പാലക്കാടൻ യാത്രയിൽ ഒരു തനത് സൗന്ദര്യം കാണാൻ കഴിഞ്ഞു. കരിമ്പനകളുടെ പാട്ടും വയലേലകളുടെ നൃത്തവും മനസ്സിനെ ദൃശ്യ ഭംഗിയുടെ മാസ്മരികതയിൽ എത്തിക്കുന്നതായിരുന്നു. അതിന്റെ മായകാഴ്ചകൾ മായാതെ മനസ്സിൽ നിൽക്കുന്നു.
ഗംഭീരമായ പർവതശൃംഗങ്ങൾ, പറന്നുകളിക്കുന്ന മേഘ ത്തുണ്ടുകളും സമന്വയിച്ചൊരുക്കിയ ദൃശ്യചാരുത കോടമഞ്ഞിന്റെ കുളിരിൽ ഏറെ ഹൃദ്യമായി.
നെല്ലിയാമ്പതിയും കവയും മറ്റു കാഴ്ചകളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ഇടുക്കിയിൽ പോയപോലെ തോന്നിച്ചു.
മലമ്പുഴ ഡാം ആണ് ഭംഗിയായി തോന്നിയത് പോത്തുണ്ടിയും ചുള്ളിയാർ എന്നിവയെക്കാൾ സ്നേക് പാർക്ക് പൂന്തോട്ടം, വാന നീരീക്ഷണ കേന്ദ്രo, ഇതെല്ലാം കൂടുതൽ നയനാന്ദകരമായിരുന്നു. ഏറ്റവും വന്യവും മനസ്സിനെ വേട്ടയാടുന്നതുമായ ഒരു അനുഭവമായിരുന്നു കനായിയുടെ യക്ഷി പ്രതിമ. ഒരു കാഴ്ച വിരുന്നു തന്ന സൗന്ദര്യം. കവയിലെ കോടമഞ്ഞു ഒഴുകി നീങ്ങുമ്പോൾ നമ്മൾ ഒപ്പം ഒഴുകുന്ന അനുഭൂതി.
അവിടുത്തെ കാലാവസ്ഥ മാറ്റങ്ങൾ നമുക്ക് എപ്പോൾ എന്നു പറയാൻ പറ്റാതെ അപ്രതീക്ഷിതമാണ്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിന്നത് പക്ഷികളുടെ കള കളപ്പിന്റെ അകമ്പടിയോടെ. ആകാശം തൊടുന്ന പാറ കൂട്ടങ്ങൾ നെല്ലിയാമ്പതിയുടെ അതിശയം.
പാലക്കാട് ഇത്രയേറെ ഭംഗികളോ! മനസ്സിൽ അങ്ങനെയുള്ള ചിന്തകളോടെ കൽപ്പാത്തിയിലേക്ക് യാത്രയായി. അവിടുത്തെ അഗ്രഹാരങ്ങളും അരിപ്പൊടി കോലങ്ങളും ഒരു ഗൃഹാതുരത്വം ഉണർത്തി. രഥോത്സവ സമയം അല്ലാത്തത് കൊണ്ട് അതു കണ്ടില്ല.
പിന്നീട് ഓ. വി. വിജയൻ എന്ന അത്ഭുതപ്രതിഭാസത്തിന്റെ സ്വപ്നലോകത്തിലേക്കു, തസ്‌രാക്കിലേക്ക് മിടിക്കുന്ന ഹൃദയത്തോടെ കാലുകൾ പതിയെ വെച്ചു നടന്നു. ഞാറ്റുപുരയും അറബിക്കുളവും കുഞ്ഞാമിനയും, അപ്പുക്കിളിയും ഓടിവന്നു കാതിൽ എന്തോ പറഞ്ഞതുപോലെ. അള്ളാപ്പിച്ച മുല്ലാക്കയെ ഓർമിപ്പിക്കുന്ന വാങ്കുവിളി.
രവിയുടെ ഞാറ്റുപുരയും അറബിക്കുളവും ഞങ്ങളെ സ്വാഗതം ചെയ്തു. രവിയെന്ന ഒരു യഥാർത്ഥ മനുഷ്യനെ അവിടെ തിരഞ്ഞു പോയി ഞാൻ. ഒരേ സമയം പലതുമായിരുന്ന രവി. ആഢംബരങ്ങൾ ഇല്ലാതെ നമുക്ക് മുൻപിൽ രവി. മനസ്സിൽ എവിടെയോ…… രവിയുടെ കാലിലെ പാമ്പു കടിയുടെ നീറ്റൽ. ഖസാക്കിന്റെ ഇതിഹാസം നമ്മോട് സംവദിക്കുന്ന നൈസമാലിയും കുഞ്ഞാമിനയും മൈമുനയും.
വിടപറയാൻ വേദന തോന്നി.. ആശ്വസിപ്പിക്കും പോലെ മടക്കയാത്രയിൽ ഒരു കുളിർ കാറ്റു തഴുകി തലോടി. കരിമ്പന കൂട്ടത്തിന്റെ സീൽക്കാരം വീട്ടിലെത്തിയിട്ടും പിറകെ പിന്തുടർന്നു…
ജന്മസുകൃതം പോലെയൊരു യാത്ര.