Saturday, December 7, 2024
Homeപുസ്തകങ്ങൾചന്തുമേനോന്‍റെ ഇന്ദുലേഖ എന്ന നോവലിന്റെ ദാർശനീകത ✍ ശ്യാമള ഹരിദാസ്

ചന്തുമേനോന്‍റെ ഇന്ദുലേഖ എന്ന നോവലിന്റെ ദാർശനീകത ✍ ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

ഒയ്യാരത്ത് ചന്തുമേനോന്റെ മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവലാണ് ഇന്ദുലേഖ. മലയാള സാഹിത്യത്തിൽ സമുന്നതസ്ഥാനം വഹിക്കുന്ന ഈ നോവൽ അത്യധികം ആകർഷണീയവും, അർത്ഥഗർഭവും, ലക്ഷണമൊത്തതുമായ നോവലാണ്. ഇതിന്റെ സൃഷ്ടിക്കു പിന്നിൽ അദ്ദേഹത്തിന്റെ പത്നിയുടെ പ്രചോദനമാണെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

ഇന്ദുലേഖ സാഹിത്യ ആസ്വാദകലോകത്തിനു നൽകിയ അമൂല്യസമ്പത്താണ് ഈ നോവൽ.ഇന്ദുലേഖക്കു മുൻപ് ഒരു സാഹിത്യകാരനോ, മലയാള സാഹിത്യത്തോട് പ്രതിപത്തിയോ ഉള്ള ആളായിട്ട് ചന്തുമേനോൻ അറിയപ്പെട്ടിരുന്നില്ല.
1889ൽ പുറത്തുവന്ന ഇന്ദുലേഖ അന്നു തൊട്ടിന്നോളം മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു സുഗന്ധപുഷ്പമാണ്. ഈ നോവലിലൂടെ ചന്തുമേനോൻ മലയാള സാഹിത്യത്തിൽ പുതിയ ഒരു വഴി വെട്ടി തുറക്കുകയായിരുന്നു. ലക്ഷകണക്കിന് ആളുകൾ വായിക്കുകയും വിലയിരുത്തുകയും ചെയ്ത ഈ പുസ്തകം നോവൽ സാഹിത്യത്തിലും, ചരിത്രത്തിലും വിശിഷ്ടമായ സ്ഥാനം വഹിച്ചു. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ എന്ന നിലയിൽ ചരിത്രത്തിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. ഈ നോവലിന് ഇന്ദുലേഖ എന്ന പേര് വരുവാൻ കാരണം ഈ കഥയിലെ മുഖ്യകഥാപാ ത്രമായ “ഇന്ദുലേഖ ” എന്നുപേരുള്ള വിദ്യാസമ്പന്നയും അതിസുന്ദരിയുമായ ഒരു നായർ യുവതിയിൽ നിന്നാണ്.

പണ്ട് നമ്പൂരികൾക്ക്‌ നായർ സ്ത്രീകളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നത് അനുവദനീയമായിരുന്നു. ഇത്തരത്തിലുള്ള നമ്പൂരിമാർ വേദവും, സംസ്കൃതവും പഠിച്ചിട്ടുണ്ടെങ്കിലും പാശ്ചാത്യശാസ്ത്രത്തെക്കുറിച്ചും ഇംഗ്ലീഷ് ഭാഷയെക്കുറിച്ചും തികച്ചും അറിവില്ലാത്തവരായിരുന്നു. അധികം എഴുതാതെ ചുരുക്കി എഴുതുന്നതുകൊണ്ട് ഇനി നമുക്ക് കഥയുടെ ഉള്ളടക്കത്തിലേക്ക് പോകാം.

കഥ ഉള്ളടക്കം.

നായർ സമുദായത്തിലെ സന്തതികളായ മാധവനും ഇന്ദുലേഖയും തമ്മിലുള്ള അനശ്വരപ്രണയത്തെ വികാരാർദ്രമായ സന്ദർഭങ്ങളിലൂടെ ഈ നോവലിൽ ചിത്രീകരിക്കുന്നുണ്ട്. നായർ തറവാടിയും കാരണാവരുമായ പഞ്ചുമേനോന്റെ അരുമ പേരക്കുട്ടിയാണ് ഇന്ദുലേഖ. രാജാവവർകൾ ആണ് അച്ഛൻ എങ്കിലും അമ്മാവനായ കൊച്ചുകൃഷ്ണമേനോന്റെ വാത്സല്യവും ലാളനയും ഏറ്റാണ് അവൾ വളർന്നത്. ഇന്ദുലേഖയുടെ ജനനത്തോടെ അവളുടെ അച്ഛൻ മരണപ്പെട്ടു. തുടർന്ന് അവളുടെ അമ്മ (കറുത്തേടം)കേശവൻ നമ്പൂരിയെ വേളി കഴിക്കുന്നു. ഇന്ദുലേഖ രണ്ടാനച്ഛനുമായി യോജിപ്പില്ല.എങ്കിൽ കൂടി വീട്ടിലെല്ലാവർക്കും അവൾ പ്രിയങ്കരിയായിരുന്നു. എല്ലാവ രോടും ക്രോധത്തിൽ പെരുമാറുന്ന പഞ്ചുമേനോൻ പോലും ഇന്ദുലേഖക്കു മുൻപിൽ അലിഞ്ഞു പോകാറുണ്ട്.

പൊതുവെ സ്ത്രീവിദ്യാഭ്യാസത്തോട് വിയോജിപ്പുള്ള കാലത്താണ് ഇന്ദുലേഖ വിദ്യ അഭ്യസിച്ചത്. ഇംഗ്ലീഷിലും, സംസ്‌കൃത നാടകാലങ്കാരങ്ങളിലും,
സംഗീതത്തിലും, ചിത്രപ്പണികളിലും, തുന്നലിലും അതിനിപുണയായിരുന്നു അവൾ.

ഈയിടെ തന്റെ അമ്മാവന്റെ മരണത്തോടെ മുത്തച്ഛനും, അമ്മയും താമസിക്കുന്ന ” പൂവരങ്ങ് ” എന്ന സ്വന്തം തറവാട്ടിലേക്ക് ഇന്ദുലേഖ തിരിച്ചെത്തുന്നു. അവിടെ വെച്ച് അവൾ മാധവനെ കണ്ടുമുട്ടുന്നു. ഇവർ രണ്ടുപേരും ചെറുപ്പത്തിൽ കളികൂട്ടുകാരായിരുന്നു. പഞ്ചുമേനോന്റെ മരുമകനാണ് മാധവൻ. വേറേയും മരുമക്കളുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്നേഹം കൂടുതലും ലഭിച്ചിരുന്നത് മാധവനാണ്. അതുകൊണ്ട് തന്നെ മാധവനെ പഠിപ്പിക്കുവാനും കലാ കായികവിദ്യകളിൽ സമർത്ഥനാക്കാനും പഞ്ചുമേനോൻ തന്നെയാണ് മുന്നോട്ടിറങ്ങിയത്. മാധവൻ അതികോമളനും, ബുദ്ധിമാനുമായിരുന്നു.

ഇന്ദുലേഖ കൊച്ചുകൃഷ്ണമേനോടൊപ്പം താമസിക്കുന്ന കാലത്തും മാധവനെ കൂടെകൂടെ കാണാറുണ്ടായിരുന്നു.കൊച്ചുകൃഷ്ണമേനോന് മാധവനെ വലിയ ഇഷ്ടമായിരുന്നു. മാധവൻ അതിബുദ്ധിമാനാണെന്ന് പലപ്പോഴും അദ്ദേഹം പ പറയുന്നത് ഇന്ദുലേഖ കേട്ടിട്ടുണ്ട്. കൊച്ചുകൃഷ്ണമേനോന്റെ മരണശേഷം “പൂവരങ്ങിൽ ” താമസം തുടങ്ങിയ മുതൽ ഇന്ദുലേഖയും മാധവനും തമ്മിൽ വളരെ സ്നേഹമായിരുന്നു. അവരിരുവരും കളിച്ചും, ചിരിച്ചും, സംസാരിച്ചും വളരെയേറെ സമയം ചിലവഴിച്ചിരുന്നു.ഇങ്ങനെ ഇരിക്കെയാണ് ഇന്ദുലേഖക്കും മാധവനും പരസ്പരം അനുരാഗം തുടങ്ങിയത്. എന്നാൽ രണ്ടുപേരും അവരുടെ ഉള്ളിലുള്ളത് പുറത്തു പറഞ്ഞില്ല. പക്ഷെ മനസ്സിൽ കവിഞ്ഞൊഴുകുന്ന പ്രേമത്തെ കണ്ടില്ലെന്നു നടിക്കുന്നതിൽ മാധവൻ പരാജയപ്പെട്ടു. അവളെക്കുറിച്ചുമാത്രം എപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നതിന്നിടയിൽ ഭക്ഷണം, ഉറക്കം, എന്നിവയിലുള്ള ശ്രദ്ധ കുറഞ്ഞു വരികയും ചെയ്തു. ഒടുവിൽ അവൻ ഇന്ദുലേഖയോടുള്ള സ്നേഹം തുറന്നു പറയുന്നു. അങ്ങിനെ അവരുടെ അന്തകരണത്തിൽ ഒരു പുതുമുകുളം പൊട്ടിവിരിഞ്ഞു.

ഇന്ദുലേഖയുടെയും മാധവന്റേയും സ്നേഹത്തേക്കുറിച്ചു നന്നായി അറിയുന്ന പഞ്ചുമേനോൻ മാധവനോട് ഉള്ളാൽ ഉണ്ടായിരുന്ന പക വീട്ടുന്നതിനായി ഇന്ദുലേഖയെ ഒരിക്കലും മാധവന് വിവാഹം ചെയ്തു കൊടുക്കില്ലെന്ന് ശപഥo എടുക്കുന്നു. ഇതുകൊണ്ടും മതിയാകാതെ “കണ്ണഴിമൂർക്കില്ലത്തെ സൂരിന മ്പൂരിപ്പാട്” എന്ന വൃദ്ധനെ കൊണ്ട് ഇന്ദുലേഖയെ വിവാഹം കഴിപ്പിക്കാനും ശ്രമിക്കുന്നു. യൗവനം കഴിഞ്ഞെങ്കിലും സ്ത്രീകളിൽ വളരെ ആസക്തിയുള്ള കൂട്ടത്തിലാണ് അയാൾ. ഇയാൾ വേളി കഴിച്ചിട്ടില്ല.ഇയാൾ ഒരു കഥകളി ഭ്രാന്തൻ കൂടിയാണ്.

സൂരിനമ്പൂതിരിയുടെ ഉറ്റമിത്രമാണ് ചെറുശ്ശേരിനമ്പൂരി. ഇന്ദുലേഖയുമായുള്ള സംബന്ധത്തിനുള്ള ക്ഷണം സൂരിനമ്പൂരിപ്പാടിന് ലഭിക്കുന്നു. ഇന്ദുലേഖയും മാധവനും തമ്മിലുള്ള പ്രേമത്തെക്കുറിച്ചറിയാമെങ്കിലും ചെറുശ്ശേരി സൂരിനമ്പൂരിക്ക് പ്രത്യാശ നൽകുന്നു. തന്റെ ബുദ്ധിപൂ ർവ്വമായ നീക്കങ്ങളിലൂടെ ചെറുശ്ശേരി സൂരിയെ അനുഗമിക്കുന്നു. അങ്ങിനെ സൂരിനമ്പൂരിപ്പാട് ഇന്ദുലേഖയെ കാണാൻ വേണ്ടി പൂവരങ്ങിൽ എത്തി. എന്നാൽ ഇത് ഇന്ദുലേഖയെ വളരെ ചൊടിപ്പിച്ചു. ഒരുപാടുനാൾ അദ്ദേഹം അവിടെ താമസിക്കുന്നു. എന്നാൽ ഓരോ ദിവസവും ഓരോ സ്ത്രീകളെയായി അയാൾ നോട്ടമിടുന്നു. ആദ്യദിവസം തന്നെ ഇന്ദുലേഖയുടെ അമ്മ ലക്ഷ്മിക്കുട്ടിയേയും, തോഴി കല്യാണികുട്ടിയേയും ഇയാൾ നോട്ടമിട്ടു.
ഇന്ദുലേഖയുമായി മധുര സംഭാഷണത്തിന് അയാൾ തുനിഞ്ഞുവെങ്കിലും അവളുടെ പ്രതികരണങ്ങൾ അയാളിൽ നീരസം ഉണ്ടാക്കുന്നു. തന്റെ വിവാഹ ആലോചനകൾ തകൃതിയായി നടക്കുന്ന വിവരവും സൂരിനമ്പൂരിപ്പാടിനെ കുറിച്ചുള്ള തമാശകളും ഇന്ദുലേഖയും മാധവനും കൈമാറിക്കൊണ്ടിരുന്നു. വിദ്യാസമ്പന്നയായ ഇന്ദുലേഖ തനിക്ക് ഒരിക്കലും വഴങ്ങില്ലെന്ന് മനസ്സിലാക്കിയ സൂരിനമ്പൂരിപ്പാട്
ഇന്ദുലേഖയുടെ തോഴി കല്യാണികുട്ടിയെ ഇന്ദുലേഖ എന്ന വ്യാജേന സംബന്ധം ചെയ്തു പല്ലക്കിലേറ്റി തന്റെ മാളികയിലേക്ക്‌ കൊണ്ടുപോകയും ചെയ്യുന്നു.

ഇതിനിടയിലാണ് മാധവൻ നാട്ടിലേക്ക് തിരിച്ചെത്തുന്നത്. വഴിയിൽ ചായ കുടിക്കാൻ കയറിയ ചായക്കടയിൽ ആളുകൾ ഇന്ദുലേഖയുടെ വേളിയുടെ കാര്യത്തെക്കുറിച്ചു സംസാരിക്കുന്നത് മാധവൻ കേൾക്കാനിടയായി. ഇതു ശരിയാണെന്ന് തന്റെ സുഹൃത്തുക്കളും പറഞ്ഞതോടെ മാധവൻ ആകെ തളരുന്നു. തന്റെ വേണ്ടപെട്ടവരെ ഒരുനോക്കുപോലും കാണാൻ നിൽക്കാതെ ദേശാടനത്തിന്നായി തിരിച്ചു. ഈ വിവരമറിഞ്ഞ ഇന്ദുലേഖ മാധവൻ തന്നെ തെറ്റിദ്ധരിച്ചല്ലോ എന്നോർത്ത് സങ്കടപ്പെട്ടു. ഇതറിഞ്ഞ ഗോവിന്ദ പണിക്കരും സഹോദരനും മാധവനെ തിരക്കി മൂoബക്ക് കപ്പൽ കയറി. എന്നാൽ മാധവൻ ഇവർക്ക് പിടികൊടുക്കാതെ മറ്റുദേശങ്ങളിലേക്ക് ചേക്കേറികൊണ്ടിരുന്നു. ഒരുപാട് അലച്ചിലിന്റെ ഫലമായി അനീതികളും, ക്രൂരതകളും മാധവനു നേരിടേണ്ടി വന്നു. അപ്പോഴെല്ലാം മാധവന് സഹായത്തിന്നായി ചില വലിയ മനുഷ്യർ എത്തുന്നുണ്ടായിരുന്നു.

അപ്രകാരമുള്ള ഒരാളുടെ കൂടെ താമസിച്ചുകൊണ്ടിരുന്നപ്പോൾ ഗോവിന്ദ പണിക്കരും സഹോദരനും അവിടെയെത്തി മാധവനെ കാണുന്നു. അവരുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊഴിഞ്ഞു കൊണ്ടിരുന്നു. ഇന്ദുലേഖ വേളി കഴിച്ചിട്ടില്ലായെന്നും മാധവൻ തെറ്റിദ്ധരിച്ചതാണെന്നുമുള്ള സത്യം അവർ അവനെ അറിയിക്കുന്നു. അതോടെ നാളുകൾക്കു ശേഷം നഷ്ടപ്പെട്ടുപോയ സന്തോഷവും, ഊർജ്ജ്വസ്വലതയും മാധവൻ വീണ്ടെടുക്കുന്നു. അവർ മുവരും കൂടി നാട്ടിലേക്ക് തിരിച്ചെത്തുന്നു. താൻ ചെയ്തുപോയ തെറ്റിന് ഇന്ദുലേഖയോടും അമ്മയോടും ക്ഷമ ചോദിക്കുന്നു. ഒരാഴ്ചക്കുള്ളിൽ തന്നെ മാധവന്റെയും ഇന്ദുലേഖയുടേയും വിവാഹം നടക്കുകയും പിന്നീട് വളരെക്കാലം അവർ സന്തോഷത്തോടെ ജീവിച്ചു.

ഇത്തരത്തിൽ ഈ നോവൽ ശുഭമായി പര്യവസാനിച്ചു. ആദ്യഭാഗത്ത് പ്രേമവും ഇടയിൽ തമാശകളും, പിന്നീട് വിരഹവേദനയും, ഒടുവിൽ കൂടിച്ചേരലിന്റെ വൈരുദ്ധ്യമായ അവസ്ഥകളേയും ചന്തുമേനോൻ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

സമൂഹത്തിന്റെ അനാചാരങ്ങളില്‍ നിന്നുള്ള മോചനത്തിന് നല്ല വിദ്യാഭ്യാസമുള്ള ജനതയുണ്ടാകണമെന്നാണ് ചന്തുമേനോന്‍ വിശ്വസിച്ചത്. അതിനാല്‍ ഇന്ദുലേഖയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വളരെ പ്രാധാന്യത്തോടെ വിവരിക്കുന്നു. ഭാര്യയ്ക്ക് വായിച്ചു രസിക്കാനായി ഒരു നോവലെഴുതുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ സ്ത്രീശാക്തീകരണത്തിന്റെയും സാമൂഹ്യപരിഷ്‌കരണത്തിന്റെയും ആയുധമായി എഴുത്തിനെ മാറ്റാമെന്ന ബോധമുണ്ടായിരുന്നു. ഇന്ദുലേഖയിലൂടെ അദ്ദേഹം അതു സാധിച്ചെടുത്തെന്ന് പൂര്‍ണ്ണമായി പറയാനാകില്ലെങ്കിലും അതിലേക്കുള്ള ഉറച്ച കാല്‍വയ്പ്പായിരുന്നു ഇന്ദുലേഖ.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments