മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ കേരളം തക്കസമയത്ത് നിവേദനം നൽകിയില്ലെന്ന പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവുമാണെന്ന് അമിക്കസ് ക്യൂറി. ദുരിതാശ്വാസ ഫണ്ട് കേന്ദ്രം നൽകാത്തതിനെ സംബന്ധിച്ചുള്ള കേസ് ഹൈക്കോടി പരിഗണിക്കവേയാണ് അമിക്കസ് ക്യൂറി അമിത് ഷായുടെ വാദം അവാസ്തവമാണെന്ന് കോടതിയെ അറിയിച്ചത്. കേസ് കുതൽ വാദം കേൾക്കുന്നതിനായി ബുധനാഴ്ചത്തേക്ക് മാറ്റി.
അതേസമയം, കേരളത്തിന് പിന്നാലെ ഹിമാചൽ പ്രദേശിനോടും കേന്ദ്രം അവഗണന കാണിക്കുന്നു. ദുരന്തനിവാരണത്തിനായി കേന്ദ്രം പ്രത്യേക ധനസഹായം നൽകുന്നില്ലെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് വിവേചന നിലപാട് തുടരുകയാണെന്നും മന്ത്രി വിക്രമാദിത്യ സിംഗ് കുറ്റപ്പെടുത്തി.
ഹിമാചലിന് ലഭിച്ച ഫണ്ട് സംസ്ഥാനത്തിന് അർഹമായ കേന്ദ്ര പദ്ധതികളുടെ ഭാഗമായിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. ഹിമാചൽ പ്രദേശിന്റെ പൊതുമരാമത് വകുപ്പ് മന്ത്രിയാണ് വിക്രമാദിത്യ സിംഗ്.
മറ്റ് ദുരന്തബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകിയെങ്കിലും ഹിമാചലിന് അത് നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിസഭയിൽ ഹിമാചലിൽ ഒരു മുതിർന്ന മന്ത്രിയുണ്ടെന്നും ബിജെപിയുടെ ദേശീയ അധ്യക്ഷൻ കൂടിയായ അദ്ദേഹം ഹിമാചലിന്റെ അവകാശവാദങ്ങൾക്കായി പോരാടണമെന്നും വിക്രമാദിത്യ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.