കോലംലംപൂർ സിറ്റി സെൻററിനുള്ളിൽ കൺവെൻഷൻ സെൻററിനു താഴെയാണ് ഈ അക്വേറിയം.2005ൽ ആണ് ഔദ്യോഗികമായി തുറന്നത്. 60000 സ്ക്വയർ ഫീറ്റിൽ 2 തട്ട് ആയിട്ടാണ് ഇത്. 250ലധികം വ്യത്യസ്ത ഇനങ്ങളും അയ്യായിരത്തിലധികം കര ജല മൃഗങ്ങളും ഉൾപ്പെടുന്നു. ലോകത്തിലെ തന്നെ വലിയ ഒരു അക്വേറിയങ്ങളിൽ ഒന്നാണിത്.രാവിലെ 10 മണി മുതൽ എട്ടുമണിവരെ ആണ് പ്രദർശന സമയം.
മീനുകളും ആയി എയ്താനും ഇയാനും എന്തോ ഒരു ആത്മബന്ധം ഉണ്ടെന്ന് എനിക്ക് മുമ്പേ തോന്നിയിട്ടുണ്ട്. കാരണം ഞാൻ വല്ലപ്പോഴും ഇവരുടെ വീട്ടിൽ ചെല്ലുമ്പോൾ തന്നെ അത്യാവശ്യം കുറച്ച് വരയ്ക്കുന്ന എന്നെക്കൊണ്ട് വെള്ളപേപ്പറിലും കട്ടി കാർഡ് ബോർഡിലും മീനിനെ വരപ്പിയ്ക്കും. അതുകഴിഞ്ഞ് അത് കത്രിക കൊണ്ട് വെട്ടിയെടുത്ത് അതിന് നല്ല ചായങ്ങൾ കൊടുത്ത്, ചാള, മത്തി, ഫിലോപ്പി, അയില, നെയ് മീൻ എന്നൊക്കെ പേര് എഴുതി ഒരു കൂടിൽ സൂക്ഷിക്കുന്ന പതിവുണ്ട്. ഇടയ്ക്കിടെ അവർ അതൊക്കെ എടുത്ത് കണ്ട് ആനന്ദിക്കും. രണ്ടു പേരും കലഹം ഉണ്ടാക്കിയാൽ എന്റെ മോൾ പറയും നിങ്ങളുടെ മീനിനെ എടുത്ത് ഇന്ന് കറിയാക്കുമെന്ന്.
അതുകൊണ്ടാണ് ഞങ്ങൾ പ്രത്യേകം ഒരു ദിവസം തന്നെ ഇത് കാണാനായി മാറ്റിവെച്ചത്.ഉച്ചക്ക് എഡി എന്ന ഡ്രൈവറോടൊപ്പം ഞങ്ങൾ ഇവിടെയെത്തി.ഇത് മുഴുവനും എയർ കണ്ടിഷൻഡ് ചെയ്ത ഹാൾ ആണ്.നമ്മൾ ഏതോ സ്വപ്നലോകത്ത് എത്തിപ്പെട്ടത് പോലെയാണ് തോന്നുക.
പല മീനുകളുടെയും മുഖഭാവം കണ്ടാൽ നമ്മൾ ചിരിച്ചു പോകും.ജഗതി’ഉദയനാണ് താരത്തിൽ ‘ പറഞ്ഞതുപോല നവരസങ്ങൾ ആണ് പലരുടെയും മുഖത്ത് വിരിയുന്നത്.ചിലർക്ക് രൗദ്രഭാവം,കരുണം,ശൃംഗാരം, വീരം, ഭയാനകം, ശാന്തം, അത്ഭുതം, ഭീഭൽസം….. അങ്ങനെ അങ്ങനെ ചിലരുടെ ഭാവം കണ്ടാൽ വട്ടേപ്പത്തിന് പിണങ്ങിയത് പോലെ മറ്റുചിലർ ഇന്നുതന്നെ ലോകം അവസാനിച്ചേക്കുമോ എന്നപോലെയുള്ള നീന്തിത്തുടിക്കൽ. മറ്റു ചിലരുടെ മുഖത്തിനു കണ്ടാമൃഗത്തിന്റെ ഛായ. ചിലതിന് നല്ല വികൃത മുഖങ്ങൾ.
ഇവിടെയും ഇവരെ പല സോണുകളായി തിരിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഇൻറീരിയർ ഒക്കെ ചെയ്തിരിക്കുന്നത് മുങ്ങിപ്പോയ ഒരു ബോട്ടിൻറെ മാതൃകയിലാണ്. സ്രാവുകൾ, പിരാനാ,ജെല്ലി ഫിഷുകൾ ….. വിസ്മയിപ്പിക്കുന്ന കാഴ്ചകൾ തന്നെയാണ്.
ഞങ്ങൾ ചെന്നത് മീനുകൾക്ക് ഭക്ഷണം കൊടുക്കുന്ന സമയത്തായിരുന്നു. ചൂരൽ വടി പോലെ ഒരു വടിയിൽ കുത്തിയാണ് വലിയ മീനുകൾക്ക് ഭക്ഷണം ഇവരുടെ അടുത്തേക്ക് കൊണ്ടു ചെന്നിരുന്നത്.വായ തുറന്നില്ലെങ്കിൽ അത് കൊണ്ട് ഒരു കുത്ത് വച്ചു കൊടുക്കും.മുകളിലേക്ക് കയറണമെങ്കിൽ എസ്കലേറ്ററും ഉണ്ട്, പടികളും ഉണ്ട്.ഏതു വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം.
പിന്നെ പോയത് ഒരു ടണലിലൂടെ.ഷാർക്ക് അപകടകാരിയായതുകൊണ്ടുതന്നെ അതിനെ നമ്മൾ കണ്ടത് ഒരു സ്ക്രീനിലൂടെ ആയിരുന്നു.എല്ലാവർക്കും ഭക്ഷണം കൊടുക്കുന്ന കാഴ്ച രസകരം തന്നെ.
പിന്നെ എല്ലായിടത്തും കാണുന്നതുപോലെ സുവനീർ ഷോപ്പുകൾ. (Souvenir shop)ഇതിനോട് ബന്ധപ്പെട്ട ഉള്ള സാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ ആണ് സുവനീർ ഷോപ്പുകൾ.നമ്മൾ ഇവിടെ കണ്ട മീനുകളുടെ ഷേപ്പിലുള്ള കളിപ്പാട്ടങ്ങൾ.ഇവ വാങ്ങി സൂക്ഷിച്ചു വച്ചാൽ പിന്നെ നാട്ടിൽ എത്തിയാലും നമ്മൾ ഇവരുടെ മുഖം ഒരിക്കലും മറക്കില്ല. വിസ്മയ കാഴ്ചകൾ ഒക്കെ കണ്ടു ഏകദേശം അഞ്ചു മണിയോടെ പുറത്തുകടന്നു.
അത് കഴിഞ്ഞ് നേരെ പോയത് ചൈനാ ടൗണിലേക്ക്. പെറ്റലിങ് സ്ട്രീറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.വീതി കൂടിയ റോഡിന്റെ രണ്ടു സൈഡിലും കടകൾ തന്നെ. ചെരുപ്പ്, ബാഗ്, ചൈനീസ് ലൈറ്റ്……അതൊക്കയാണ് അധികവും.സാധനങ്ങൾ വാങ്ങുമ്പോൾ എല്ലാം വിലപേശി വേണം എന്ന് ഓർമിപ്പിച്ചാണ് എഡി ഞങ്ങളെ അവിടെ ഇറക്കി വിട്ടത്. ഇവിടെ വന്നതിന്റെ ഓർമ്മയ്ക്കായി എയ്താനും ഇയാനും മിനി ബസും ഡയനോസ്സറും വാങ്ങിക്കൊടുത്തു. പൊള്ളുന്നവില തന്നെ. ഫ്ലാറ്റിലെ അയൽവാസി കൾക്കും കൂട്ടുകാർക്കും കൊടുക്കാൻ കുറച്ചു സമ്മാനങ്ങളും അവിടെ നിന്ന് വാങ്ങി.
ആ കൂട്ടത്തിൽ ട്വിൻ ടവർന്റെ മോഡൽ, ചാർജറിൽ വർക്ക് ചെയ്യുന്ന കൊച്ചു പോർട്ടബിൾ ഫാൻ……ഒരു 7 മണി ആയതോടെ റോഡിനിരുവശവും മാത്രമല്ല നടുക്കും ചെറിയ വണ്ടികൾ ഉന്തി കൊണ്ടുവന്ന് കച്ചവടക്കാർ കച്ചവടം തുടങ്ങി.
എല്ലാ കടകളിലും ചൈനീസ് വിളക്കുകൾ തൂക്കിയിട്ടിട്ടുണ്ട്. അതിലേ നടന്നു പോകാൻ തന്നെ പ്രയാസം ആയി.ഒട്ടു മിക്കവാറും ബ്രാൻഡഡ് സാധനങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് ആണ് ഇവിടെ ഉള്ളത്. Louis Vuitton, Charles and Keith, Gucci…..ഇവയുടെ ഡ്യൂപ്ലിക്കേറ്റ് കണ്ടാൽ അത് ഒറിജിനലിനെ വെല്ലും.ഒരാൾക്കും തിരിച്ചറിയാൻ പറ്റില്ല.ഇരുട്ടും തോറും ആളുകളുടെ എണ്ണവും കൂടി.ഒരു എക്സിബിഷൻ ഗ്രൗണ്ട് പോലെയായി താമസിയാതെ അവിടം.
പിന്നെ ഞങ്ങൾ പോയത് സെയിന്റ് ജോൺസ് കത്തിഡ്രലിലേക്ക്.അവിടെ പുനർനിർമ്മാണം നടക്കുന്നതുകൊണ്ട് അകത്തേക്ക് കയറാൻ പറ്റിയില്ല.പുറത്തു നിന്ന് പ്രാർത്ഥിച്ചു പോന്നു.
അവിടെ അടുത്തുതന്നെയുള്ള ബുകിറ്റ് ബിൻ ടാഗ് സ്ട്രീറ്റ് ലേക്ക് ആയിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. അവിടെയും ഷോപ്പുകളും ഫുഡ്കോർട്ടുകളും മാളുകളും തന്നെ. അവിടെ ബർജയ ടൈം സ്ക്വയർ മാളിലേക്ക് പോയി എന്റെ ഭാര്യയും മോളും.ഞങ്ങൾ പുരുഷന്മാരെല്ലാം അവിടെ ഒരു ഇൻഡോർ ബാസ്കറ്റ്ബോൾ മാച്ച് കണ്ട് അവിടെയിരുന്നു.
ബാക്കിയുള്ള മാളുകളെ അപേക്ഷിച്ച് ഈ മാളിലെ ഷോപ്പിംഗ് വളരെ റീസണബിൾ ആണെന്ന് അവർ കേട്ടിരുന്നുവത്രേ. അതുകൊണ്ടാണ് അങ്ങോട്ട് വച്ചു പിടിച്ചത്.
പിന്നീട് പോയത് നൈറ്റ് മാർക്കറ്റിലേക്ക്. അത് ഒട്ടും നന്നായി തോന്നിയില്ല. ഇവിടുത്തെ മനുഷ്യർ ഒക്കെ വളരെ ഭക്ഷണ പ്രിയരാണ് എന്ന് ഞാൻ ആദ്യദിവസം തന്നെ മനസ്സിലാക്കിയിരുന്നു.ഫുഡ് കോർട്ടിൽ മുഴുവനും ഏതാണ്ട് ഗ്രഹണി പിടിച്ച പിള്ളേര് ചക്കച്ചുള കണ്ടത് പോലെയാണ് ഇവരുടെ ഭക്ഷണരീതി.മീൻ വറുത്തത് മാത്രം ഓർഡർ ചെയ്തു എന്തോ തീറ്റ മത്സരത്തിനു പങ്ക് എടുക്കുന്നത് പോലെ ഇവരുടെ ഡ്രസ്സും രൂപവും അതിലും തമാശ.പൂക്കളുള്ള ഷർട്ടും മുട്ടിനു മുകളിലുള്ള ട്രൗസറും ഒക്കെ ആണ് ആണും പെണ്ണും ധരിച്ചിരിക്കുന്നത്. ആണുങ്ങൾ ക്കെല്ലാം ഊശാൻ താടിയും മീശയും.നമ്മളെപ്പോലെ വസ്ത്രത്തിന് അവർ അധികം കാശു കളയുന്നില്ല. എന്റെ കട്ടി മീശയിലേക്ക് പലരും അസൂയയോടെ നോക്കുന്നത് ഞാൻ കണ്ടിരുന്നു.
പിന്നെ ഞങ്ങൾ പോയത് മസ്ജിദ് ഇന്ത്യൻ സ്ട്രീറ്റിലേക്ക്. അവിടെ എത്തുമ്പോൾ നമ്മൾ ഇന്ത്യയിലെത്തിയ ഒരു ഒരു ഫീൽ അനുഭവപ്പെടും. കവാടം തന്നെ ഇന്ത്യഗേറ്റിന്റെ മോഡൽ.ഇന്ത്യൻ വസ്ത്രങ്ങൾ.. സാരി, ചുരിദാർ, നമ്മുടെ ചട്ടി, പാത്രങ്ങൾ……നമ്മളെ സ്വീകരിക്കുന്നത് തന്നെ ഹിന്ദി പാട്ടുകൾ. വഴിയിലുടനീളം കടകൾ ദീപാലങ്കൃതമാക്കിയിട്ടുണ്ട്.
രണ്ടു ഷോപ്പു കളിൽനിന്ന് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കാൻ തക്ക രീതിയിൽ ഉച്ചത്തിലുള്ള രജനീകാന്ത് അഭിനയിച്ച തമിഴ് സിനിമകളിലെ പാട്ട് കേൾക്കുന്നുണ്ടായിരുന്നു.
അപ്പോൾ നമ്മൾ തമിഴ്നാട്ടിൽ എത്തിയോ എന്ന് തോന്നും.അത് കൂടി കണ്ട് ഞങ്ങൾ തിരിച്ച് രാത്രി 10 മണിയോടെ ഹോട്ടലിലേക്ക് എത്തി.ഇനിയുള്ള യാത്രാവിശേഷങ്ങൾ അടുത്ത ലക്കത്തിൽ