കുതിര കച്ചവടം അഥവാ കുതിര ഇടപാട് കബളിപ്പിക്കപ്പെടാൻ ഏറെ സാധ്യത കൽപ്പിക്കുന്ന വ്യാപാര മേഖലയാണ് .കുതിരയുടെ ഗുണങ്ങളും ദോഷങ്ങളും ഒപ്പം പ്രായമോ വിലയിരുത്തുന്നത് ഏറ്റവും ദുഷ്കരമായതിനാൽ കുതിരക്കച്ചവടം കബളിപ്പിപ്പിക്കലിന്റെയും അധാർമ്മികതയുടെയും ഉത്തമ ഉദാഹരണമാണ് .അങ്ങനെ നോക്കുമ്പൊൾ ഈ പ്രയോഗം ഇന്നത്തെ രാഷ്ട്രീയ സംവിധാനങ്ങളിലെയും ഭരണ തലങ്ങളിലെയും മോശം പ്രവണതകൾക് ഏറ്റവും അനുയോജ്യം തന്നെ .1898 പ്രസിദ്ധീകരിച്ച എഡ്വേർഡ് നോയസ് വെസ്റ്റ്കോട്ടിന്റെ “ഡേവിഡ് ഹറും” എന്ന നോവലിലെ മുഖ്യ കഥാപാത്രം കുതിരക്കച്ചവടത്തിന്റെ മാതൃകയിൽ വ്യാപാരം നടത്തി വിജയിച്ചത് ആവിഷ്കരിച്ചിരിക്കുന്നതിൽ നിന്നുമാണ് ഈ വാക്ക് രാഷ്ട്രീയരംഗത്തെ വോട്ട് കച്ചവടത്തെയും അധാർമ്മികതയെയും സൂചിപ്പിക്കുന്ന വാക്കായി മാറിയത് .അതിനും മുൻപേ LOGROLLING എന്ന വാക്കു വോട്ടുകച്ചവടത്തെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്നു .
1893 ൽ ന്യൂ യോർക്ക് ടൈംസ് എഴുതിയ എഡിറ്റോറിയലിൽ പത്രങ്ങൾ വിൽപ്പന കണക്ക് പെരുപ്പിച്ച് കാണിക്കുന്നത് നിയമവിരുദ്ധമാക്കുന്ന നിർദ്ദേശത്തെ “കള്ളം പറയുന്നത് നിയമം മൂലം നിരോധിക്കുകയാണെങ്കിൽ കുതിരക്കച്ചവട വ്യാപാരം അവസാനിക്കും”എന്നു വിമർശിച്ചെഴുതിയതിലൂടെ രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഒട്ടുമിക്ക മേഖലകളിലും നൂറ്റാണ്ടുകളായി കുതിര കച്ചവട സ്വാധീനം ഉണ്ടായിട്ടുണ്ടെന്നുള്ളതും വസ്തുതയാണ് .
പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിലെ ഗ്ലൈഡഡ് യുഗത്തിൽ വ്യാപാര രംഗത്തെ നിലവാര തകർച്ചയിൽ കുതിരക്കച്ചവടക്കാരുടെ ഈ ധാർമ്മിക അധഃപതനത്തെ സ്വാഭാവിക രീതിയായി ചിത്രീകരിക്കുന്നതിലേക്കു കടന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് നമ്മുടെ രാജ്യത്തും കക്ഷിരാഷ്രീയ രംഗത്ത് വോട്ടു കച്ചവടവും കാലു മാറ്റവും അധികാരം നേടുന്നതിനായി ഏതറ്റം വരെയും പോകുന്ന തരത്തിൽ കുതിരക്കച്ചവട മാതൃകകൾ സ്വാഭാവികമായി മാറുമ്പോൾ ജനാധിപത്യവും സാംസ്കാരിക മുന്നേറ്റവും വിശ്വാസ്യതയുമുൾപ്പടെ എല്ലാം അന്യമായി നാടിന്റെ പൈതൃകം നഷ്ടപ്പെട്ട് പണാധിപത്യത്തിന്റെയും അധാർമ്മികതയുടെയും വിളനിലമായി ഈ രാജ്യം ലോകത്തിനു മുൻപിൽ ലജ്ജിച്ചു നിൽക്കേണ്ടി വരുന്ന കാഴ്ചകൾ അസുഖകരമാണ്.
ചില അപവാദങ്ങളുണ്ടെങ്കിലും ഇന്ത്യ മഹാരാജ്യത്തിലെ ജനാധിപത്യം ലോകത്തിൽ തന്നെ അനുകരണീയമായ ഒന്നായിരുന്നു .ഇന്നു പൂർണമായും പണാധിപത്യത്തിനും കുതിര കച്ചവടങ്ങൾക്കും വഴിമാറുമ്പോൾ പൊതു ജനം കഴുതകളാകുന്നു എന്നതിനപ്പുറംഒരു രാജ്യത്തിന്റെ അസ്തിത്വം വരെ ചോദ്യം ചെയ്യ പെടുന്ന അദി ദയനീയ കാഴ്ചകൾ .ഒരോ മതത്തിനും ഓരോ രാക്ഷ്ട്രീയ പാര്ട്ടികളും അണികളുമുണ്ടായാൽ ഈ രാജ്യം എവിടെയെത്തും എന്നത് പ്രവചനാതീതമാണ് . ലോകത്തിനു മുൻപിൽ ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വവും മത സഹിഷ്ണതയും ബഹു സ്വരതയും ഉയർത്തിപ്പിടിക്കാൻ ഒരോ പൗരനും ബാധ്യതയുണ്ട് .അതു ഭരണ ഉദ്യോഗസ്ഥ വൃന്ദത്തിനുമുണ്ട് .മാധ്യമങ്ങൾ അനഭിലഷണീയ രീതികളെ വിമർശന വിധേയമാക്കുക കൂടി ചെയ്യാതിരിക്കുകയും ജൂഡീഷറിയും കൂടി നോക്കു കുത്തിയായൽ പിന്നെ രാജ്യം അരാചകത്വത്തിലേക്കു പോകും.
പൊതു തെരെഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ കുതിര കച്ചവടത്തിന് സാധ്യത തേടാതിരിക്കലാണ് മുന്നണികൾക്ക് നല്ലത്. അത് ജനാധിപത്യത്തെ അട്ടിമറിക്കുകയും രാജ്യത്തിന്റെ വിശ്വാസ്യത അന്താരാഷ്‌ട്ര തലത്തിൽ ഇല്ലാതാകുകയും ചെയ്യും.