Friday, November 22, 2024
Homeഅമേരിക്കറീനി മമ്പലത്തിന്റെ വേർപാടിന്റെ നൊമ്പരത്തിൽ സർഗ്ഗവേദി

റീനി മമ്പലത്തിന്റെ വേർപാടിന്റെ നൊമ്പരത്തിൽ സർഗ്ഗവേദി

- പി. ടി. പൗലോസ്

ജൂൺ 30 ഞായർ വൈകുന്നേരം 6 മണി. ന്യുയോര്‍ക്ക് സർഗ്ഗവേദി ഭാവനാസമ്പന്നയായ എഴുത്തുകാരിയും സർഗ്ഗവേദിയുടെ ആത്മബന്ധുവുമായിരുന്ന റീനി മമ്പലത്തിന്റെ അകാല വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുവാനും ഓർമ്മകൾ പങ്കുവയ്ക്കുവാനും പുതിയ ഒരദ്ധ്യായം തുറന്നു. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി പ്രതികൂലമാക്കിയ കാലാവസ്ഥയെ അവഗണിച്ച് മൂന്നു പതിറ്റാണ്ടുകൾ സർഗ്ഗവേദിയുടെ സ്ഥിരസാന്നിദ്ധ്യമായിരുന്ന റീനി മമ്പലത്തിന്റെ കൂട്ടുകാർ ന്യുയോര്‍ക്ക് കേരളാ സെന്ററിലെ ഡോഃ തോമസ് ഏബ്രഹാം ലൈബ്രറി ഹാളിൽ ഒത്തുകൂടി.

പ്രവാസമണ്ണിലേക്ക് പറിച്ചുനടപ്പെട്ട പച്ചയായ മനുഷ്യരുടെ മോഹങ്ങളും മോഹഭംഗങ്ങളും സർഗചാതുരിയോടെ കടലാസിലേക്ക് പകർത്തിയ കഥാകാരിയായിരുന്നു റീനി മമ്പലം എന്നും റീനിയുടെ വേർപാട് സർഗ്ഗവേദിയുടെ നികത്താനാവാത്ത വിടവാണെന്നും ആമുഖമായി പറഞ്ഞുകൊണ്ട് മനോഹർ തോമസ് സദസ്സിനെ സ്വാഗതം ചെയ്തു. കേരളത്തിലെയും ജനനി മാസിക ഉൾപ്പടെ അമേരിക്കയിലെയും പ്രധാനപ്പെട്ട എല്ലാ അച്ചടി മാധ്യമങ്ങളിലും ഒരുപോലെ ശോഭിച്ച എഴുത്തുകാരിയായിരുന്നു റീനി മമ്പലം എന്ന് തുടർന്ന് സംസാരിച്ച ജെ. മാത്യൂസ് അഭിപ്രായപ്പെട്ടു. ഒട്ടുമിക്ക മലയാളി എഴുത്തുകാരും ഉപയോഗിക്കാത്ത ചില പ്രത്യേക ഭാഷാ പ്രയോഗങ്ങൾ റീനിയുടെ ‘ റിട്ടേൺ ഫ്ലൈറ്റ് ‘ എന്ന കഥാസമാഹാരത്തിലെ കഥകളിൽ കാണാം എന്ന് ജെ. മാത്യൂസ് കൂട്ടിച്ചേർത്തു.

ഇമലയാളിയിൽ റീനി മമ്പലത്തിന്റെ കഥകൾക്ക് എന്നും പ്രസക്തി ഉണ്ടായിരുന്നു എന്നും റീനിയുടെ അകാല വിയോഗം ഇമലയാളിയുടെ സാഹിത്യവിഭാഗത്തിന് ഭാവിയിൽ ഒരു നഷ്ടമായിരിക്കുമെന്നും പ്രശസ്ത പത്രപ്രവർത്തകനും ഇമലയാളി പത്രാധിപരുമായ ജോർജ് ജോസഫ് പറഞ്ഞു. ജയൻ കെ. സി യുടെ നിരീക്ഷണം ആരും ശ്രദ്ധിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് പുതിയ സങ്കേതങ്ങൾ കണ്ടെത്തി കഥയുടെ ആത്മാവിനെ തൊട്ട് ആർക്കും പിടികൊടുക്കാതെ വിട്ടുപോകുന്ന കഥയെഴുത്തിന്റെ ഇന്ദ്രജാലമായിരുന്നു റീനി മമ്പലം എന്നായിരുന്നു. ജോസ് കാടാപുറം റീനിയുടെ പുസ്തകങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. ഹൃദയത്തിന്റെ അടിത്തട്ടുകളെ ഉലയ്ക്കുന്ന കാമ്പുള്ള കഥകളെ അവതരിപ്പിക്കുവാനുള്ള റീനിയുടെ പ്രത്യേക കഴിവിനെ ജോസ് എടുത്തുപറഞ്ഞു.

കഥകളിലെ സങ്കീർണ്ണതകൾ പോലെ തന്നെ അറം പറ്റുന്നതായിരുന്നു റീനിയുടെ ദുര്യോഗവും, റീനിയും സർഗ്ഗസമ്പന്നതയുടെ ഔന്ന്യത്യങ്ങളിരിക്കെ രോഗശയ്യയിലെ ശാരീരിക വേദനകളോട് വിടപറഞ് ഏകാന്തതയുടെ ഏതോ കാണാതുരുത്തിലേക്ക് ഒരു റിട്ടേൺ ഫ്ലൈറ്റ് പോലെ പറന്നകന്നു എന്ന് മാമ്മൻ സി. മാത്യു പറഞ്ഞപ്പോൾ സദസ്സ് ഒരു നിമിഷം മൂകമായി. തുടർന്ന് സംസാരിച്ച രാജു തോമസ് റീനിയുടെ ഓർമ്മകൾ പങ്കുവച്ചതോടൊപ്പം സർഗ്ഗവേദിയിൽ നിന്നും ഭൗതികമായി വേർപെട്ടുപോയ മറ്റ്‌ അംഗങ്ങളുടെ പേരുകൾ വായിച്ച് ഒരു നിമിഷം മൗനം ആചരിച്ചു.

റീനിയുടെ ബന്ധുവും സുകുമാർ അഴിക്കോട് തത്വമസി സാംസ്കാരിക അക്കാഡമിയുടെ ഈ വർഷത്തെ ആത്മകഥാ വിഭാഗത്തിലെ സാഹിത്യപുരസ്കാരം നേടിയ ”ഒരു പിരിയൻ ഗോവണി” എന്ന പുസ്തകത്തിന്റെ രചയിതാവ് മനോ ജേക്കബ്, കവയിത്രിയും കഥാകൃത്തുമായ ഉമാ സജി, കേരളാ സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ, ഡോഃ സാം മണ്ണിക്കരോട്ട് , ഷൈനി ജേക്കബ്, ജോസ് ചെരിപുറം , നിർമ്മല ജോസഫ് (മാലിനി ). ജേക്കബ് എന്നിവർ റീനിയുടെ കഥകളെക്കുറിച്ചും വ്യക്തിപരമായ ഇടപെടലുകളെക്കുറിച്ചും സംസാരിച്ചു. സന്തോഷ് പാലാ, സാനി അമ്പൂക്കൻ, പ്രിൻസ് മർക്കോസ് എന്നിവരും റീനിയുടെ ഓർമ്മകൾ പങ്കുവച്ചു.

മരണം ഒരു ദാർശിനിക സത്യമാണ്‌ . അത് അനിവാര്യവുമാണ്‌. എന്നാൽ
നമ്മോടു ചേർന്നുനിൽക്കുന്നവരുടെ വേർപാട് നമ്മളിൽ ഏൽപ്പിക്കുന്ന ആഘാതം അപാരമാണ്. അതാണ് റീനിയുടെ വിയോഗത്തിൽ നമുക്ക് അനുഭവപ്പെട്ടതും., ഒരു എഴുത്തുകാരി എന്നതിനപ്പുറം തന്റെ ജീവിതാവഴികളിൽ മുഴുവനും നല്ല സൗഹൃദം കാത്തുസൂക്ഷിച്ച സഹൃദയ കൂടിയായിരുന്നു റീനി മമ്പലം എന്ന് പറഞ്ഞുകൊണ്ടും ജേക്കബിനും മക്കൾക്കും ഈ ദുർഘടസന്ധിയെ അതിജീവിക്കുവാനുള്ള ആത്മധൈര്യം ഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ടും പി. ടി. പൗലോസ് അനുസ്മരണയോഗത്തിൽ ഓർമ്മകൾ പങ്കുവയ്ക്കുവാൻ എത്തിയ എല്ലാവര്ക്കും ഹൃദയപൂർവ്വം നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ പരിപാടികൾ പൂർണ്ണമായി.

– പി. ടി. പൗലോസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments