വിശുദ്ധ ഗീതത്തിന്റെ ഖജനാവ് വിശ്വാസികൾക്ക് കൊള്ളയടിക്കാനുള്ളതാണ്. ജോൺ ഹെൻറി ന്യൂമാനെഴുതിയ ലീഡ് കൈൻഡിലി ലൈറ്റ് എന്ന ഗീതം ആത്മീയ സംഘട്ടനത്തിൻ്റെയോ വിയോഗത്തിൻ്റെയോ അന്ധകാരത്തിൽ തപ്പിത്തടയുന്ന ആയിരക്കണക്കിന് ആളുകൾക്ക് പ്രത്യാശയും ആശ്വാസവും നൽകിയ ഗീതമാണ്. പാലാ സെൻറ് തോമസ് കോളേജിൽ ആ ഗീതം മുഴങ്ങാൻ തുടങ്ങിയിട്ട് എഴുപത്തഞ്ചാണ്ടുകളാകുന്നു.
മീനച്ചിൽ നിവാസികളുടെ ചിരകാലാഭിലാഷത്തിൻ്റെ സാക്ഷാത്കാരമെന്നു പറയാറുണ്ടെങ്കിലും അത് മധ്യതിരുവിതാംകൂറിൻ്റെ എന്നു തിരുത്തുന്നതാവും ഉചിതം.
ഈ കോളേജിൻ്റെ സ്ഥാപിതോദ്ദേശ്യം “ആരോഗ്യവാന്മാരും, ഐശ്വര്യവാന്മാരും , വിജ്ഞാനികളും, സന്മാർഗ്ഗനിഷ്ഠയുള്ളവരുമായി നിങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് ഉതകുന്ന ഒരു വിദ്യാകേന്ദ്രം സൃഷ്ടിക്കണമന്നുള്ളതാണ് “ എന്ന് ( ദീപിക 20-3- 1951) മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ പ്രഥമസർക്കുലറിൽ പറയുന്നുണ്ട്. ആ ഭാവനയുടെ ഉയരത്തിനിണങ്ങി വളർന്ന കോളേജ് ഇവിടെ പഠിച്ചിറങ്ങിയവരുടെ പ്രണയപര്യായമായി മാറി.
എക്കാലവും പ്രതിഭകളെ ചേർത്തു പിടിച്ച പാരമ്പര്യമാണ് ഈ കോളേജിനുള്ളത്. ആഴത്തിലുള്ള നീതിചിന്ത കൊണ്ട് നിശിതമാകുന്ന മാനേജ്മെൻ്റും ജ്ഞാനത്തെയും സ്നേഹത്തെയും സാന്ദ്രതയോടെ സമന്വയിപ്പിക്കുന്ന വിവേകികളായ അധ്യാപകരും സ്വത്വവിവേകമുള്ള അനധ്യാപകരും എന്നും ഈ കോളേജിൻ്റെ മുതൽക്കൂട്ടായിരുന്നു. ഏതനിശ്ചിതത്വങ്ങളെയും നേരിടാൻ പ്രാപ്തിയുണ്ടായിരുന്ന പ്രിൻസിപ്പൽമാർ കോളേജിനുണ്ടായിരുന്നു.
ഇൻഡ്യാ ഗവൺമെൻ്റിൻ്റെ സാമ്പത്തികോപദേഷ്ടാവും എഴുത്തുകാരനുമായിരുന്ന ഡോ. പി.ജെ തോമസായിരുന്നു പ്രഥമ പ്രിൻസിപ്പൽ. തുടർന്ന് ഫാ. ജോസഫ് കുരിത്തടം ദീർഘകാലം പ്രിൻസിപ്പലായി കോളേജിനെ പടുത്തുയർത്തി. മോൺ.ഈനാസ് ഒറ്റത്തെങ്ങുങ്കൽ മന്ത്രി റോഷി അഗസ്റ്റ്യനെപ്പോലുള്ള പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിലെ ഇന്നും പ്രിയപ്പെട്ട പ്രിൻസിപ്പലാണ്. സംവാദത്തിൻ്റെയും സമരത്തിൻ്റെയും സമവാക്യങ്ങളിൽ പഠിച്ചു വളർന്നുന്നതിയിലെത്തിയ വിദ്യാർത്ഥികളും നിരവധിയാണ്. സക്കറിയ , ജോസ് പനച്ചിപ്പുറം തുടങ്ങിയ കഥാകൃത്തുക്കളും അന്തരിച്ച ജോസഫ് മറ്റമെന്ന ജനപ്രിയ നോവലിസ്റ്റും ഏഴാച്ചേരി രാമചന്ദ്രനെന്ന കവിയും ഡോ. ജോർജ് ഇരുമ്പയം, ഡോ. എസ്.രാജശേഖരൻ, ഡോ. വി. വിജയകുമാർ തുടങ്ങിയ നിരൂപകരും ജിമ്മി ജോർജിനെപ്പോലുള്ള നിരവധി കായിക താരങ്ങളും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്. ലോകത്തിൻ്റെ എല്ലാ ഭാഗത്തും ഇവിടെ പഠിച്ചിറങ്ങിയവരുണ്ട്.
എഴുപത്തഞ്ചു വർഷം കൊണ്ട് വിസ്മയിപ്പിക്കുന്ന വളർച്ചയാണ് ഈ കലാലയത്തിനുണ്ടായത്. അറുപതിലധികം ഏക്കർ സ്ഥലത്ത് അതിവിശാലമായ ക്യാമ്പസാണ് കോളേജിനുള്ളത്. പതിനെട്ടു ബിരുദ കോഴ്സുകളും പതിനഞ്ച് ബിരുദാനന്തര ബിരുദ കോഴ്സുകളും പതിനൊന്നു ഗവേഷണ കേന്ദ്രങ്ങളുമുള്ള ഒരു ഓട്ടോണമസ് കോളേജായി സെൻ്റ് തോമസ് മാറിയിരിക്കുന്നു.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ആഗസ്റ്റ് 16ന് രാവിലെ 10.30 ന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വെച്ച് കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യൻ നിർവ്വഹിക്കും. ദൈവശാസ്ത്രത്തിലും മനശ്ശാസ്ത്രത്തിലും ചരിത്രത്തിലും പാരമ്പര്യത്തിലും പുതുമയിലും ആഴത്തിലുള്ള അറിവും വൈഭവും പാകപ്പെടുത്തിയ അപൂർവ്വ പ്രതിഭയായ മാർ ജോസഫ് കല്ലറങ്ങാട്ടാണ് കോളേജിൻ്റെ രക്ഷാധികാരി.
അന്യായമായ എതിർപ്പിൽ വഴങ്ങാത്തതും നിലപാടുകളിൽ വെള്ളം ചേർക്കാത്തതുമായ പിതാവിൻ്റെ സാംസ്കാരിക സ്വത്വജാഗ്രത കോളേജിന് തുണയായിത്തീരുന്നു. മാനേജർ വെരി. റവ.ഡോ.ജോസഫ് തടത്തിൽ നീതിബോധത്തിൻ്റെ കാതലുള്ള ഒരാത്മീയവൃക്ഷമായി കോളേജിന് തണലേകുന്നു. പക്വതയും പ്രബുദ്ധതയും അന്വയിക്കുന്ന വ്യക്തിത്വത്തിനുടമയായ ഡോ. സിബി ജയിംസ് പ്രിൻസിപ്പലിൻ്റെ ചുമതല വഹിക്കുന്നു. ഭാവനാസമ്പന്നനായ റവ.ഡോ. സാൽവിൻ കെ. തോമസ് കാപ്പിലിപ്പറമ്പിൽ വൈസ് പ്രിൻസിപ്പലായും ഇച്ഛാശക്തിയുടെയും കഠിനസാധനയുടെയും പ്രതീകമായ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ ബർസാറായും പ്രവർത്തിച്ചു വരുന്നു.