ഫിലഡൽഫിയ- ഫിലഡൽഫിയ മിൽസ് വാൾമാർട്ട് സ്റ്റോറിൽ ജനുവരിയിൽ ഒരു കുഞ്ഞിനെ ഉപേക്ഷിച്ചതിന് രണ്ടാം പ്രതിയും, കുട്ടിയുടെ മുത്തച്ഛനുമായ ഹംസ മുഹമ്മദ് (41)നെതിരെ കേസെടുത്തു .
കുട്ടികളുടെ ക്ഷേമം അപകടപ്പെടുത്തൽ, അശ്രദ്ധമായി മറ്റൊരാളെ അപായപ്പെടുത്തൽ, മോഷണം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കുഞ്ഞിൻ്റെ മുത്തച്ഛൻ ഹംസ മുഹമ്മദിനെതിരെ ചുമത്തിയതെന്ന് ഡിഎ ഓഫീസ് അറിയിച്ചു.
ഇയാൾ ഇപ്പോൾ ചെസ്റ്റർ കൗണ്ടിയിൽ പോലീസ് കസ്റ്റഡിയിലാണ്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം കുട്ടിയുടെ പിതാവ് അൽഗനോൻ മുഹമ്മദി(22) നെതിരെ കേസെടുത്തു.
നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ബൈബെറി റോഡിൻ്റെ 4300 ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന സ്റ്റോറിൽ ജനുവരി 18-ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. കടയിൽ മോഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സ്റ്റോർ സെക്യൂരിറ്റി മൂന്ന് പേരടങ്ങിയ സംഘത്തെ നേരിട്ടപ്പോൾ, അവർക്കൊപ്പം ഉണ്ടായിരുന്ന 2 മാസത്തിൽ താഴെ മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ അവർ ഒരു കാരിയറിനു പിന്നിൽ ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
കേസിലുൾപ്പെട്ട മൂന്നാമത്തെ പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടരുന്നു. കുഞ്ഞിനെ ജെഫേഴ്‌സൺ ടോറസ്‌ഡെയ്ൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആരോഗ്യ നില തൃപ്തികരമായതിനാൽ ഹോസ്പിറ്റലിൽ നിന്ന് വിട്ടയച്ചു.