മലയാളത്തിലെ താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയായി ഇരുപത്തിയഞ്ചോളം വര്‍ഷം പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇടവേള ബാബു. അടുത്തിടെ കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിങ്ങിലാണ് ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. ഇപ്പോഴിതാ അമ്മ സംഘടനയിലുള്ളവരെ പറ്റിയുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയതാണ് ചര്‍ച്ചയാകുന്നത്.
തന്നേക്കാള്‍ കൂടുതല്‍ താന്‍ ‘അമ്മയെ’ സ്നേഹിച്ചതുകൊണ്ടാകാം അതിലെ പ്രശ്‌നങ്ങള്‍ തന്റെ വേവലാതികളായതെന്ന് അദ്ദേഹം പറയുന്നു. ചില യുവതാരങ്ങളുടെ പ്രവൃത്തികള്‍ വേദനിപ്പിച്ചിട്ടുണ്ടെന്നും ഇടവേള ബാബു തുറന്നുപറഞ്ഞു. ‘ഒരു പ്രധാന നടന്റെ മകനായ നടന്‍. അച്ഛന്‍ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സും സഹായവും കൈനീട്ടവുമൊക്കെ വാങ്ങിയിട്ടുള്ളയാളാണ്. നമ്മള്‍ എന്തിനാണ് അമ്മയില്‍ ചേരുന്നത്, കുറേ കാരണവന്മാരെ നോക്കാനാണോയെന്ന് സെറ്റിലിരുന്ന് പറഞ്ഞു. അത്തരത്തിലുള്ള ഒരുപാട് സംഭവങ്ങളുണ്ട്. പുതുതലമുറയ്ക്ക് പഴയ താരങ്ങളെ വില കാണണമെന്നില്ല. എന്നാല്‍ അവര്‍ എന്താണെന്ന് നമുക്കറിയാം.’- ഇടവേള ബാബു വ്യക്തമാക്കി.
സമൂഹമാദ്ധ്യമങ്ങളില്‍ തന്നെ ചിലര്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ അമ്മയിലെ ഒരാള്‍ പോലും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു മുമ്പ് പറഞ്ഞിരുന്നു. ‘ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്,? സ്വന്തം സന്തോഷത്തിനായിരുന്നില്ല. സമൂഹ മാദ്ധ്യമങ്ങളില്‍ തനിക്ക് നേരെ വലിയ ആക്രമണം നടന്നു. അന്ന് ഒപ്പമുണ്ടായിരുന്നവര്‍ നിശബ്ദരായി നിന്നു. ആരില്‍ നിന്നും സഹായം കിട്ടിയില്ല. ഈ പദവിയിലിരിക്കുന്ന ആള്‍ക്ക് വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. പുതിയ ഭരണസമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാകരുത്.’- എന്നായിരുന്നു അദ്ദേഹം സ്ഥാനം ഒഴിയുന്നതിന് മുമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.