Monday, May 20, 2024
Homeഅമേരിക്കനക്ഷത്രക്കൂടാരം – (ബാലപംക്തി – 22) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

നക്ഷത്രക്കൂടാരം – (ബാലപംക്തി – 22) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

കടമക്കുടി മാഷ്

സ്നേഹമുള്ള കുഞ്ഞുങ്ങളേ,

എല്ലാവർക്കും സുഖമെന്നു കരുതുകയാണ്. പരീക്ഷയും ബദ്ധപ്പാടുമെല്ലാം കഴിഞ്ഞ് മധ്യവേനലവധിയുടെ ആശ്വാസത്തിലേക്ക് കടന്നിരിക്കുകയാണല്ലോ. പലരും ഉല്ലാസയാത്രകൾ പോയിട്ടുണ്ടാവും. ചിലരൊക്കെ അതിൻ്റെ പ്ലാനിംഗിലുമാവും.

വേനൽച്ചൂടും മഴ എത്തിനോക്കാതിരിക്കുന്നതും ഒട്ടൊന്നുമല്ല നിങ്ങളെ വിഷമിപ്പിക്കുന്നതെന്നറിയാം. എന്നാൽ ഈ വേനലിനെ തലയിൽ പൂവാക്കി ചൂടി നിന്നുകൊണ്ട് പൂക്കാതിരിക്കാനെനിക്കാവതില്ലേ എന്നു മനസ്സോടെ കൊന്നകൾ മഞ്ഞണിമലരണിയുകയാണ്. ഇത് വിഷുവിൻ്റെ വരവാണ്. വിഷുവം എന്ന വാക്കിൻ്റെ അർത്ഥം തുല്യം എന്നാണ്. മലയാളമാസം മേടം ഒന്ന് സൂര്യൻ അടുത്ത രാശിയിലേക്ക് കടക്കുന്ന ദിവസ യാണ്. അന്നാണ് രാവും പകലും സമമായ മേട വിഷു. വസന്തകാലവും വിളവെടുപ്പും പുതുവർഷവുമൊന്നിച്ചെത്തുന്ന ഈ ദിവസം മലയാളത്തിനുത്സവമാണ്. മംഗളകരമായവയെല്ലാം ചേർത്ത വിഷുക്കണിയാണ് അതിൽ പ്രധാനം കുടുംബത്തിലെ മുതിർന്ന സ്ത്രീയാണ് വിഷുക്കണി ഒരുക്കേണ്ടത്. ശ്രീകൃഷ്ണൻ്റെ വിഗ്രഹത്തിനു മുന്നിൽ തേങ്ങ, വെറ്റില, അടയ്ക്ക, കണിക്കാെന്നപ്പൂക്കൾ, കൺമഷി,പച്ചരി,നാരങ്ങ,പഴം,വെള്ളരി,ചക്ക, വാൽക്കണ്ണാടി, ഗ്രന്ഥം, കോടിമുണ്ട്, നാണയം തുടങ്ങിയവ പീഠത്തിൽ വച്ച ഓട്ടുരുളിയിലും ചുറ്റിലുമായി നിറയ്ക്കുന്നു. തൊട്ടടുത്ത് നിറപറയും കത്തിച്ച നിലവിളക്കും കിണ്ടിയും. നേരം പുലരും മുമ്പേ കുടുംബത്തിലുള്ളവരെല്ലാം കണ്ണുകളടച്ച് കണിയൊരുക്കിയേടത്ത് എത്തുന്നു. വർഷത്തിൽ ആദ്യ ദിവസത്തെ കണിക്കാഴ്ച ഐശ്വര്യം നല്കുന്നു എന്നാണ് വിശ്വാസം.

കണിയ്ക്കു ശേഷം ഗൃഹനാഥൻ എല്ലാവർക്കും വിഷുക്കൈനീട്ടം നല്കുന്നു. വിഷു സദ്യയും വിഷുപ്പായസവും പടക്കം പൊട്ടിക്കലുമൊക്കെ ആഘോഷങ്ങളുടെ ഭാഗമാണ്.

ഈ വർഷത്തെ വിഷു ഈ വരുന്ന ഏപ്രിൽ 14ന് (മേടം1)ആണ്
വിഷുവിനെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. അതൊക്കെ നിങ്ങൾ മുതിർന്നവരാേട് ചോദിച്ചു മനസ്സിലാക്കണം.

ഇനി മാഷെഴുതിയ ഒരു വിഷുഗാനമാണ് താഴെ കൊടുക്കുന്നത്.

🌷🌷🌷🌷🌷🌷🌷🌷🌷🌷

ഒരു വിഷുപ്പാട്ട്
+++++++++++++

മേദിനിയുടെ ഉത്സവമായി
മേടപ്പൂ കിങ്ങിണി നീളേ
വിഷുപ്പക്ഷി പാടും കാടുംമേടും മേലെ
വിളഞ്ഞല്ലേ പൊന്നും നെല്ലും കതിരും
ചാലേ
അണിഞ്ഞല്ലോ മലയാളം
കണിമഞ്ഞപ്പൂത്താലി.
( മേദിനിയുടെ ……….)
പൊന്നുരുളിയിലെന്തെല്ലാം
മംഗളങ്ങൾ നിറയുന്നു
നിലവിളക്കു തെളിയും നാളം
നിലാവുപോൽ കതിരുന്നു.
സ്വർണ്ണതാരുകൾ പൂത്തമാമരം
കർണ്ണികാരമായ് വന്നമേടമേ
നിരനിരന്നു വായോ
വിഷുപ്പൊൻകണികാണാൻ
മിഴിതുറന്നു കാണാം
മനമുണർന്നുവായോ
പൊൻകണി കാണാൻ
വിഷുപ്പൊൻകണി കാണാൻ …….. (2)
( മേദിനിയുടെ ……………)
പൊന്മുരളികയൂതുന്നോൻ
മഞ്ഞവർണ്ണം ചാർത്തുന്നോൻ
കിങ്ങിണിയും വളയും തളയും
തൊങ്ങലിടും കുടയും ചൂടി
പീലിചാർത്തിയോ നീലവർണ്ണമേ
ലീലയാടിയോ ഗോപബാലകാ….
നിരനിരന്നു വായോ
വിഷുപ്പൊൻകണികാണാൻ
മിഴിതുറന്നു കാണാം
മനമുണർന്നുവായോ
പൊൻകണി കാണാൻ
വിഷുപ്പൊൻകണി കാണാൻ …….. (2)
( മേദിനിയുടെ ……….)

💫💫💫💫💫💫💫💫💫💫💫

വിഷുപ്പാട്ട് ഇഷ്മായി ല്ലേ?

വിഷുപ്പാട്ടിനു ശേഷം നല്ലൊരു കഥപറയാൻ ഇതാ ഒരു സാഹിത്യപ്രതിഭ എത്തിയിട്ടുണ്ട്.

ആലപ്പുഴ കണിച്ചു കുളങ്ങര സ്വദേശിയായ ബാലസാഹിത്യകാരൻ. അധ്യാപകനും കവിയും കഥാകൃത്തുമായ ശ്രീ.ടി.വി.ഹരികുമാർ .
മലയാളത്തിലെ മിക്ക ബാലപ്രസിദ്ധീകരണങ്ങളിലും അദ്ദേഹം എഴുതാറുണ്ട്. മറ്റ് ആനുകാലികങ്ങളിലു കഥ, കവിത, ലേഖനം മുതലായവ എഴുതുന്നു.
പ്രസിദ്ധീകരിച്ച രചനകൾ :കുഞ്ഞിക്കിളിയുടെ പാട്ട്, പ്രകൃതിയുടെ ഈണങ്ങൾ, കൽപ്രതിമകൾ . നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഹൃദയകുമാരി പുരസ്കാരം, വിപഞ്ചിക മിനിക്കഥാ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ടി.വി.ഹരികുമാറിന്റെ ഒരു പള്ളിക്കൂടം കഥ :
🌻🌻🌻🌻🌻🌻🌻🌻🌻🌻

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

അവധി കഴിഞ്ഞപ്പോൾ

ആറു ദിവസത്തെ അവധി.ഒന്നു നാട്ടിൽപ്പോയി വന്നു. നാലുമണി വ|രെ ക്ലാസ്സുകളിൽ തിരക്കിലായിരുന്നു. നാലരക്കുശേഷം കൃഷികാര്യങ്ങളിലേക്ക് തിരിഞ്ഞപ്പോഴാണ് അവന്റെ കാര്യമാർത്തത്. മൂന്നാം ക്ലാസ്സുകാരൻ ജിത്തു. ഞാനവനെ ജിത്തുക്കുട്ടാ എന്നും ചിലപ്പോഴൊക്കെ അക്കോസേട്ടാ എന്നും വിളിക്കും. യോദ്ധാ സിനിമയിലെ ലാമയുടെ മുഖവും, കണ്ണുകളുമാണവന് . അവനെന്താണാവോ ഇന്നു വന്നില്ലെ? കണ്ടില്ല.
ആറുദിനമായി വെള്ളം കിട്ടാതെ പല ചെടികളും വാടിത്തുടങ്ങി.എല്ലാം നേരെയാക്കി നനച്ചുകഴിഞ്ഞപ്പോൾ മണി ആറായി.

”എന്താ സാർ ചെടിയൊക്കെ വാടാതെ നിൽപ്പുണ്ടോ..? ”
സിബിയാണ്. ഓഫീസ്സ് സ്റ്റാഫ് …

“ങ്ഹാ… കുഴപ്പമില്ല. ”
സിബി ക്ലാസ്മുറികൾ പൂട്ടാനായി നടന്നുനീങ്ങി. എന്നാലും ജിത്തുക്കുട്ടൻ എന്താണാവോ ഇന്നുവരാതിരുന്നത് ?… ആറുമണിക്ക് പപ്പ വന്നുകൊണ്ടുപോകുന്നതുവരെ വർത്തമാനം പറഞ്ഞ് കൂടെനടക്കും. അവന്റെ വീട്ടുവിശേഷം ഏറെക്കുറെ എനിക്കറിയാം…. അവന് ഒരു അനിയത്തിക്കുട്ടി വേണം.പപ്പയോടു പറഞ്ഞിട്ടുണ്ടത്രേ…

” ആങ്ഹാ … അനിയത്തിക്കുട്ടിക്ക് നീ എന്തു പേരാ ഇടുക ? ”
“കല്യാണി…”
”അതെന്താ, അതൊരു പഴയ പേരല്ലെ ?”
“എനിക്കാപ്പേരു മതി”

മമ്മിയെക്കുറിച്ച് ഒന്നും പറയില്ല. അവനെ മുറിയിൽ പൂട്ടിയിടുമത്രെ… തന്നെയുമല്ല ചെറിയ കാര്യത്തിനു പോലും അടിക്കും. സ്കൂൾവിട്ടാൽ പപ്പ വന്നു വിളിച്ചുകൊണ്ടു പോകണത് മമ്മിയെ പേടിച്ചാണത്രെ. അവന്റെ കുഞ്ഞു മുഖം ഭയംകൊണ്ടു ചുവക്കും.മമ്മിയും, പപ്പയും എപ്പോഴും വഴക്കാണ് ……

പാവം പപ്പ… മമ്മി ആഹാരമൊക്കെ വച്ചുകഴിക്കും. ഞങ്ങൾക്ക് തരില്ല.
പറഞ്ഞു തീരുമ്പോൾ അവൻ്റെ കുഞ്ഞിക്കണ്ണുകൾ നിറയും..
” ജിത്തുക്കുട്ടാ : നീ പഠിച്ചു മിടുക്കനാകണം. പപ്പയെയും, മമ്മിയെയും പറഞ്ഞു മനസ്സിലാക്കണം ….”

അതുകേൾക്കുമ്പോൾ ജിത്തുചിരിക്കും. അപ്പോഴാണ് അവൻ ശരിക്കും അക്കോസേട്ടനാവുക.. അപ്പാൾ ആ കുഞ്ഞിക്കണ്ണുകൾ അടഞ്ഞു വരും.നല്ല രസമാണു കാണാൻ.
പപ്പ വന്നാൽപ്പിന്നെ ചിരിച്ചു സന്തോഷിച്ച് ഓട്ടമാണ് .
നാട്ടിൽനിന്നു വന്നപ്പോൾ അവനു വേണ്ടിയൊരു ചാമ്പത്തൈ കൊണ്ടുവന്നു. വീട്ടിലെ ചെടികളെക്കുറിച്ചു ചോദിച്ചപ്പോൾ .. നിറയെ പൂക്കുന്ന, കായ്ക്കുന്ന ആപ്പിൾച്ചാമ്പയെക്കുറിച്ചു ഞാൻ പറഞ്ഞു. അപ്പോൾ അവനതിന്റെ തൈ വേണം. കൊണ്ടുവരാമെന്നേറ്റു.
ഇന്നാണ് അതുകൊണ്ടുവന്നത്.
നനകഴിഞ്ഞ് പൈപ്പ് മടക്കിയിട്ടു. കൈകാൽകഴുകി പോരാൻ തുടങ്ങുമ്പോഴാണ് സിബി പറഞ്ഞത് “സാറേ ജിത്തുക്കുട്ടന്റെ പപ്പയുടെ കാര്യമറിഞ്ഞോ ?”

“ഇല്ല,എന്താ സിബി ?
“ആത്മഹത്യ ചെയ്തു.”

എന്ത്?… വലിയ ഷോക്കായിപ്പോയി ആ വാർത്ത.
”എന്നാണ് ? ”
”സാർ പോയതിന്റെ പിറ്റെ ദിവസം. ഇന്നേയ്ക്ക് നാലായി… ഞങ്ങളെല്ലാം പോയിരുന്നു ..കരയുന്നതിനിടയിൽ അവൻ ചോദിച്ചു സാറെപ്പോഴെത്തുമെന്ന് ”

സിബി പറയുന്നതൊന്നും കേൾക്കാവുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. തലകറങ്ങുന്നപോലെ..
പാവം കുഞ്ഞ്…. അവന്റെ ഏറ്റവും പ്രിയപ്പെട്ട പപ്പ …….. ഇനി ആ കുഞ്ഞ് ..

” റ്റി.സി. വാങ്ങി കൊണ്ടുപോകുമെന്ന് അവന്റെ അമ്മ പറഞ്ഞു….. ”
സിബി പതിയെ പറഞ്ഞു.
” അമ്മക്കൊപ്പം പോകുന്നില്ല അവൻ സാറിനൊപ്പം നിന്നോളാമെന്നാണ് ലയ ടീച്ചറോടു പറഞ്ഞത് ”

“സിബി…. എനിക്കൊന്നും പറയാൻ ശക്തിയില്ല.ഞാനെന്തായാലും അവന്റെ വീട്ടിലേക്കാ….”
“സാറേ… അവനിവിടില്ല.. പപ്പയുടെ വീട്ടുകാർ കൊണ്ടുപോയി… വലിയ വഴക്കായിരുന്നു സാർ. ”
ഒന്നും പറയാനോ…. കേൾക്കാനോ ആവാത്ത അവസ്ഥയിൽ ഇരുന്നു പോയി ഞാൻ.പാവം ജിത്തുക്കുട്ടൻ !!
ആപ്പിൾച്ചാമ്പതൈ കവറിനുള്ളിൽ അനാഥമായി ഇരുന്നു

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ജിത്തുവിനെ ഇഷ്ടപ്പെടുന്ന സാറിൻ്റെ കഥ എങ്ങനെയുണ്ട്? പാവം ജിത്തു ഇനി അവനെ സ്നേഹിക്കാൻ ആരാണുള്ളത്?

കഥയിൽ ലയിച്ചിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ട രസകരവും പ്രാസനിബദ്ധവുമായ ഒരു കവിത പാടാൻ സംഗീതപ്രേമിയായ ഒരു മാമൻ ഓടിയെത്തുന്നുണ്ട് – ശ്രീ. മധുനായർ.

അദ്ദേഹത്തിൻ്റെ ജനനവും വിദ്യാഭ്യാസവും തൊടുപുഴയിലാണ്. ബിരുദാനന്തരബിരുദ പഠനത്തിൻ്റെ അവസാന കാലത്തിലാണ് മലബാറിലെത്തിയത്.
നല്ല വായനക്കാരനും എഴുത്തുകാരനുമാണ്.

ഇപ്പോൾ മലപ്പുറം ജില്ലയിലെ അമരമ്പലത്തിനടുള്ള
പൂക്കോട്ടുംപാടത്ത് ‘മിഥുന’ത്തിൽ താമസിക്കുന്നു. ഡ്രൈവറായി
ജോലി ചെയ്യുകയാണ്.

ഭാര്യ ഷീബ ബ്യൂട്ടി പാർലർ നടത്തുന്നു.
രണ്ടു മക്കളുണ്ട്. .
മൂത്ത മകൻ മിഥുൻ കാനഡയിലും
ഇളയ മകൻ നിധിൻ ദുബായിലും
ജോലി ചെയ്യുന്നു .

ശ്രീ മധു നായർ എഴുതിയ കവിതയാണ് താഴെ.

💐💐💐💐💐💐💐💐💐💐

🌽🌽🌽🌽🌽🌽🌽🌽🌽🌽🌽

വിഷുപ്പാട്ട് …
*******

വിഷുവെന്നാണ് വല്യേട്ടാ?
വരും നാളല്ലോ ചിങ്കാരീ
വിഷുക്കൈനീട്ടം വല്യേട്ടാ
വിഷു പുലരട്ടെ കാന്താരീ …

വാഴപ്പഴം താ വല്യേട്ടാ
വാഴ കുലയ്ക്കട്ടെ ചിങ്കാരീ
വാഴ കുലയ്ക്കണതെന്നാണ്
വൃശ്ചിക മാസം കാന്താരീ ….

വണ്ടു മുരളുന്നു വല്യേട്ടാ
വണ്ടിനു കോപം ചിങ്കാരീ
വണ്ടിൻ വീടെവിടാണേട്ടാ
വണ്ടൻമേട്ടിൽ കാന്താരീ …

വാർമുകിലെവിടേ വല്യേട്ടാ
വാർമുകിൽ വാനിൽ ചിങ്കാരീ
വാർമുകിലിൻ നിറമെന്തേട്ടാ
വെളുവെളെ കറുകറെ കാന്താരീ …

വട്ടേപ്പം തരൂ വല്യേട്ടാ
വെന്തിട്ടില്ലാ ചിങ്കാരീ
വേകുന്നെപ്പോൾ വല്യേട്ടാ
വൈകുന്നേരം കാന്താരീ …

വാർതിങ്കൾക്കല എവിടേട്ടാ
വൻമല മേലേ ചിങ്കാരീ
വാർതിങ്കൾ നിറമെന്തേട്ടാ
വെള്ളി വെളിച്ചം കാന്താരീ .
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വിഷുവിന് വ കൊണ്ട് ഒരു സദ്യയൊരുക്കിയ വിഷുപ്പാട്ട് എല്ലാവർക്കും ഇഷ്ടമായല്ലോ അല്ലേ?
✳️✳️✳️✳️✳️✳️✳️✳️✳️✳️

ഇനി കുട്ടികളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരനായ ശ്രീ.ജോസ് ഗാേതുരുത്ത് സാറിനെ പരിചയപ്പെടാം. എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.
എറണാകുളം ജില്ലയിലെ ഗോതുരുത്ത് സ്വദേശിയായ ജോസ് ഗോതുരുത്ത് സാർ. 1980 മുതൽ ബാലസാഹിത്യരചനയിൽ മുഴുകിയ ജോസ് സാർ ധാരാളം ബാലസാഹിത്യ ഗ്രന്ഥങ്ങളുടെ കർത്താവാണ്. നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അധ്യാപകൻ, സംഘാടകൻ, സാമൂഹ്യസാംസ്ക്കാരിക പ്രവർത്തകൻ, ബാലസാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനുമാണ്. ജോസ് ഗോതുരുത്ത് സാറിന്റെ നല്ല ചങ്ങാതിമാർ എന്ന നല്ലൊരു കഥയാണ് താഴെ കൊടുത്തിരിക്കുന്നത്.!

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

നല്ല ചങ്ങാതിമാർ!

നാണിയമ്മ ഒറ്റയ്ക്കാണ് താമസം. സ്വന്തമെന്നു പറയാൻ ആരുമില്ല. പിന്നെ, രണ്ടു പേരുണ്ട് കൂട്ടിനായി. കണ്ടൻ പൂച്ചയും പാണ്ടൻ നായും ! നാണിയമ്മയ്ക്ക് അതൊരു ധൈര്യമാണ്.
ഒരു ദിവസം നാണിയമ്മയ്ക്ക്‌ നെയ്യപ്പം തിന്നാൻ കൊതിയായി. വേണ്ടുന്ന സാധനങ്ങളെല്ലാം ഒരുക്കി വെച്ചു. അങ്ങനെ നാണിയമ്മ നെയ്യപ്പം ചുട്ടു. ചുട്ട നെയ്യപ്പ മെല്ലാം ചൂടാറാനായി മുറത്തിലിട്ടു.
കണ്ടൻ പൂച്ച മണംപിടിച്ച് അടുത്തു കൂടി. മൂളി, മൂളി ചുററി നടന്നു. നാണിയമ്മയുടെ കാലിൽ പലവട്ടം തഴുകി തോർത്തി. നാണിയമ്മയ്ക്ക് കാര്യം പിടികിട്ടി.

കണ്ടാ, കണ്ടാ കൊതിയുണ്ടോ?
അപ്പം തിന്നാൻ കൊതിയുണ്ടോ?
ഇപ്പത്തന്നെ എടുത്തു തരാം
അപ്പത്തിൻ ചൂടാറട്ടെ!

അൽപ്പനേരം കഴിഞ്ഞ പ്പോൾ ഒരു നെയ്യപ്പമെടുത്ത് നാണിയമ്മ കണ്ടനു കൊടുത്തു. കണ്ടനു സന്തോഷമായി. അവൻ അതുമായി വരാന്തയിലേക്ക് പോയി.
എന്തോ എടുക്കാനായി നാണിയമ്മ വരാന്തയിലെത്തി. അപ്പോൾ കണ്ടകാഴ്ച നാണിയമ്മയെ അത്ഭുതപ്പെടത്തി, സന്തോഷിപ്പിച്ചു. കണ്ടനും പാണ്ടനും കൂടി നെയ്യപ്പത്തിന്റെ അരിക് പിടിച്ച് പതുക്കെ പതുക്കെ കടിച്ചു തിന്നുകയാണ്!!

അവരുടെ സഹകരണവും സൗഹൃദവും കണ്ട് നാണിയമ്മ കോരിത്തരിച്ചു. നാണിയമ്മ ഒന്നു പാടിപ്പോയി.

കണ്ടാ,പാണ്ടാ നിങ്ങൾക്കായ്
കൊണ്ടുവരും ഞാൻ സമ്മാനം.
ഒരുമ പഠിച്ചവരീ വീട്ടിൽ
അരുമകളായിനി വാഴേണം.

നാണിയമ്മ ഒരു നെയ്യപ്പം കൂടിയെടുത്ത് അവർക്ക് നൽകി. ശാന്തരായി രണ്ടു പേരും നെയ്യപ്പം തിന്നുന്നത് നാണിയമ്മ നോക്കി നിന്നു.
സൗഹൃദവും സഹകരണവും വിളയുന്നിടത്ത് സമ്മാനങ്ങളും സൗഭാഗ്യങ്ങളും താനേ വന്നുചേരും!!
……….. …… ………. ……
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

കഥ രസകരമല്ലേ. പാണ്ടൻ്റെയും കണ്ടൻ്റെയും സൗഹൃദം കണ്ടു പഠിക്കണം. നമുക്കും അവരെപ്പോലെ പരസ്പരം സ്നേഹത്തോടെ കഴിയണം.

കഥയ്ക്കു ഒരു അപ്പപ്പാട്ടാണ്. ജോസ് സാറിൻ്റെ കഥയിലും ഈ കവിതയിലുമുണ്ട് വിഷുവിൻ്റെ പലഹാരങ്ങളിൽ ഒന്നായ നെയ്യപ്പം.

എന്റെ പ്രിയ സുഹൃത്തും അയൽക്കാരനുമായ ശ്രീ.പി.എൻ വിജയൻ സാറാണ് അപ്പം എന്ന കവിതയുമായി നിങ്ങളെത്തേടി വന്നിരിക്കുന്നത്. മലയാളത്തിലെ പ്രസിദ്ധ കഥാകൃത്തായ അദ്ദേഹം മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള കരിക്കാട് ഗ്രാമനിവാസിയാണ്.

മദ്ധ്യപ്രദേശ്, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ റയിൽവേ സ്ക്കൂളുകളിൽ അധ്യാപകനായിരുന്നു.

വിജയന്റെ കഥകൾ തമിഴ്, കർണാടക, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

ഭാരതപ്പുഷ, ശ്വാസകോശത്തിൽ ഒരു ശലഭം,സിന്ദൂരപ്പൊട്ടുതൊട്ട അതിഥി
മറ്റൊരിടത്തു വീണ്ടും, തെരഞ്ഞെടുത്ത കഥകൾ, കവിതായനം, ഭാരതീയം.
തർപ്പണം, പന്ത് ഉരുളുകയാണ്.
അനാഥം, സന്തുഷ്ടനിഴലുകളുടെ നടനം, ഭഗവദ്ഗീത നങ്ങേമക്കുട്ടി തുടങ്ങി ധാരാളം കഥ – കവിത – നോവൽ -വിവർത്തന – ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചന്ദ്രികാ നോവൽ അവാർഡ്, യോഗക്ഷേമം സംസ്ഥാന കഥാഅവാർഡ്,
ചെറുകാട് ട്രസ്റ്റ് കവിതാ സമ്മാനം, ബംഗ്ലൂർ മലയാളി സമാജത്തിന്റെ
കഥാരംഗം അവാർഡ്, മദിരാശി കേരളസമാജത്തിന്റെ കവിതാ അവാർഡ്,
ഊട്ടി തമിഴ് ഇലക്കിയ സമാജത്തിന്റെ തക്താ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള വിജയൻ മാഷ് കുട്ടികൾക്കായി എഴുതിയ കവിതയാണ് താഴെ.
🍲🍲🍲🍲🍲🍲🍲🍲🍲🍲🍲

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

അപ്പം
+++++++

എണ്ണയിലായാൽ എണ്ണപ്പം
എണ്ണാനേറെയെളുപ്പം.

നെയ്യിലായാൽ നെയ്യപ്പം
അയ്യാ എന്തൊരു രസമപ്പം

ഉണ്ണിക്കായാൽ ഉണ്യപ്പം
അച്ചിലിട്ടാൽ അച്ചപ്പം.

കുഴലിലിട്ടാൽ കുഴലപ്പം
ചട്ടിയിലായാൽ ചട്യപ്പം.

വട്ടം കൂട്യാൽ വട്ടപ്പം
ഉണ്ടയായാൽ ഉണ്ടപ്പം .

മുട്ട ചേർത്താൽ മുട്ടപ്പം
കാരയിലായാൽ കാരപ്പം

പാലിലായാൽ പാലപ്പം
ഇലയിലായാൽ ഇലയപ്പം.

അപ്പം അപ്പം പലയപ്പം
ആർക്കും എപ്പോം വേണപ്പം.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
വിഷു വിഭവങ്ങൾ ഇഷ്ടമായോ? സൂര്യൻ്റെ ഉത്തരായന യാത്രാരംഭമായ മേട സംക്രാന്തിയിലെത്തുന്ന വിഷുവിന് കണിയും. കൈനീട്ടവും നെയ്യപ്പവും പായസവും സദ്യയുമൊക്കെയായി വലിയ ആഘോഷമായിരിക്കും അല്ലേ?
ഈ കഥകളും കവിതകളും വായിച്ച് അഭിപ്രായം പറയണം. എല്ലാ കൂട്ടുകാരെയും വായിച്ചു കേൾപ്പിക്കണം

നമുക്കിനി അടുത്ത ലക്കത്തിൽ വീണ്ടും കാണാം.
എല്ലാവർക്കും വിഷുമംഗളങ്ങൾ!

നിങ്ങളുടെ സ്വന്തം
കടമക്കുടി മാഷ്

സ്നേഹത്താേടെ,
നിങ്ങളുടെ.. സ്വന്തം

കടമക്കുടി മാഷ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments