Wednesday, September 25, 2024
Homeപാചകംനാടൻ മത്തി വാഴയിലയിൽ പൊള്ളിച്ചത് ✍ (റീന നൈനാൻ വാകത്താനം, മാജിക്കൽ ഫ്ലേവേഴസ്)

നാടൻ മത്തി വാഴയിലയിൽ പൊള്ളിച്ചത് ✍ (റീന നൈനാൻ വാകത്താനം, മാജിക്കൽ ഫ്ലേവേഴസ്)

റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എല്ലാവർക്കും വീട്ടിലുള്ള സാധനങ്ങൾ വച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു വിഭവമായ
” നാടൻ മത്തി വാഴയിലയിൽ പൊള്ളിച്ചത് ” ആണ്. കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമ്മുക്ക് നോക്കാം.

ആവശ്യമായ ചേരുവകൾ
************

1- നാടൻ മത്തി 6 എണ്ണം (വലുത് )
2- ഇഞ്ചി ഇടത്തരം വലിപ്പമുള്ളത് ഒരു വലിയ കഷ്ണം
3- വെളുത്തുള്ളി 10 അല്ലി
4- കുരുമുളക് അര ടീസ്പൂൺ
5- കാശ്മീരി മുളകുപൊടി രണ്ട് ടീസ്പൂൺ
6- സാധാരണ മുളകുപൊടി ഒരു ടീസ്പൂൺ
7- മഞ്ഞൾപൊടി മുക്കാൽ ടീസ്പൂൺ
8- സവാള രണ്ടെണ്ണം
9- വെളിച്ചെണ്ണ ആവശ്യത്തിന്
10- ഉപ്പ് ആവശ്യത്തിന്
11- കറിവേപ്പില ആവശ്യത്തിന്
12- കട്ടി തേങ്ങാപ്പാൽ 4 ടീസ്പൂൺ
13- കുടംപുളി ഒരു ചെറിയ കഷ്ണം
14- തക്കാളി പഴുത്തത് ഒരു മുറി
15- വാഴയില

തയ്യാറാക്കുന്ന വിധം
—————————————-

A, ഇഞ്ചി , വെളുത്തുള്ളി , കുരുമുളക് , പെരുംജീരകം , കുറച്ച് കറിവേപ്പില എന്നിവ അരച്ചെടുക്കുക.

B, മത്തി നന്നായി വെട്ടി വൃത്തിയായി കഴുകി വരഞ്ഞെടുക്കുക. ഇതിലേക്ക് അരച്ചു വെച്ച ഇഞ്ചി , ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് , സാദാ മുളകുപൊടിയും കാശ്മീരി മുളകുപൊടിയും അര ടീസ്പൂൺ വീതം , കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവയും പാകത്തിന് ഉപ്പും ചേർത്ത് മത്തിയിൽ നന്നായി തേച്ചുപിടിപ്പിച്ച് പത്തുമിനിട്ട് മാറ്റിവെക്കുക.

C, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ മീൻ തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കുക.

D, അതേ എണ്ണയിലേക്ക് രണ്ട് സവാള കനം കുറച്ച് അരിഞ്ഞതും അല്പം ഉപ്പും ചേർത്ത്
നന്നായി വഴറ്റി ബ്രൗൺ നിറമാകുമ്പോൾ,  തീ കുറച്ചു വച്ച് അതിലേക്ക് ബാക്കിയുള്ള
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് , മുളകുപൊടി , മഞ്ഞൾപ്പൊടി , കറിവേപ്പില , തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.

E, വാഴയില വാട്ടിയെടുത്ത് ഇതിലേക്ക് വഴറ്റിവച്ച മസാല പകുതിയിട്ട് നിരത്തി കൊടുക്കുക. ഇതിനു മുകളിൽ വറുത്ത വെച്ച മത്തി നിരത്തി വച്ച് ബാക്കി മസാല കൂടി മുകളിൽ തേച്ചു കൊടുക്കുക. ഇതിനു മുകളിലേക്ക് ഒരു ചെറിയ കുടംപുളി വെള്ളത്തിൽ കുതിർത്ത് ചെറിയ കഷണങ്ങളായി മുകളിൽ വച്ച് കട്ടി തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക.

F, ഇതിനു മുകളിൽ വേണമെങ്കിൽ തക്കാളി ചെറുതായി വട്ടത്തിൽ അരിഞ്ഞതും കറിവേപ്പിലയും നിരത്തി കൊടുക്കാം. അതിനുശേഷം പൊതിഞ്ഞ് വാഴനാര് ഉപയോഗിച്ചു കെട്ടുക. ഒരു പാൻ അടുപ്പിൽ വെച്ച് അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് പൊതിഞ്ഞു വെച്ച മത്തി വെച്ച് പൊള്ളിച്ചെടുക്കുക. രണ്ടുവശവും ഒരുപോലെ പൊള്ളിച്ചെടുക്കേണ്ടതാണ്.

തേങ്ങാപാലിന്റെ മസാലയുടെയും ആവിയിൽ മീൻ നല്ലതുപോലെ ജൂസി ആയി കിട്ടുന്നതാണ്. പൊള്ളിച്ച മീൻ ചൂടോടുകൂടി തന്നെ ചോറിനോടൊപ്പം കഴിച്ചു നോക്കൂ. വാഴയിലയുടെ നല്ല മണം കൂടി ആകുമ്പോൾ ഒരു രക്ഷയും ഇല്ല. എല്ലാവരും ഇത് തയ്യാറാക്കി കഴിച്ചു നോക്കിക്കോളൂ …..

റീന നൈനാൻ വാകത്താനം, മാജിക്കൽ ഫ്ലേവേഴസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments