കേരളത്തിലും സ്വര്‍ണ വില റെക്കോർഡ് പുതുക്കിയാണ് ഓരോ ദിവസവും മുന്നേറുന്നത്. കഴിഞ്ഞ ഫെബ്രുവരി 15 ന് പവന് 45,520 രൂപയെന്ന താഴ്ന്ന നിലവാരത്തിലിയിരുന്ന സ്വര്‍ണ വില ഇന്ന് 56,000 രൂപയെന്ന സര്‍വകാല റെക്കോഡിലെത്തി. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഗ്രാം വില 20 രൂപ വര്‍ധിച്ച് 7,000 രൂപയായി. ഇതോടെ 10 ഗ്രാമിന് വില 70,000 എത്തിയിരിക്കുകയാണ്.
സ്വര്‍ണ വില ഉയരുന്നത് വിവാഹങ്ങള്‍ പോലുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങുന്നവരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,000 രൂപയാണങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 65,000 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ചും സ്വര്‍ണാഭരണ ശാലകളെ അനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസം വരും.