സപ്ലൈകോ ഈസ്റ്റര്‍–റമസാന്‍–വിഷു ചന്തകള്‍ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും തലസ്ഥാനത്തൊഴികെയുള്ള വില്‍പനശാലകളില്‍ സബ്സിഡി ഉല്‍പന്നങ്ങള്‍ക്ക് ക്ഷാമം. മിക്ക ചന്തകളിലും ലഭ്യമായത് ഒന്നോ രണ്ടോ ഇനങ്ങള്‍ മാത്രമാണ്.ഉല്‍പന്നങ്ങള്‍ ലോക്കല്‍ പര്‍ച്ചേസിങ് നടത്തി ചന്തയിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം.
പതിമൂന്ന് സബ്സിഡി ഇനങ്ങള്‍ക്ക് പുറമേ നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കി ഈസ്റ്റര്‍–റമസാന്‍–വിഷു ചന്തകള്‍ നടത്തുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്നതുപോലെ വിപുലമായ ചന്തകള്‍ക്ക് പകരം ഓരോ താലൂക്കിലും ഓരോ ചന്ത. അതിനായി, കഴിഞ്ഞ ഇരുപത്തിയെട്ടിന് ബാനര്‍ വലിച്ചുകെട്ടി ചന്ത തുടങ്ങിയതാണ്.ഒരാഴ്ച പിന്നിട്ടു. സപ്ലൈകോ ആസ്ഥാനമുള്ള എറണാകുളം ജില്ലയിലെ ഔട്ട്‌ലെറ്റുകളില്‍ സബ്സിഡിയുള്ളവ നാലില്‍ താഴെ മാത്രം. പലയിടത്തും അരി പോലും കിട്ടാനില്ല. തലസ്ഥാനത്ത് സ്ഥിതി പിന്നെയും ഭേദമാണ്. പച്ചരി, പഞ്ചസാര, വന്‍പയര്‍ ഒഴികെയുള്ളവ ഉണ്ട്. തൃപ്പൂണിത്തുറയിലെ വില്‍പനചന്തയില്‍ ആകെയുള്ളത് കടലയും ചെറുപയറും. ബാനര്‍ കണ്ട് ഔട്‍ലെറ്റിലെത്തുന്നവര്‍ക്ക് കാണാനാവുക ഒഴിഞ്ഞ തട്ടുകള്‍. കുടിശ്ശികയെ തുടര്‍ന്ന് കരാറുകാര്‍ടെന്‍ഡറുകള്‍ ഏറ്റെടുക്കാത്തതായതോടെ ഡിപ്പോ തലത്തില്‍ ലോക്കല്‍ പര്‍ച്ചേസിങ്ങ് നടത്താനായിരുന്നു സപ്ലൈകോയുടെ ശ്രമം. ചന്തകളായി പ്രവര്‍ത്തിക്കുന്ന വില്‍പനശാലകള്‍ക്ക് ആവശ്യമനുസരിച്ച് സാധനങ്ങള്‍ വാങ്ങാമെന്നും നിര്‍ദേശിച്ചു. കണക്കുക്കൂട്ടലുകളെല്ലാം തെറ്റി. സാധനങ്ങള്‍ എന്നെത്തുമെന്നതില്‍ ജീവനക്കാര്‍ക്കും വ്യക്തതയില്ല. ഈ മാസം 1,2 തീയതികളില്‍ നടക്കേണ്ടിയിരുന്ന സ്റ്റോക് കണക്കെടുപ്പും സാങ്കേതിക തകരാര്‍ മൂലം പൂര്‍ത്തിയായിട്ടില്ല. പതിമൂന്നാം തീയതിവരെയാണ് ഈസ്റ്റര്‍–റമസാന്‍–വിഷു ചന്തകള്‍ പ്രവർത്തിക്കുന്നത്.