Logo Below Image
Saturday, July 5, 2025
Logo Below Image
Homeഅമേരിക്കമൂല്യങ്ങളിൽ ഉറച്ചു നിന്നത് മനോരമക്ക് കരുത്തായി: ജോസ് പനച്ചിപ്പുറം

മൂല്യങ്ങളിൽ ഉറച്ചു നിന്നത് മനോരമക്ക് കരുത്തായി: ജോസ് പനച്ചിപ്പുറം

ഷോളി കുമ്പിളുവേലി

ന്യു യോർക്ക്: നാനാത്വത്തിൽ ഏകത്വമാണ് ഭാരതത്തിന്റെ മഹത്വമായി നാം വിശേഷിപ്പിക്കുന്നത്. അതായത് പല വിഭാഗങ്ങൾ ചേർന്നതെന്നർത്ഥം. അപ്പോൾ ഒരു വിഭാഗത്തെ അവഗണിക്കുകയോ അപരവൽക്കരിക്കുകയോ ചെയ്യുന്നത് ദോഷമാകും. അത്തരമൊരു നിലപാട് അംഗീകരിക്കാനാവില്ല-മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ചൂണ്ടിക്കാട്ടി.

മലയാള മനോരമയിലും പത്രപ്രവർത്തന രംഗത്തും 50 വര്ഷം പൂർത്തിയാക്കിയ ജോസ് പനച്ചിപ്പുറത്തിനു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യു യോർക്ക് ചാപ്ടർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും പങ്കെടുത്ത യോഗത്തിൽ മാധ്യമങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി സദസ്യരുടെ ചോദ്യങ്ങൾക്ക് ജോസ് പനച്ചിപ്പുറം മറുപടി നൽകി.

ദൃശ്യമാദ്ധ്യമങ്ങൾ ശക്തിപ്പെട്ടുവെങ്കിലും ഇപ്പോഴും അവസാനവാക്ക് പ്രിന്റ് മീഡിയ തന്നെയാണെന്ന് ജോസ് പനച്ചിപ്പുറം ചൂണ്ടിക്കാട്ടി. ടി.വിയിൽ ആലപ്പുഴയിൽ നാളെ അവധി എന്ന് കണ്ടാൽ പലരും പത്രത്തിൽ വിളിച്ചു ചോദിക്കും, അത് ശരിയാണോ എന്ന്. പത്രം പറയുന്നതാണ് അവർ വിശ്വസിക്കുന്നത്. അത്തരമൊരു വിശ്വാസ്യത മനോരമക്കെങ്കിലും നിലനിർത്താൻ കഴിയുന്നത് കൊണ്ടാണ് പത്രം ഇപ്പോഴും ശക്തമായി മുന്നോട്ടു പോകുന്നത്.

ഇന്ന് വാർത്ത അറിയാൻ പലവിധ മാര്ഗങ്ങളുമുണ്ട്. അവ എത്ര സത്യമാണെന്ന് ഉറപ്പാക്കാൻ വഴിയില്ലെങ്കിലും. അതെ സമയം പത്രങ്ങൾക്ക് ഒരു ‘യൂട്ടിലിറ്റി വാല്യൂ’ നിലനിൽക്കുന്നു. ലോകത്തിലെ പല പത്രങ്ങളും നിലനിക്കുന്നത് അങ്ങനെയാണ്. മനോരമയിലെ ഒരു പംക്തിയാണ് പടിപ്പുര. പഠിക്കുന്ന കുട്ടികളെ ഏറെ സഹായിക്കുന്നതാണത്. പടിപ്പുര വായിച്ചിട്ടു വരണം എന്ന അധ്യാപകർ തന്നെ കുട്ടികളോട് പറയുന്ന സ്ഥിതി ഉണ്ട്. അങ്ങനെ പത്രം ജനത്തിന് ഉപകാരമാകുന്നു.

എന്തായാലും കുറേക്കാലം കൂടി കേരളത്തിൽ പ്രിന്റ് മീഡിയ സജീവമായി തന്നെ മുന്നോട്ടു പോകുമെന്നതാണ് തങ്ങളുടെ നിരീക്ഷണം.

പത്രങ്ങൾ പക്ഷം പിടിക്കുന്നു, വാർത്ത വളച്ചൊടിക്കുന്നു എന്നൊക്കെ ആരോപണം കേൾക്കാറുണ്ട്. അര നൂറ്റാണ്ടിലെ തന്റെ അനുഭവത്തിൽ വാർത്ത ഇന്ന രീതിയിൽ കൊടുക്കണമെന്നോ കൊടുക്കരുതെന്നോ ഒന്നും മാനേജ്‌മെന്റ് പറഞ്ഞ അനുഭവമില്ല. എഡിറ്റോറിയൽ ടീം കൂടിയാലോചിച്ചാണ് വാർത്തകൾ ഏതൊക്കെ വേണമെന്ന് തീരുമാനിക്കുന്നത്. മനോരമിക്കിപ്പോൾ 16 എഡിഷനുണ്ട്. അവിടെയുള്ള എല്ലാവരുമായും സൂമിലും മറ്റും ചർച്ച ചെയ്യുക ഇന്നിപ്പോൾ എളുപ്പമാണ്. പോപ്പ് മരിച്ചപ്പോൾ ദൽഹി ലേഖകനെ വത്തിക്കാന് വിട്ടു. അദ്ദേഹവുമായി നിരന്തരം എഡിറ്റോറിയൽ ടീം ബന്ധപ്പെട്ടാണ് വാർത്തകൾ തീരുമാനിക്കുന്നത്. അത്രയധികം വലിയ നെറ്റ്വർക്കാണ് ഇപ്പോഴുള്ളത്. അതായത് ഒരാൾ തനിച്ചല്ല തീരുമാനങ്ങളെടുക്കുന്നത്. നമുക്ക് നമ്മുടെ വായനക്കാരെ അറിയാം. അവര്ക്ക് വേണ്ടതെന്തെന്ന് അറിയാം. അതനുസരിച്ചു വാർത്ത നൽകുന്നു.

ഇന്നിപ്പോൾ ടെക്‌നോളജി പല കാര്യത്തിനും നമ്മെ സഹായിക്കുന്നു. ഉദാഹരണം സൂം. അത് പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. പക്ഷെ അവിടെ എത്തിക്സ് മറക്കാൻ പാടില്ല.

ഒരു പതിനഞ്ചു വയസുള്ള പെൺകുട്ടി ആത്മഹത്യ ചെയ്യതാൽ ചിലപ്പോൾ മനോരമയിൽ അത് വാർത്തയായി വന്നുവെന്നു വരില്ല. പ്രധാനകാരണം അത് ആ കുടുംബത്തെ എത്രമാത്രം വേദനിപ്പിക്കും എന്നത് തന്നെ. നമ്മുടെ ഏജന്റ് മുതൽ ജില്ലാ ലേഖകൻ വരെ വാർത്ത അറിഞ്ഞതാണ്. പോലീസിലും ഹോസ്പിറ്റലിലും വിളിച്ച് കൺഫേം ചെയ്തതാണ്. പക്ഷെ അത് മുതലാക്കാൻ നമുക്ക് താല്പര്യമില്ല. അതുപോലെ വായനക്കാരുടെ അറിയാനുള്ള താല്പര്യത്തെ അത് നിഷേധിക്കുന്നില്ലെന്നാണ് ഞങ്ങൾ കരുതുന്നത്.

വീട്ടുകാർ ആവശ്യപ്പെട്ടില്ലെങ്കിലും ഇത്തരം വാർത്തകൾ കൊടുക്കുന്നതിൽ വ്യക്തമായ ഒരു നയം മനോരമക്കുണ്ട്. പരീക്ഷക്ക് തോറ്റതിന്റെ പേരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌താൽ അത് കൊടുക്കില്ലെന്നാണ് മനോരമയുടെ നയം. അത്തരം വാർത്ത കാണുന്ന മറ്റു കുട്ടികൾ വിചാരിച്ചേക്കാം പരീക്ഷയിൽ തോറ്റാൽ അടുത്ത വഴി ഇതാണെന്ന്. അത് പ്രോത്സാഹിപ്പിക്കാനാവില്ലല്ലോ.

അതെ സമയം ഏറ്റുമാനൂരിൽ അമ്മയും രണ്ടു കുട്ടികളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചത് വാർത്തയാണ്. അത് മറച്ചു വയ്ക്കാനാവില്ല.

നാം കൊടുക്കുന്ന വാർത്ത കൊണ്ട് സമൂഹത്തിനു ഒരു ദോഷം വരുമോ എന്നാണ് നാം ചിന്തിക്കുന്നത്. അത്തരം നിലപാടുകൾ കൊണ്ടാണ് മനോരമ ഇത്രയും കാലമായി നിലനിൽക്കുന്നത്.

സെൻസേഷണൽ എന്നത് വളരെ സബ്ജക്റ്റീവ് ആയ കാര്യമാണ്. ഏറ്റുമാനൂരിൽ അമ്മയും കുഞ്ഞുങ്ങളും ആത്മഹത്യ ചെയ്തത് വേണമെങ്കിൽ അന്നത്തെ പ്രധാനവാർത്തയാക്കാം. അല്ലെങ്കിൽ അതിന്റെ ഏറ്റവും നിസാരമായ കാര്യങ്ങൾ കൂടി ചികഞ്ഞെടുത്തു പൊടിപ്പും തൊങ്ങലും ചേർത്ത് കൊടുക്കാം. അപ്പോൾ അത് സെന്സേഷണലായി.

മനോരമ പത്രം നേരെ വീടുകളിലാണ് എത്തുന്നത്. അങ്ങനെയുള്ള പത്രത്തിൽ ഇത്തരം കാര്യങ്ങൾ പൊലിപ്പിച്ച് കാണിച്ചാൽ വായനക്കാരെ അത് അലോസരപ്പെടുത്തുകയേയുള്ളു.

ഒന്നാം പേജിൽ പരസ്യം കൊടുക്കാതെ മനോരമ വളരെക്കാലം പിടിച്ചു നിന്നു. പക്ഷെ പത്രങ്ങളുടെ വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുമ്പോൾ ഇത് ഒഴിവാക്കാനാവില്ല. പരസ്യങ്ങളിലൂടെയുള്ള വരുമാനത്തിലാണ് പത്രങ്ങൾ നിലനിൽക്കുന്നത്. ഇന്നിപ്പോൾ പല വീടുകളിലും പ്രായമായവർ മാത്രമാണ്. അവർക്ക് അത്യാവശ്യം വല്ല വാർത്തയും ടിവിയിൽ നിന്ന് കിട്ടും. പത്രം അവരുടെ ജീവിതത്തിൽ അവിഭാജ്യ ഘടകമല്ലാതായി. ഇതൊക്കെ പത്രങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. ഒന്നാം പേജിൽ പരസ്യം കൊടുക്കുന്നതിനു മനോരമയെ ചീത്ത പറഞ്ഞ ദേശാഭിമാനി പോലും ഇപ്പോൾ ഒന്നാം പേജിൽ പരസ്യം കൊടുക്കുന്നു.

ഭാഷാപോഷിണിയിൽ പ്രൊഫ. കെ. ആർ ടോണിയുടെ കവിത വന്നതിനെപ്പറ്റി കെകെ. ജോൺസൺ ചോദിച്ചത് രസകരമായി. മാസത്തിൽ ഒരു പതിപ്പ് മാത്രമുള്ളതിനാൽ എല്ലാം വായിച്ചിട്ടാണ് പ്രസിദ്ധീകരിക്കുന്നത്. പ്രസ്തുത കവിത കൊടുത്തത് ആലോചിച്ചു തന്നെയാണ്. അതിനു അനുകൂലമായും പ്രതികൂലമായും പ്രതികരണം വന്നു. ആ കവിത എടുത്ത് കുട്ടികൾ യൂത്ത് ഫെസ്റ്റിവലിൽ സമ്മാനവും വാങ്ങി.

സോഷ്യൽ മീഡിയയിൽ നിന്ന് പത്രങ്ങൾ ഐറ്റങ്ങൾ എടുക്കുന്നത് കാലാനുസൃതമായ ഒരു മാറ്റമാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവന വരുന്നത് ‘എക്സി’ൽ ആണ് . ഒരു സിനിമാ നടൻ എന്തിനെപ്പറ്റിയെങ്കിലും അഭിപ്രായം പറയുന്നത് സോഷ്യൽ മീഡിയയിൽ ആയിരിക്കും. മുൻപൊക്കെ ഒരു പ്രസ്താവന ഇറക്കുന്നത്തിനു പകരം ഇന്ന് സോഷ്യൽ മീഡിയയിൽ ആണ് കൊടുക്കുന്നത്. അതിനാൽ അത് അവഗണിക്കാൻ പത്രങ്ങൾക്ക് ആവില്ല.

ഇപ്പോൾ എഐ. ശക്തിപ്പെട്ടിരിക്കുന്നു. പക്ഷെ അതിനു ക്രിട്ടിക്കൽ ആയി ചിന്തിക്കാൻ കഴിവില്ല . അതിനാൽ എ.ഐ, മാധ്യമങ്ങൾക്കു ബദൽ അല്ല, ഒരു സഹായി മാത്രമാണ്. പക്ഷെ അത് ദുരുപയോഗം ചെയ്യാണ് എളുപ്പമാണ്. മാർപാപ്പയെ കാണാത്തവർക്കു പോലും മാർപാപ്പക്ക് കൈ കൊടുക്കുന്ന ചിത്രം വേണമെങ്കിൽ ഐ.ഐ ഉണ്ടാക്കി തരും. അവിടെയാണ് എത്തിക്ക്സ് കടന്നു വരുന്നത്. അപ്പോൾ പത്രങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നു.

പ്രിന്റ് , വിഷൽ, ഓൺലൈൻ എന്നിങ്ങനെ വിവിധ വാർത്താവിതരണ പ്ലാറ്റുഫോമുകളെ സംയോജിപ്പിച്ചു മുന്നേറുന്നതാണ് മനോരമയുടെ കരുത്ത്. പരസ്പരപൂരകങ്ങളായി ഇവ പ്രവർത്തിക്കുന്നു. കോവിഡിനെ തുടർന്ന് മനോരമയുടെ വരിക്കാരിൽ ഇടിവുണ്ടായി. അപ്പാർട്മെന്റിലും മറ്റും പത്രമെത്തിക്കുന്നതിലെ സങ്കേതിക ബുദ്ധിമുട്ടായിരുന്നു ഇതിന്റെ പ്രാധാന കാരണം. എന്നാൽ മഹാമാരി കഴിഞ്ഞതോടെ പ്രചാരണം വർധിച്ചു. മനോരമയുടെ വിവിധ മേഖഖലകൾ നൽകിയ സ്വാധീനമാകാം കാരണം. എങ്കിലും പ്രിന്റ് ജേർണലിസത്തിന്റെ പ്രതാപകാലത്തെ വളർച്ചയുമായി താരതമ്യം ചെയ്യാനാവില്ല. നവമാധ്യമങ്ങൾ വിപരീതമാവുന്നതു തന്നെ കാരണം. ആ യാഥാർഥ്യത്തെ അവഗണിക്കാനാവില്ല-അദ്ദേഹം പറഞ്ഞു.

ഒരേ സ്ഥാപനത്തിൽ പത്രപ്രവർത്തനത്തിൽ 50 വര്ഷം എന്ന അപൂർവ ബഹുമതി നേടിയ ജോസ് പനച്ചിപ്പുറത്തിനു ആദരസൂചകമായി ഇന്ത്യ പ്രസ് ക്ലബിന്റെ ആശംസ ഫലകം ഐ.പി.സി.എൻ.എ ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി നൽകി. റോക്ക് ലാൻഡ് കൗണ്ടിയുടെ സർട്ടിഫിക്കറ്റ് ഓഫ് അപ്പ്രീസിയേഷൻ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേച്ചറിന്റെ വൈസ് ചെയർ ഡോ ആനി പോൾ സമ്മാനിച്ചു.

ഡോ. ആനി പോൾ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്, തോമസ് കോശി, ജോൺ സി. വർഗീസ്, മോൻസി വർഗീസ്, മോളമ്മ വർഗീസ്, പി.ടി. തോമസ്, കെ.കെ. ജോൺസൺ, നോഹ ജോർജ്, മത്തായി ചാക്കോ, ഷാജു മണിമലേത്ത്, അലക്സ് എബ്രഹാം, പി.ടി. വർഗീസ്, ടോം നൈനാൻ, ,അനൂപ് തോമസ് തുടങ്ങി ഒട്ടേറെ പേർ സംസാരിച്ചു .

പ്രസ് ക്ലബ് അംഗങ്ങളായ ജോർജ് ജോസഫ്, ടാജ് മാത്യു, ജോർജ് തുമ്പയിൽ, പ്രിൻസ് മാർക്കോസ്, ജേക്കബ് മാനുവൽ, ബിനു തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഷോളി കുമ്പിളുവേലി സ്വാഗതവും ബിനു തോമസ് നന്ദിയും പറഞ്ഞു. ജോർജ് തുമ്പയിൽ ആയിരുന്നു എംസി.

ഷോളി കുമ്പിളുവേലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ