മലയാളി മനസ്സിന്റെ പ്രിയപ്പെട്ട വായനക്കാരെ വീണ്ടും വരുന്ന യേശു ക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
ആത്മീകവും, ഭൗതീകവും തുല്യ പ്രാധാന്യം നൽകിയാൽ മാത്രമേ ജീവിതത്തിൽ പിശാചിന്റെ തന്ത്രങ്ങളോട് വിജയിച്ചു നിൽക്കുവാൻ സാധിക്കുകയുള്ളു. നമ്മുടെ ആത്മീക ജീവിതത്തിന്റെ പരിപാലനം വളരെ പ്രധാനമാണ്. ഒരു ബ്രേക്ക്‌ഡൌൺ ഒഴിവാക്കുവാൻ ഓരോ ദിവസവും ബൈബിൾ വായിക്കാനും, പ്രാത്ഥിക്കുവാനും ദൈവ ശബ്ദം കേൾക്കുവാനും സമയം കണ്ടെത്തണം. നിത്യേനയുള്ള പ്രാർത്ഥനകളിൽ ഹൃദയത്തിൽ ദൈവത്തോടുള്ള സ്തുതികളും, സ്തോത്രവും നിറയണം.
സങ്കീർത്തനം 5–3
“യഹോവേ പ്രഭാതത്തിൽ എന്റെ ശബ്ദം കേൾക്കണേ, പ്രഭാതത്തിൽ ഞാൻ അങ്ങേയ്ക്കായി ഒരുങ്ങി കാത്തിരിക്കുന്നു *
പ്രിയരേ യേശുവിൽ സമർപ്പിക്കപ്പെട്ടയൊരു ജീവിതത്തേക്കാൾ സുരക്ഷിതമായ വേറൊന്നുമില്ല. പഴയ നിയമപ്രകാരം യഹൂദന്മാർക്ക് ദൈവത്തോടു അടുത്ത് ചെല്ലുവാൻ ഭയമായിരുന്നു. സീനായിപർവതത്തിന് മുകളിൽ വെച്ചു ദൈവം ഇടിമുഴക്കത്തോടെ സംസാരിച്ചപ്പോൾ ജനം അടുത്ത് ചെല്ലാൻ ഭയപ്പെട്ടു. പ്രധാന പുരോഹിതനിലൂടെ ദൈവത്തെ സമീപിക്കുവാൻ അനുവാദം ലഭിച്ചെങ്കിലും ചില പ്രത്യേക നിർദ്ദേശങ്ങൾ അനുസരിക്കേണ്ടി വന്നു. സമാഗമന കൂടാരത്തിൽ അറിയാതെ തൊടുന്നത് പോലും മരണത്തിനിടയാക്കി.
1 ദിനവ്യത്താന്തം 16-8
“യഹോവയ്ക്ക് നന്ദി കരേറ്റുവിൻ അവിടുത്തെ നാമം വിളിച്ചപേക്ഷിപ്പിൻ, ജനതകളുടെ മദ്ധ്യേ അവിടുത്തെ പ്രവ്യത്തികളെ പ്രഘോഷിക്കുവിൻ ”
എന്നാൽ യേശുവിന്റെ മരണ പുനരുത്ഥാന ങ്ങളുടെ ഫലമായി നമുക്ക് നിർഭയം ദൈവത്തെ ഇപ്പോൾ സമീപിക്കാം. പാപത്തിന്റെ പ്രായിശ്ചിത്തം പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ന് യേശു നമ്മളെ സ്വന്തം മക്കളാക്കി സ്വീകരിച്ചു, ആയതിനാൽ സകല ഭാരങ്ങളും, പാപവും വിട്ടു സ്വർഗീയ ഓഹരിക്കാരാണ് നാം.
എബ്രയാർ 4-16
“അതുകൊണ്ട് കരുണ ലഭിക്കുവാനും യഥാസമയം സഹായത്തിനുള്ള കൃപ പ്രാപിക്കുവാനും നമുക്കു ധൈര്യത്തോടെ കൃപാസനത്തിങ്കലേയ്ക്ക് അടുത്തു ചെല്ലാം ”
നാം ദൈവ സന്നിധിയിൽ ക്ഷണിക്കപ്പെട്ടവരാണ്. അടിമനുകത്തിൽ കുടുങ്ങിപ്പോകാതെ വിശ്വാസപോരാളികളായി മുന്നോട്ട് പോകാം. യേശുവിന്റെ പകരക്കാരായി ഈ ഭൂമിയിൽ നമ്മളെയാക്കി വെയ്ക്കുമ്പോൾ വൻ പദ്ധതിയുണ്ട്. നമ്മുടെ കൈയ്യാൽ അത്ഭുതങ്ങൾ നടക്കണം, നമ്മുടെ വാക്കിൽ അസാധ്യങ്ങൾ സാധ്യമാകണം.
പ്രിയ ദൈവജനമേ ക്രിസ്തു ഇന്നും ജീവിക്കുന്നുണ്ടെന്നുള്ള അടയാളമായി ഭൂമിയിൽ സമൃദ്ധിയോടെ ജീവിക്കാം. കുടുംബവും, സമൂഹവും, ലോകവും തള്ളിക്കളഞ്ഞവരെ ലോകത്തു ഒന്നാമതാക്കിയ ഉയർച്ചയുടെ അത്ഭുതമാണ് ബൈബിൾ. ജോസഫ്, ദാനിയേൽ, ശമുവേൽ തുടങ്ങി നിരവധി പേരെ ബൈബിളിലുടനീളം കാണാം.
സ്നേഹിതരെ യേശുക്രിസ്തുവിന്റെ അത്ഭുതങ്ങൾ നിങ്ങളുടെ ജീവിതത്തിലും നടപ്പാകട്ടെ, ഒന്നുമാത്രം മതി അടിയുറച്ച വിശ്വാസം. എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ, ആമേൻ