ദാംബുള്ള: ബംഗാദേശിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍. സെമിയിൽ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് വനിതകളെ 20 ഓവറില്‍ 8ന് 80 റണ്‍സിലൊതുക്കിയ ഇന്ത്യ, 9 ഓവറുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി.
വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക – പാകിസ്ഥാന്‍ മത്സര വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.ഫിഫ്റ്റി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ ഇന്നിങ്‌സാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 39 പന്തുകള്‍ നേരിട്ട സ്മൃതി ഒരു സിക്‌സും 9 ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. മറ്റൊരു ഓപ്പണര്‍ ഷഫാലി വര്‍മ 28 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 26 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ബാറ്റർമാരെ ഇന്ത്യൻ ബൗളിങ് നിര വരിഞ്ഞുമുറുക്കുകയായിരുന്നു.
നേരത്തേ 3 വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിങ്ങിന്റെയും രാധാ യാദവിന്റെയും പ്രകടനമാണ് ബംഗ്ലാദേശ് സ്‌കോര്‍ 80ല്‍ ഒതുക്കിയത്. രേണുക 4 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തപ്പോള്‍ രാധ 14 റണ്‍സ് വിട്ടുകൊടുത്താണ് 3 വിക്കറ്റ് സ്വന്തമാക്കിയത്.
പൂജ വസ്ത്രാക്കറും ദീപ്തി ശര്‍മയും ഓരോ വിക്കറ്റെടുത്തു 51 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇവരെ കൂടാതെ 19 റണ്‍സെടുത്ത ഷോര്‍ന അക്തറിന് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കാണാനായത്.