Tuesday, September 17, 2024
Homeയാത്രഎന്റെ മലേഷ്യൻ യാത്ര (ഭാഗം 5) 'ബാത്തു കേവ്സ്' ✍സി.ഐ.ജോയ്,തൃശൂർ.

എന്റെ മലേഷ്യൻ യാത്ര (ഭാഗം 5) ‘ബാത്തു കേവ്സ്’ ✍സി.ഐ.ജോയ്,തൃശൂർ.

സി.ഐ.ജോയ്,തൃശൂർ.

പിന്നീട് ഞങ്ങൾ പോയത് ബാത്തു കേവ്സ് കാണാൻ. ചെങ്കുത്തായ ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള ഒരു മലയുടെ ഭാഗത്തുള്ള കുറെ ഗുഹകൾ.

മലേഷ്യയിലെ ഹിന്ദുക്കളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഈ ഗുഹകൾ. ലോകത്തിലെ മുരുകന്റെ ഏറ്റവും പൊക്കമുള്ള സ്വർണ്ണനിറമുള്ള ഭീമാകാരമായ പ്രതിമ ഈ കവാടത്തിൽ തല ഉയർത്തി നിൽക്കുന്നുണ്ട്.140 അടിയാണ് ഇതിൻറെ ഉയരം. 2006ൽ മൂന്ന് വർഷം കൊണ്ടാണത്രേ ഈ ശിൽപത്തിന്റെ പണി പൂർത്തി ആയത്.272 പടികൾ കയറി വേണം മുകളിലുള്ള ഗുഹയിൽ എത്താൻ.കോൺക്രീറ്റ് കൊണ്ട് പണിതിരിക്കുന്ന ഈ പടികളെ മഴവില്ലിന്റെ നിറങ്ങൾ വച്ച് കൂടുതൽ വർണാഭമാക്കിയിട്ടുണ്ട്.

ഇവിടെ നാനാജാതി മതസ്ഥർക്കും കയറാം. പർദ്ദയണിഞ്ഞ മുസ്ലിം സ്ത്രീകൾ വരെ ഈ ക്ഷേത്രത്തിൽ കയറുന്ന കാഴ്ച നമുക്ക് കാണാൻ സാധിക്കും.പടികൾ കയറുമ്പോൾ ചിലപ്പോൾ കുട്ടികുരങ്ങന്മാർ പ്രത്യക്ഷപ്പെടുന്നുണ്ട്.🐒ഇവിടെ എപ്പോഴും പലതരത്തിലുള്ള പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പണികൾക്ക് ആവശ്യമായ മണ്ണും കല്ലും ചുമന്നുകൊണ്ട് മലയുടെ മുകളിൽ എത്തിക്കുന്നത് ഒരു വഴിപാട് ആണത്രേ.എത്ര മനോഹരമായ ആചാരങ്ങൾ അല്ലേ? 🙏 വിദേശികൾ അടക്കം ഇങ്ങനെ ചെയ്യുന്നത് കാണാം. കേരളത്തിൽ ആയിരുന്നെങ്കിൽ നമ്മൾ ഇതിനായി ബംഗാളികളെ നിയമിച്ചേനെ!😀

ഈ പ്രതിമയുടെ താഴെ പ്രാവുകളുടെ ഒരു കൂട്ടമുണ്ട്. അവർക്ക് ഭക്ഷണം കൊടുക്കുന്നതും ഒരു ഇമ്പമുള്ള കാഴ്ച തന്നെ. ഇവിടെ കുട്ടി ഉടുപ്പും കയ്യില്ലാത്ത ഉടുപ്പും ഒന്നുമിട്ട് സ്ത്രീകളെ കയറാൻ അനുവദിക്കില്ല.ഒരു സ്കാഫോ ഷോളോ അവിടുന്ന് തന്നെ വാങ്ങി അതുകൊണ്ട് പുതച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. അമ്പലത്തിന്റെ ഒരു വശത്ത് ഡാർക്ക്‌ കേവ് എന്ന പേരുള്ള മറ്റൊരു ഗുഹയും ഉണ്ട്. ആ ഗുഹയിലൂടെ വേണമെങ്കിൽ സന്ദർശകർക്ക് ഒരു സാഹസിക യാത്ര നടത്താം. ചിലപ്പോൾ കൂട്ടിന് തേളും ചിലന്തിയും പാമ്പും കൂടെ കൂടുമെന്നു മാത്രം.ക്ഷേത്രവളപ്പിൽ ഉള്ള കുളത്തിൽ സ്വർണ്ണ നിറത്തിലുള്ള മത്സ്യങ്ങൾ നിറഞ്ഞിരുന്നു. അതും ഒരു കൗതുകകാഴ്ച തന്നെയായിരുന്നു.

ബാതു കേവ്സിൽ ഒരുപാട് സിനിമ ഷൂട്ടിങ്ങുകൾ നടന്നിട്ടുണ്ട്. രജനീകാന്ത് അഭിനയിച്ച ‘കാബാലി’ ഇവിടെ ഷൂട്ട് ചെയ്ത സിനിമയാണ്. ഷൂട്ടിങ്ങിനിടയിൽ അദ്ദേഹമന്ന് ഇരിക്കാൻ ഉപയോഗിച്ചിരുന്ന കസേര ‘രജനി കസേര ‘എന്ന പേരിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇവിടുത്തെ തൈപ്പൂയ ആഘോഷ സമയത്ത് ഉത്സവങ്ങളിൽ പങ്കെടുക്കാനായി ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരെ തമിഴ് വംശജർ ധാരാളമായി എത്തിച്ചേരാറുണ്ടത്രേ !

സ്റ്റെപ്പ് കയറിയും നടന്നും ഞങ്ങളെല്ലാവരും പതിവിലധികം ക്ഷീണിച്ചത് കൊണ്ട് അന്നത്തെ യാത്ര ഏഴുമണിയോടെ അവസാനിപ്പിച്ച് തിരികെ ഹോട്ടൽ മുറിയിലെത്തി.

അപ്പോഴാണ് ഞാൻ ഏതു ഹോട്ടലിൽ ചെന്നാലും പല തവണ പറഞ്ഞു എല്ലാവരെയും ഭീഷണിപ്പെടുത്തിയ ആ അനുഭവ കഥ പറയാൻഎല്ലാവരും എന്നോട് ആവശ്യപ്പെടുന്നത്.

ഞാൻ വിദേശത്തേക്ക് പോകാൻ അര മനസ്സുമായി നിൽക്കുമ്പോഴാണ് എൻറെ ഒരു ചങ്ക് ഞാനൊരു മലേഷ്യൻ റിട്ടേണിനെ തന്നെ നിനക്ക് പരിചയപ്പെടുത്തിത്തരാം എന്ന് പറഞ്ഞു അവന്റെ ഒരു സുഹൃത്തിന്റെ അടുത്തേക്ക് എന്നെ കൂട്ടികൊണ്ടുപോകുന്നത്.

ലോനപ്പൻ എന്നായിരുന്നു അദ്ദേഹത്തിൻറെ പേര്. അദ്ദേഹം ടൂർ പാക്കേജിൽ ഒരു സംഘത്തോടൊപ്പമാണ് മലേഷ്യ കാണാൻ പോയത്. ഭക്ഷണപ്രിയനായ അദ്ദേഹം ചെന്നിറങ്ങിയ ദിവസം തന്നെ മലേഷ്യൻ വിഭവങ്ങൾ അടങ്ങിയ ഭക്ഷണം വേണ്ടുവോളം ആസ്വദിച്ചു കഴിച്ചു. പുള്ളി ഈ രാജ്യങ്ങൾ ഒക്കെ കാണാൻ നടക്കുന്നതു തന്നെ അവരുടെ ഭക്ഷണം എന്തെന്ന് അറിയാനും രുചിക്കാനും വേണ്ടിയായിരുന്നു. പിറ്റേദിവസം നേരം വെളുത്തപ്പോൾ മുതൽ സംഗതി ബേജാറായി.പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവും പ്രശ്നം ആയി. ചുരുക്കത്തിൽ എന്നും രാവിലെ ഹോട്ടൽ മുറിയിൽ കിടന്ന് സഹമുറിയന്മാർക്ക് ടാറ്റ പറയലായി ജോലി. വയറും പൊത്തിപ്പിടിച്ച് ഹോട്ടൽമുറിയിൽ മരുന്നും മന്ത്രവുമായി ആറു ദിവസവും കഴിച്ചുകൂട്ടി. ആറാം ദിവസം തിരിച്ചു എറണാകുളത്തെത്തി നല്ലൊരു ഡോക്ടറെ കണ്ട് ഒരാഴ്ച ചികിത്സതേടി.കഴിച്ചു പരിചയമില്ലാത്ത ഭക്ഷണം ഒരുപാട് പെട്ടെന്ന് വയറ്റിലേക്ക് എത്തിയപ്പോൾ ഉണ്ടായ ഒരു പ്രശ്നം മാത്രമായിരുന്നു അത് എന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവും അതിൻറെ ആക്കം കൂട്ടി. അതുകൊണ്ടു ഭക്ഷണം കഴിക്കുമ്പോൾ ജോയിയും കുടുംബവും ഒന്ന് ശ്രദ്ധിക്കുക, അത്ര മാത്രം. അദ്ദേഹം എനിക്ക് യാത്രമംഗളങ്ങൾ നേർന്നു.

അതുകൊണ്ടാണ് മക്കളെ ഞാൻ നിങ്ങളെ ഹോട്ടലിൽ ഫുഡ്‌ ഓർഡർ ചെയ്യുമ്പോൾ ഉപദേശിച്ചു കൊണ്ടിരുന്നത്. നമ്മൾ ഒരു തീറ്റ മത്സരത്തിന് അല്ല ഇവിടെ വന്നിരിക്കുന്നത്. പരമാവധി മുമ്പ് കഴിച്ച് പരിചയമുള്ള ഭക്ഷണം തന്നെ കഴിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നത്. നമ്മളിൽ ആറുപേർക്ക് ആർക്കെങ്കിലും ഒരാൾക്ക് ഒരു മൂക്കിൽ പനി വന്നാൽ ഈ യാത്രയുടെ രസമെല്ലാം പോകും.മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നു കൂടി നാം പലതും പഠിക്കാൻ തയ്യാറാകണം.എന്നേക്കാൾ ബുദ്ധിയും കഴിവും സാമർഥ്യവും ടെക്നോളജിയിൽ അഗാധമായ പാണ്ഡിത്യവുംഉള്ള ന്യൂജനറേഷൻസിനെ സാധാരണയായി ഒരിക്കലും ഞാൻ ഉപദേശിക്കാൻ മുതിരാറില്ല.ഈ അനുഭവകഥ പറഞ്ഞു കൊടുത്ത് അങ്ങനെ ഒരു സാഹസം കുടുംബത്തിന്റെ ശ്രേയസ്സിനെകരുതി ഞാൻ അങ്ങ് ചെയ്തു. എല്ലാവരും അത് ചെവിക്കൊണ്ടു. 6 ദിവസം കഴിഞ്ഞ് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുന്നത് വരെ ആർക്കും ഒരസുഖവും ഉണ്ടായില്ല.ദൈവത്തിനു സ്തോത്രം!

 മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര നെഗരാ സൂവിലേക്ക് ആയിരുന്നു.ആ വിശേഷങ്ങൾ നാളെ…. അപ്പോൾ എല്ലാവർക്കും ശുഭരാത്രി നേരുന്നു.😴😴😴

സി.ഐ.ജോയ്,തൃശൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments