ലീഹാ കൊടുങ്ങല്ലൂരിൽ എത്തുകയും ഇവിടെ 7 ദേവാലയങ്ങൾ സ്ഥാപിക്കുകയുമുണ്ടായി. അവർ അവരുടെ വാദങ്ങൾ നിരത്തി തോമാശ്ലീഹ കേരളത്തിൽ വന്നിട്ടുണ്ടെന്ന് സമർത്ഥിച്ചു.

വാഗ്വാദം ഇങ്ങനെ കൊഴുക്കുമ്പോൾ അമ്മച്ചിക്ക് ചങ്കിടിപ്പ് കൂടിക്കൊണ്ടിരുന്നു. കൂട്ടുകാർ പിരിഞ്ഞുപോകാൻ അമ്മച്ചി പ്രാർത്ഥിച്ചു. ഒരു പന്ത്രണ്ട് മണിയായപ്പോൾ അവരെല്ലാം പിരിഞ്ഞുപോയി. അമ്മച്ചിയുടെ ശ്വാസം നേരെ വീണു. ഇറച്ചിയും മീനും വാങ്ങുന്ന കാര്യം പറയാൻ അപ്പച്ചന്റെ അടുത്തേക്ക് ചെന്ന അമ്മച്ചി കണ്ട കാഴ്ച്ച അത്യന്തം ദയനീയമായിരുന്നു. അപ്പച്ചൻ അന്ന് ചർച്ചക്ക് വരാത്ത ഏതോ കൂട്ടുകാരനെ ഫോണിൽ വിളിച്ച് തന്റെ കണ്ടുപിടുത്തം സമർത്ഥിക്കുകയാണ്. അമ്മച്ചി കുറച്ചുനേരം കാത്തു നിന്നു. അവസാനം അമ്മച്ചിയുടെ ക്ഷമയുടെ നെല്ലിപ്പലക തകർന്നുവീണു.
“ദേ…. ഒരു കാര്യം പറഞ്ഞേക്കാം, തോമാശ്ലീഹ വന്നാലും ശരി, വന്നില്ലെങ്കിലും ശരി കൗസല്യ വരും മുൻപ് ഇറച്ചിയും മീനും എനിക്കിവിടെ കിട്ടണം.”

അമ്മച്ചി പറഞ്ഞതുകേട്ട് അപ്പച്ചൻ അന്തം വിട്ടു. ഒരു നിമിഷം കൊണ്ട് അദ്ദേഹം അവിശ്വസനീയതയുടെ എവറസ്റ്റ് കേറി. സർവ്വാദരണീയനായ തന്റെ മുഖത്തു നോക്കി ഇത്രയും കാലം നിഴലായി ജീവിച്ച ഭാര്യ ഇങ്ങനെ പറയുമെന്ന് അദ്ദേഹം കരുതിയതേയില്ല. സ്തംഭിച്ചു നിന്ന അദ്ദേഹം സമനില വീണ്ടെടുത്തു.
എവറസ്റ്റിൽ നിന്നും താഴോട്ടിറങ്ങി. പിന്നെ ഫോണും കൈയിൽ പിടിച്ച് അമ്മച്ചിയെ നോക്കി. എന്നിട്ട് പറഞ്ഞു….. “ഈ വിവരമില്ലാത്തതിനോടൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം”. ഏതായാലും അമ്മച്ചി അതങ്ങു ക്ഷമിച്ചു. അപ്പച്ചന്റെ കണ്ടുപിടുത്തതിന്റെ മൂല്യമൊന്നും അമ്മച്ചിക്ക് അറിയില്ലല്ലോ. അപ്പച്ചൻ ഏതായാലും മാർക്കറ്റിൽ പോയി വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു. വൈകുന്നേരം അത്താഴത്തിന് വിരുന്നുകാരെല്ലാം ഡൈനിങ് ടേബിളിന് ചുറ്റും നിരന്നിരുന്ന് ചിക്കൻ കാലൊക്കെ കടിച്ചുപറിക്കുമ്പോൾ അമ്മച്ചി ഇപ്പം എങ്ങനിരിക്കുന്നു എന്ന മട്ടിൽ അർത്ഥഗർഭമായി അപ്പച്ചനെ നോക്കി. സംഗതി പിടികിട്ടിയ ബുദ്ധിമാനായ അപ്പച്ചൻ മൗനം പാലിച്ചു. ഈ സംഭവം കൂട്ടുകാരി എന്നോട് പറഞ്ഞപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു പോയി.

ഇതൊക്കെയാണെങ്കിലും അപ്പച്ചന് വേറൊരു കുഴപ്പമുണ്ട്. വിവാദ വിഷയങ്ങളിലൊക്കെ അദ്ദേഹം കൈ വച്ചു കളയും. മതം, രാഷ്ട്രീയം, എന്നിവയിലൊക്കെ എഴുത്തുകാർ ആരെയും ഭയപ്പെടാൻ പാടില്ല എന്നാണ് അപ്പച്ചന്റെ അഭിപ്രായം. അതുകൊണ്ട് അപ്പച്ചൻ എഴുതുന്ന ഇത്തരം കാര്യങ്ങളിലൊക്കെ പുലിവാല് പിടിക്കുന്നത് മക്കൾ ആണ്. അതുകൊണ്ട് മകൻ എന്റെ കൂട്ടുകാരിയോട് പ്രത്യേകം പറഞ്ഞിട്ടുണ്ട് അപ്പച്ചൻ എന്തെഴുതിയാലും മകൻ വായിച്ച് അപ്പ്രൂവൽ കൊടുത്തതിനു ശേഷമേ പ്രസിദ്ധീകരിക്കാൻ കൊടുക്കാവൂ എന്ന്. അങ്ങനെ അപ്പച്ചന്റെ സൃഷ്ടികളൊക്കെ ഇപ്പോൾ ആദ്യമെത്തുന്നത് സെൻസർ ബോർഡിന് മുൻപിലാണ്.

ഈ അടുത്ത നാളിൽ ഒരാൾ അപ്പച്ചനോട് അപ്പച്ചാ എൺപത്തെട്ട് വയസ്സ് കഴിഞ്ഞു അല്ലേ എന്ന് ചോദിച്ചുവത്രേ. അതിന് അപ്പച്ചന്റെ മറുപടി ഇതായിരുന്നു…. “എടാ പുരുഷായുസ്സ് എന്ന് പറയുന്നത് നൂറ്റിയിരുപത് വയസ്സാണ്. നീ എന്റെ ചാക്കാല കൂടാൻ വന്നതാണോ?” ചോദിച്ചയാൾ ഇളിഭ്യനായി.

രണ്ടു ചെവികളുടെയും കേൾവി നഷ്ടപ്പെട്ടു പോയെങ്കിലും യാതൊരു മടുപ്പും കൂടാതെ എഴുത്തിന്റെയും വായനയുടെയും വഴിയിൽ കർമ്മനിരതനായി മുന്നേറിക്കൊണ്ടിരിക്കുന്ന അപ്പച്ചന് എന്റെ പിതൃ ദിനാശംസകൾ. അതോടൊപ്പം ലോകത്തിലെ എല്ലാ നല്ല പിതാക്കന്മാർക്കും പിതൃദിനാശംസകൾ……

സുജ പാറുകണ്ണിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments