ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ഈ സ്ഥലം ,കർണാടക സംസ്ഥാനത്തിലെ ഒരു ഗ്രാമീണ ജില്ലയാണിത്. മൂടൽ മഞ്ഞ് നിറഞ്ഞ കുന്നുകളും പച്ചപ്പ് നിറഞ്ഞ കാടുകളും ഇടിഞ്ഞു വീഴുന്ന വെള്ളച്ചാട്ടങ്ങളും എല്ലാം കൂടിയായിരിക്കാം ‘ഇന്ത്യയുടെ സ്കോട്ട്ലാൻഡ്’ എന്ന ചെല്ലപ്പേരിലാണ് അറിയപ്പെടുന്നത്.
ഏക്കറോളം നീണ്ടു കിടക്കുന്ന കാപ്പി & സുഗന്ധവ്യജ്ഞനങ്ങൾ ഉള്ള തോട്ടങ്ങളിലുള്ള ‘home stay’ യിലാണ് ഞങ്ങളുടെ ഇവിടുത്തെ വാസം . ഇതു പോലത്തെ ഹോം Stay കൾ ഇവിടെ ധാരാളം. കുടക് എന്നും അറിയപ്പെടുന്ന ഈ സ്ഥലത്തെ പ്രാദേശിക വംശജരായ ‘ കൊടവകൾ ‘ ആതിഥ്യമര്യാദക്ക് പേരുകേട്ടതാണെന്നാണ് ഗൂഗിൾ പറയുന്നത്. അവരുടെ ആ സഹവാസം കൊണ്ടായിരിക്കാം മലയാളികളായ ഇവരും ആതിഥ്യമര്യാദയുടെ കാര്യത്തിൽ സൂപ്പറാണ്.
കർണ്ണാടകയിലെ മറ്റൊരു പട്ടണമായ മൈസൂരിലുള്ള ഞങ്ങൾ താമസിച്ചിരുന്ന വീടിൻ്റെ ഉയർന്ന മതിലുകളും അതിന് മുകളിലുള്ള ഗ്രില്ലുകളും എല്ലാം കൂടി സ്വയം ഒരു ജയിൽ ഉണ്ടാക്കിയിരിക്കുകയാണോ എന്ന് തോന്നിപ്പോയി. നിന്നെ പോലെ നിൻ്റെ അയൽക്കാരനെ ഒരിക്കലും സ്നേഹിക്കരുതെന്ന് ആരോ എവിടെ നിന്നോ പറയുന്ന പോലെ! അതിനു വിപരീതമായിട്ടുള്ള താമസമായിരുന്നു കൂർഗിൽ.കൂർഗിനെ തൊട്ടറിഞ്ഞുള്ള താമസം എന്നു തന്നെ പറയാം.
കാപ്പിയുടെ ചരിത്രത്തെ കുറിച്ചുള്ള വിവരണം രസകരമായി തോന്നി. ഒരു ഇന്ത്യൻ മുസ്ലീം സന്യാസി, അദ്ദേഹം മക്കയിലേക്കുള്ള തീർത്ഥാടനത്തിന് മടങ്ങുമ്പോൾ ഏഴ് കാപ്പിക്കുരു താടിയിൽ ഒളിപ്പിച്ച് യെമനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തി.കർണാടകയിലെ കൂർഗിനടുത്തുള്ള ചിക്കമംഗളൂരു മേഖലയിൽ ഇത് നട്ടു.അന്നെല്ലാം യെമനിന് പുറത്ത് കാപ്പിക്കുരുകടത്തുന്നത് നിയമവിരുദ്ധമായിരുന്നു. കാപ്പി ഉൽപാദനത്തിലും വ്യാപാരത്തിലും കുത്തക നിലനിർത്താനുള്ള ശ്രമത്തിൽ തുറമുഖങ്ങളിൽ കർശനമായി നിരീക്ഷണം ഉണ്ടായിരുന്നുവത്ര. എന്നാൽ ഇന്ന് കൂർഗിലെ കാപ്പിത്തോട്ടങ്ങൾ ആഗോളതലത്തിൽ പ്രശസ്തമാണ്. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കാപ്പി ഉത്പാദകരും കയറ്റുമതിക്കാരും ഇന്ത്യയാണ്.
കൂർഗിനെ ഇന്ത്യയുടെ കാപ്പി കപ്പ് എന്ന് വിളിക്കാമെങ്കിലും കാപ്പിക്ക് മുമ്പുതന്നെ ഈ പ്രദേശം നൂറ്റാണ്ടുകളായി സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരു കേട്ടതാണ്.
കൂർഗിലെ കാണേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ആബി വെള്ളച്ചാട്ടം.
ഈ വെള്ളച്ചാട്ടം സുഗന്ധവ്യഞ്ജന തോട്ടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു എന്നതാണ് പ്രത്യേകത.
ആബി വെള്ളച്ചാട്ടം കാണുന്നതിന് മുമ്പ് തന്നെ വായുവിൽ നിറയുന്ന സുഗന്ധവും വെള്ളത്തിന്റെ ശബ്ദവും എല്ലാം ഒരു വ്യത്യസ്ത അനുഭവമാണ്. വെള്ളച്ചാട്ടത്തിലേക്ക് പോകാനായി പടികൾ ഉണ്ട്. അതും ഒരു അനുഗ്രഹമായി തോന്നി.അടുത്ത ദിവസങ്ങളിൽ പെയ്തിരുന്ന മഴ , വെള്ളച്ചാട്ടത്തെ കൂടുതൽ സുന്ദരിയാക്കിയിട്ടുണ്ട്.അനേകം അരുവികളുടെ സംയോജനമാണ് വെള്ളച്ചാട്ടം, അത് ഒഴുകി കാവേരി നദിയിൽ ലയിക്കുന്ന ജലാശയത്തിൽ പതിക്കുന്നു.
വെള്ളച്ചാട്ടത്തിന്റെ മുൻപിലായി ഒരു തൂക്കുപാലവും ഉണ്ട്. പതിവു പോലെ അഞ്ചാറു ഫോട്ടോകൾ എടുത്ത് ആ വെള്ളച്ചാട്ടത്തിനോട് നീതി പുലർത്തി.
സ്വന്തമായൊരു വിമാനത്താവളമോ റെയിവേ സ്റ്റേഷനോ ഇല്ലാത്തതിനാൽ ഇവിടെ എത്തിപ്പെടാൻ പ്രയാസമാണ്. മണിക്കൂറോളമുള്ള റോഡ് യാത്രയിലാണ് ഞങ്ങൾ ഇവിടെ എത്തിയത് കൂട്ടത്തിൽ ‘home stay’ _യിലെ ചുറ്റി നടന്നുള്ള കാഴ്ചകളും കൂടുതൽ ക്ഷീണിതരാക്കിയിരിക്കുന്നു. കൂടുതൽ വിശേഷങ്ങളുമായി അടുത്താഴ്ച
Thanks