Thursday, May 30, 2024
Homeഅമേരിക്ക🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

സജു വർഗീസ് (ലെൻസ്മാൻ)

നൂറു കോടി ക്ലബ്ബില്‍ ഇടംനേടി പൃഥ്വിരാജ്- ബ്ലെസി ചിത്രം ‘ആടുജീവിതം’. 9 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ നേട്ടം. ഇതോടെ മലയാളത്തില്‍ ഏറ്റവും വേ?ഗത്തില്‍ ഈ കളക്ഷന്‍ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം സ്വന്തമാക്കി. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രം 100 കോടി കളക്ഷന്‍ നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷന്‍ ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ഇത്. 2018ന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ഏറ്റവും വേഗത്തില്‍ 100 കോടിയില്‍ എത്തുന്ന ചിത്രമായി ആടുജീവിതം മാറിയത്. 11 ദിവസം കൊണ്ടാണ് 2018 നൂറു കോടിയില്‍ എത്തിയത്. 2024-ല്‍ നൂറുകോടി കളക്ഷന്‍ കിട്ടുന്ന മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളും നൂറുകോടി ക്ലബില്‍ ഇടംനേടിയിരുന്നു. ഇതില്‍ 220 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ കളക്ഷന്‍. മലയാളത്തില്‍ ഏറ്റവും വേഗമേറിയ 50 കോടി കളക്ഷനും ആടുജീവിതത്തിന്റെ പേരിലാണ്. മൂന്നു ദിവസത്തിലാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംനേടിയത്.

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘പവി കെയര്‍ ടേക്കര്‍’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. പിറകിലാരോ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷിബു ചക്രവര്‍ത്തിയാണ്. മിഥുന്‍ മുകുന്ദന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപിലന്‍ ആണ്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 26 ന് ആണ്. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സ്ഫടികം ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. കന്നഡയിലും മലയാളത്തിലും ഹിറ്റ്കള്‍ സമ്മാനിച്ച മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ഹണീ ബീ, ഹായ് ഐയാം ടോണി, ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നടികര്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഭാവനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ സിനിമാ ജീവിതവും അതുമായി ബന്ധപ്പെട്ട് വ്യക്തി ജീവിതത്തില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസറിലൂടെ ലഭിക്കുന്ന സൂചന. ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, നിഷാന്ത് സാഗര്‍, ചന്ദു സലിംകുമാര്‍, ദിവ്യ പിള്ള, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, മാലാ പാര്‍വതി തുടങ്ങീ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ലിറ്റില്‍ ഹാര്‍ട്സ് ‘ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. നടന്‍ ബാബുരാജും രമ്യ സുവിയും ചേര്‍ന്നുള്ള പ്രണയഗാനമാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മനം കവരുന്നത്. ബാബുരാജിന്റെ സിനിമ കരിയറില്‍ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു പ്രണയഗാനം. നാം ചേര്‍ന്ന വഴികളില്‍… എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍. പാടിയത് വിജയ് യേശുദാസ്, ജൂഡിത്ത് ആന്‍. ബി കെ ഹരിനാരായണന്റെതാണ് വരികള്‍. ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റില്‍ ഹാര്‍ട്സില്‍നായക കഥാപാത്രമായ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. സിബിയുടെ അച്ഛന്റെ വേഷത്തിലാണ് ബാബുരാജ് എത്തുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് രസാവഹമായ രീതിയില്‍ ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, അനു മോഹന്‍, എയ്മ റോസ്മി, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലിറ്റില്‍ ഹാര്‍ട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടന്‍.

ടൊവിനോ തോമസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ഐഡന്റിറ്റിയുടെ ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. നിരവധി അത്ഭുതപ്പെടുത്തുന്ന ആക്ഷന്‍ രംഗങ്ങളാകും ചിത്രത്തില്‍ ഉണ്ടാകുക. അവയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയേക്കിയെന്നാണ് ചിത്രത്തിലെ നായകന്‍ വെളിപ്പടുത്തിയിരിക്കുകയാണ്. യാനിക്ക് ബെന്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി. അനസ് ഖാനും അഖില്‍ പോളുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് നിര്‍വഹിക്കുന്നു. ഐഡന്റിറ്റിയില്‍ തൃഷ നായികയായി എത്തുന്നു. ടൊവിനോയെ നായകനാക്കി ഫോറന്‍സിക് ഒരുക്കിയ സംവിധായകരാണ് അനസ് ഖാനും അഖില്‍ പോളും. ഫോറന്‍സിക് ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വന്‍ വിജയം നേടാനായിരുന്നു. മംമ്ത മോഹന്‍ദാസ് നായികയായി എത്തിയ ചിത്രത്തില്‍ രണ്‍ജി പണിക്കറും പ്രധാന കഥാപാത്രമായപ്പോള്‍ പ്രതാപ് പോത്തനും വേഷമിട്ടു. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രമാണ് ഒടുവില്‍ ടൊവിനോ നായകനായി പ്രദര്‍ശനത്തിന് എത്തിയത്.

സര്‍പാട്ട പരമ്പരൈ എന്ന ചിത്രത്തിലെ മറിയാമ്മയെ ഗംഭീരമായി അവതരിപ്പിച്ച് സിനിമാ പ്രേക്ഷകരുടെ പ്രശംസ നേടിയ ദുഷാര വിജയന്‍ ചിയാന്‍ വിക്രത്തിനൊപ്പം എത്തുന്നു. രായന്‍,വേട്ടൈയ്യന്‍ തുടങ്ങിയ സിനിമകളിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരവധി പ്രോജക്ടുകളില്‍ ദുഷാര വിജയന്‍ ഇപ്പോള്‍ അഭിനയിച്ചു വരികയാണ്. ദുഷാരയുടെ കരിയറിലെ പ്രോജക്റ്റുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ചിയാന്‍ 62. എസ് യു അരുണ്‍ കുമാര്‍ ആണ് ചിയാന്‍ 62 സംവിധാനം ചെയ്യുന്നത്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഉള്‍പ്പെടുന്ന വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സുരാജ് വെഞ്ഞാറമ്മൂട് എത്തുമെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളവും വളരെ സന്തോഷകരമാണ്. ചിത്രത്തില്‍ ദുഷാര വിജയനാണ് നായികയായി എത്തുന്നത്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി വി പ്രകാശ് കുമാറിന്റെ സംഗീത സംവിധാനവും ചിയാന്‍ 62വിനെ കൂടുതല്‍ മികവുറ്റതാക്കുമെന്നുറപ്പാണ്. എച്ച്ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുണര്‍തം ആര്‍ട്സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘മായമ്മ’ റിലീസിംഗിന് തയ്യാറാകുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവന്‍ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തില്‍ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടര്‍ന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയില്‍ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുണ്‍ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, ഇന്ദുലേഖ, കെ പി എസി ലീലാമണി, സീതാലക്ഷ്മി, രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ, തുടങ്ങി ഒരു വലിയ താരനിര തന്നെ ഇതില്‍ വേഷമിടുന്നുണ്ട്.

ഇതുവരെ കാണാത്ത അവതാരത്തില്‍ പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബഡേ മിയാന്‍ ചോട്ടെ മിയാന്‍’. അടുത്തിടെ പുറത്തുവിട്ട ട്രെയിലറും ഇപ്പോള്‍ റിലീസായ പോസ്റ്ററും നിഗൂഢമായ ലക്ഷ്യത്തോടെ നില്‍ക്കുന്ന ഒരു വില്ലനെയാണ് കാണിക്കുന്നത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍, വളരെ വ്യത്യസ്തമായ വില്ലന്‍ വേഷമാണ് എത്തുന്നത്. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ആക്ഷന്‍ സിനിമയിലെ വില്ലന്റെ ഫസ്റ്റ്ലുക്കാണ് ഇപ്പോള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് പ്രഥ്വിരാജ് അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് മുന്‍പ് ഇറങ്ങിയ ടീസര്‍ ആരംഭിച്ചിരുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂര്‍ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രമാണിത്. മുടി നീട്ടി വളര്‍ത്തി ഒരു മാസ്‌ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ വില്ലനായി അവതരിപ്പിക്കുന്നത്.

സജു വർഗീസ് (ലെൻസ്മാൻ)✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments