അങ്ങനെ ഒരു ഫോക്കാന കൺവെൻഷൻ കൂടി കഴിഞ്ഞു.
പ്രത്യേക അജണ്ടകൾ ഒന്നുമില്ലാതെ ഇതിൽ പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവങ്ങൾ പകർന്നു നൽകി, കലയും, സാഹിത്യവും, സംഗീതവും, വിഭവസമൃദ്ധമായ സദ്യയും നൽകി ആഘോഷങ്ങൾക്ക് ആഹ്ലാദകരമായ പരിസമാപ്തിയായി. പഴയ സൗഹൃദങ്ങൾ പുതുക്കുവാനും പുതിയ ബന്ധങ്ങൾ തുടങ്ങുവാനുള്ള അസുലഭ നിമിഷങ്ങൾക്ക് ഇതൊരു വേദിയായി.
ഫൊക്കാനാ വാഷിംഗ്ടൺ കൺവെൻഷൻ ഒരു വൻ വിജയമാക്കി തീർക്കുവാൻ നേതൃത്വം നൽകിയ ഡോ. ബാബു സ്റ്റീഫൻ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വീറും വാശിയും ‘വൈരാഗ്യവും’ നിറഞ്ഞ ഒരു ഇലക്ഷനാണ് ഇത്തവണ നടന്നത്.
ജനറൽബോഡി യോഗം അലങ്കോലപ്പെടുത്താൻ ഒരു കൂട്ടർ കോപ്പു കൂട്ടുന്നു എന്ന വാർത്ത നേരത്തെ തന്നെ കേട്ടു തുടങ്ങിയിരുന്നു. അത് ശരി വെക്കുന്നതായിരുന്നു ചിലരുടെ തുടക്കത്തിലെ പ്രകടനം.
എന്നാൽ പ്രസിഡൻറ് ഡോ. ബാബു സ്റ്റീഫൻ ശക്തമായ നിലപാടുകൾ എടുത്തതോടെ മൂന്നു സ്ഥാനാർഥികളുടെയും സമ്മതത്തോടെ ഇലക്ഷൻ നടന്നു.
സജിമോൻ ആൻറണിയുടെ നേതൃത്വത്തിലുള്ള പാനലിലെ എല്ലാവരും ഏകദേശം ഇരുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അഭിനന്ദനങ്ങൾ..
എന്നാൽ ഇലക്ഷനിൽ പരാജയപ്പെട്ടവർ അത് ഒരു ‘Sportsman Spirit ‘ – ൽ അല്ല എടുത്തിരിക്കുന്നത്. പ്രസിഡൻറ് തുടർച്ചയായി ഒരു ഏകാധിപതിയെപ്പോലെ പെരുമാറിയെന്നും, കമ്മിറ്റിയുടെ അഭിപ്രായങ്ങൾക്ക് യാതൊരു പരിഗണനയും നൽകിയിരുന്നില്ല എന്നുമാണ് പരാതി. ഇത് ശരിയാണെങ്കിൽ, ഈ പ്രശ്നം, നേരത്തെ തന്നെ ഉന്നയിച്ച്, അതു പരിഹരിക്കുവാൻ ‘ഫൊക്കാനാ’ യിൽ നിരവധി സംവിധാനങ്ങൾ ഉണ്ടായിരുന്നു. അതൊന്നും ചെയ്യാതെ നിയമ നടപടികളുമായി മുന്നോട്ടു പോകുവാനാണ് തീരുമാനം എന്നറിയുന്നു.
ഇപ്പോൾ നടന്ന ഇലക്ഷൻ ക്യാൻസൽ ചെയ്തിട്ട്, പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.
കരയ്ക്കിരുന്നു കളി കാണുന്നവർക്ക് ഈ വാർത്ത കേൾക്കുമ്പോൾ, പുച്ഛരസം കലർന്ന ഒരു ആനന്ദം തോന്നും. കോടതി വ്യവഹാരങ്ങളിൽ ആനന്ദം കണ്ടെത്തുന്ന ചില ‘സാഡിസ്റ്റ്’ മനോഭാവക്കാരാണ് പ്രോത്സാഹിപ്പിക്കുന്നതെന്നാണ് പിന്നാമ്പുറ വാർത്ത.
അഞ്ചു ലക്ഷത്തിലധികം വരുന്ന അമേരിക്കൻ മലയാളികളിൽ അയ്യായിരത്തിൽ താഴെ വരുന്ന ജനങ്ങൾക്ക് മാത്രമേ, ഫൊക്കാനാ, ഫോമ എന്നീ സംഘടനകളുടെ പ്രവർത്തനങ്ങളെപ്പറ്റി അറിയുവാനുള്ള താല്പര്യമുള്ളൂ എന്നതാണ് വസ്തുത.
രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന കൺവെൻഷനിൽ സൗകര്യമുണ്ടെങ്കിൽ പങ്കെടുക്കുക എന്ന ഒരൊറ്റ പരിപാടി മാത്രമേ അവർക്കുള്ളൂ. പിന്നീട് ഈ സംഘടനകൾ എന്തുചെയ്തു, എന്തു ചെയ്യുന്നു എന്നുള്ളത് ഒന്നും അമേരിക്കൻ മലയാളികൾക്ക് ഒരു പ്രശ്നമേയല്ല. അവരുടെ ദൈനംദിന ജീവിതത്തിൽ മറ്റെന്തെല്ലാം ഉത്തരവാദിത്വപ്പെട്ട കാര്യങ്ങൾ ചെയ്തു തീർക്കുവാൻ ഉണ്ട്- അതിനിടയിലാണ് ഒരു ഫൊക്കാനയും, ഫോമയും എന്നും പറഞ്ഞു കുറെ കൂട്ടർ ഉറഞ്ഞുതുള്ളി നടക്കുന്നത്.
ഇനി കോടതി വ്യവഹാരം.- ‘ഒരു വാശിക്ക് എടുത്തു ചാടിയാൽ പത്തു വാശിക്ക് തിരികെ കയറുവാൻ പറ്റുകയില്ല’- കോടതി മുറിയിൽ കയറി പഞ്ചപുച്ഛമടക്കി നിൽക്കുന്നത് അത്ര സുഖമുള്ള ഒരു ഏർപ്പാടല്ല എന്നു അനുഭവ വെളിച്ചത്തിൽ നിന്നുമറിയാം. നിനച്ചിരിക്കാത്ത നേരത്തായിരിക്കും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഇണ്ടാസ് എതിർകക്ഷിയുടെ ഭാഗത്തു നിന്നും വരുന്നത്. അഭിഭാഷകർക്ക് upfront ആയിത്തന്നെ നല്ലൊരു തുക കൊടുക്കണം. പിന്നെ ഓരോ appearance -നും പ്രത്യേകം.
വിജയപരാജയങ്ങൾ ആർക്കായാലും, ഇതിൽ ഉൾപ്പെടുന്നവർക്കെല്ലാം ധനനഷ്ടവും, മാനഹാനിയും, കുടുംബ കലഹവും ഫലം.
ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കി പുതിയൊരെണ്ണം നടത്തിയാൽ തന്നെ, തോറ്റവർ ജയിക്കും എന്നുള്ളതിന് എന്താണ് ഉറപ്പ് ? ജയിച്ചാൽ തന്നെ, ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ടീമിനേക്കാൾ എന്തു കോപ്പാണ് അമേരിക്കൻ മലയാളികൾക്ക് നിങ്ങൾ നൽകുവാൻ ഉദ്ദേശിക്കുന്നത് ?
പിന്നെ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഈ പ്രസിഡൻറ് പദവി ഒന്നും അത്ര വലിയ ആനക്കാര്യമൊന്നുമല്ല. പ്രസിഡന്റാണെന്ന് നെറ്റിൽ എഴുതി ഒട്ടിച്ചു കൊണ്ട്, കയ്യിലെ കാശു മുടക്കി തേരാപ്പാര നടക്കാം. വല്ല ഓണത്തിനോ ചങ്ക്രാന്ത്യക്കോ പത്തുപേരുടെ കൂട്ടത്തിൽ ഇന്ന്, ഒരു തിരി കൊളുത്തി പത്രത്തിൽ പടം അടിച്ചു വരുത്താം – അത്രതന്നെ!
പകൽ രാജാവായി വാണരുളുന്ന സൂര്യൻറെ പ്രതാപം സന്ധ്യവരെ മാത്രം !
ഒന്നാലോചിച്ചുനോക്കൂ – എത്രയോ പേർ ഈ പ്രസിഡൻറ് പദവി അലങ്കരിച്ചിരിക്കുന്നു. അതിൽ എത്ര പേരെ ഇന്നു നിങ്ങൾക്ക് അറിയാം ? ഏതെങ്കിലും സെക്രട്ടറിയോ ട്രഷറാറെയോ ആരെങ്കിലും ഓർക്കുന്നുണ്ടോ ?
ഇത്രയേ ഉള്ളൂ ഈ പദവിയുടെ മാഹാത്മ്യം-
അതുകൊണ്ട്, കേസിനും വഴക്കിനു ഒന്നും പോകാതെ,
“കത്തി താഴെ ഇടെടാ – നിൻറെ അച്ഛനാണ് പറയുന്നത് ” –
കണ്ണുള്ളവർ കാണട്ടെ !
ചെവിയുള്ളവർ കേൾക്കട്ടെ !!
വിജയപ്രദമായ ഒരു കൺവൻഷൻ നടത്തിയ ഡോ.ബാബു സ്റ്റീഫനും ടീമിനും അഭിനന്ദനങ്ങൾ!
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ സജിമോൻആൻറണിക്കും ടീമിനും ആശംസകൾ !