ഓഫീസിൽ നിന്നും കിട്ടിയ വാണിംഗ് ലെറ്ററും കൈയിൽപ്പിടിച്ചു ഇതികർത്തവ്യതാമൂഢയായിരിക്കുന്ന ശിശിരയുടെ അടുത്തേയ്ക്ക് കർണ്ണൻ വന്നു.
ശിശിരയ്ക്ക് ഇടയ്ക്ക് ചില ആന്ദോളനങ്ങൾ ഉണ്ടാകാറുള്ളതാണ്. അതൊന്നും പക്ഷേ ഇത്രയും ഗൗരവമുള്ളതായിരുന്നില്ല. ഇവളുടെ ഈ സ്വഭാവം കൊണ്ട് എങ്ങനെ മുന്നോട്ട് പോകുമെന്ന് കർണ്ണൻ ആശങ്കപ്പെടാറുമുണ്ട്. എങ്കിലും ശിശിരയോടുള്ള അവന്റെ ഇഷ്ടം ഒന്നിനോടും ഉപമിക്കാൻ പോലും പറ്റാത്തതായത് കൊണ്ട് എല്ലാം അങ്ങു അംഗീകരിച്ചുകൊടുക്കുകയാണ് പതിവായി ചെയ്യുന്നത്. ഇപ്രാവശ്യം ഇത്തിരി കടന്ന തിരയിളക്കമാണ് പെണ്ണിന്. ഇക്കാര്യത്തിൽ എന്തു ചെയ്യുമെന്ന ആശങ്ക വല്ലാതെ അലട്ടുന്ന സന്ദർഭത്തിലാണ് കർണ്ണൻ ശിശിരയെത്തേടിയെത്തിയത്.
“ശിശിരാ ഇതെന്താ വാണിംഗ് ലെറ്ററോ! ജോലിയിലും ശ്രദ്ധിക്കാതായോ. നിനക്കെന്താ പറ്റിയത്? ആ വിവാഹത്തിന് പോയി വന്നതിൽപ്പിന്നെയാണല്ലോ നീയിങ്ങനെ ഡെസ്പായിരിക്കുന്നത്.” കർണ്ണൻ ശിശിരയുടെ സമീപത്തേയ്‌ക്ക് ഒന്നുകൂടി ചേർന്നിരുന്നു.
“എനിക്ക്..എനിക്കയാളെ മറക്കാൻ പറ്റുന്നില്ല കർണ്ണാ. എന്തോ ഒന്ന് അയാളിലേയ്ക്കെന്നെ വലിച്ചടുപ്പിക്കുന്നു.” ശിശിര തലകുടഞ്ഞു.
“നീയത് ഇതുവരെ വിട്ടില്ലേ? ഇങ്ങനെ ഓരോ കൂടിക്കാഴ്ചകൾ വെറും ആകസ്മികതയാണെടോ.” കർണ്ണൻ ശിശിരയുടെ കൈകൾ ചേർത്തു പിടിച്ചു.
ശിശിര മിണ്ടിയില്ല. കർണ്ണൻ അല്പനേരം കൂടി അവിടെയിരുന്നിട്ട് എണീറ്റുപോയി. ശിശിരയും കർണ്ണനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതാണ്. വളരെക്കാലത്തെ അടുപ്പം പ്രണയത്തിലേയ്ക്ക് വഴിമാറി. സീമെൻസിൽ ജോലിക്ക് കയറുമ്പോൾ ശിശിരയും അവിടെയുണ്ടായിരുന്നു. ഇരുവീട്ടുകാരുടെയും ആശിർവാദത്തോടെ വിവാഹവും ഉറപ്പിച്ചതാണ്. എന്നിട്ടും അവളെന്തിനാണ് ഇങ്ങനെ വാശി പിടിക്കുന്നത്. കർണ്ണൻ പലവുരു പലതും പറഞ്ഞു നോക്കി.
“ശിശിരാ നിനക്കെന്തിന്റെ കേടാ? മറ്റു കാര്യങ്ങൾപോലെ ഇത് കുട്ടിക്കളിയല്ല. അയാൾ ഏതെന്നോ എന്തെന്നോ അറിയില്ല. വെറുതേ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കിവയ്ക്കല്ലേ നീയ്.”
“ഞങ്ങൾ തമ്മിൽ എന്തോ മുജ്ജന്മ ബന്ധം ഉണ്ടായിരുന്നത് പോലെയാണ് കർണ്ണാ. ഞാനും അയാളും കണ്ടുമുട്ടേണ്ടത് തന്നെയാണ്. ഇല്ലെങ്കിൽ അനന്തകൃഷ്ണന്റെ വിവാഹത്തിന് പോകേണ്ടെന്നു വെച്ച എനിക്ക് പോകാൻ തോന്നിയതെങ്ങിനെ?” ശിശിര വാദിച്ചു.
‘ഛേ.. ഇങ്ങനെയൊക്കെ ചിന്തിക്കാൻ നാണമില്ലേ ശിശിരാ നിനക്ക്. ഞാൻ അന്നേ പറഞ്ഞതാണ് നമ്മുടെ വിവാഹം ഇത്രയും നീട്ടിവയ്ക്കേണ്ട എന്ന്. നമുക്ക് കുറച്ചുകൂടി പ്രണയിച്ചു നടക്കണം എന്നിട്ട് മതി വിവാഹം എന്നും പറഞ്ഞത് നീയല്ലേ? എന്നിട്ടിപ്പോൾ എവിടെയോ ഇരിക്കുന്ന ഒരുത്തൻ മുജ്ജന്മ ബന്ധമാണ് പോലും. ഒലക്കേടെ മൂട്. നിന്റെ അച്ഛനെയും അമ്മയെയും ഈ വിവരം ഞാൻ അറിയിക്കാൻ പോകുകയാണ്. നിന്റെ ഈ അസുഖത്തിനുള്ള മരുന്ന് അവർ തരും.”
ശിശിര അരുതെന്ന് തലകുടഞ്ഞു. അവൾക്കുമറിയാം ഇത് അനാവശ്യമായ ഒരു ആഗ്രഹവും ചിന്തയുമാണെന്ന്. പക്ഷേ മനസ്സ് കൈപ്പിടിയിൽ നിൽക്കുന്നില്ല.
കർണ്ണൻ അവളെ അല്പനേരം നോക്കിയിരുന്നിട്ട് ദേഷ്യത്തോടെ എണീറ്റുപോയി.
അനന്തകൃഷ്ണന്റെ വിവാഹത്തിന് ശിശിര പോകുന്നില്ല എന്നു പറഞ്ഞപ്പോൾ എന്നാൽ താനും പോകുന്നില്ല എന്നു തന്നെ തീർച്ചപ്പെടുത്തിയതാണ്.
ഈ ചൂടുകാലത്ത് ഇത്രയും ദൂരം പോയി വരാൻ വല്ലാത്ത മടുപ്പ് തോന്നി. അല്ലെങ്കിലും അനന്തകൃഷ്ണനുമായി കൊളീഗ് എന്നതിലുപരി കൂടുതൽ അടുപ്പമൊന്നുമില്ല. പക്ഷേ ദിവസമടുക്കുന്തോറും ശിശിരയ്ക്ക് പോയേ തീരൂ എന്ന നിർബ്ബന്ധം. ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല. ഒടുവിൽ ശിശിരയുടെ ആഗ്രഹപ്രകാരം പോകാമെന്നായി.
വിവാഹദിവസം രാവിലെ കൊച്ചിയിൽ ട്രെയ്‌നിറങ്ങി അടുത്തുള്ള ഹോട്ടലിൽ റൂമെടുത്തു ഫ്രഷ് ആയി ടാക്സി പിടിച്ചു ഓഡിറ്റോറിയത്തിലെത്തി. വിവാഹത്തിന് വരുന്നില്ല എന്നു പറഞ്ഞ കർണ്ണനെയും ശിശിരയെയും കണ്ടപ്പോൾ ആനന്തകൃഷ്ണന് അതിശയം.
“വാടോ..ഏതായാലും നിങ്ങളും വന്നല്ലോ. സന്തോഷം.” അവൻ ഹൃദയപൂർവം സ്വാഗതം ചെയ്തു. ചടങ്ങുകൾ കഴിഞ്ഞുള്ള ആഘോഷവേളയിൽ ഗാനമാലപിച്ച പൂച്ചക്കണ്ണുള്ള അയാളെ ശിശിര നിർന്നിമേഷയായി നോക്കിയിരുന്നു.
ശിശിരയ്ക്ക് ഏറ്റവും ഇഷ്ടമുള്ള തേരെ മേരെ സപ്‌നെ അബ് എക് രംഗ് ഹേ…എന്ന ഗാനമാണ് അയാൾ ആലപിച്ചത്. അപ്പോൾമുതൽ അവൾ ഏതോ സ്വപ്നാടനത്തിലെന്നപോലെയായിരുന്നു. അത് കർണ്ണൻ ശ്രദ്ധിച്ചു.
ഭക്ഷണത്തിനിരിക്കുമ്പോളാണ് എതിരെയിരിക്കുന്ന നീല ജീൻസും വെള്ള ഷർട്ടുമണിഞ്ഞ പൂച്ചക്കണ്ണുള്ള ആ യുവാവ് സാകൂതം തന്നെത്തന്നെ നോക്കിയിരിക്കുന്നത് ശിശിര കണ്ടത്. അവളുടെ കണ്ണുകൾ തിളങ്ങി. ചിരപരിചിതനായിരുന്ന വളരെക്കാലം കാണാതിരുന്ന ഏറ്റവും പ്രിയപ്പെട്ട ഒരാളെ കണ്ടതുപോലെ അവൾ ആഹ്ലാദവതിയായി അങ്ങോട്ട് ഹായ് പറഞ്ഞു. അയാളും ഹായ് പറഞ്ഞു. കർണ്ണനാണ് വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞത്. അനന്തകൃഷ്ണന്റെ അമ്മാവന്റെ സുഹൃത്താണയാൾ.
മട്ടാഞ്ചേരി ജൂ സ്ട്രീറ്റിൽ കച്ചവടമണയാൾക്ക്. പേര് നിലോഫർ.
തിരിയെപ്പോരാൻ നേരം യാത്രപറയാനായി അയാളെത്തിരഞ്ഞു. പക്ഷേ കണ്ടില്ല. അപ്പോൾ മുതൽ ശിശിരയിൽ എന്തോ പന്തികേട് കർണ്ണന് തോന്നിയിരുന്നു. വല്ലാത്തൊരു നിരാശ ബാധിച്ചത് പോലെ. തിരിയെ ട്രെയ്‌നിലിരിക്കുമ്പോളും അത് പ്രകടമായി. ദിവസങ്ങൾ കഴിഞ്ഞിട്ടും ആ സ്വഭാവത്തിന് അയവ് വന്നില്ല. കർണ്ണനെ മറന്നത് പോലെയായി പെരുമാറ്റം. അവന്റെ സാമീപ്യം പോലും ശിശിരയെ അലോസരപ്പെടുത്തുന്നുണ്ടെന്നു തോന്നി. ശിശിര അത് പ്രകടിപ്പിച്ചില്ലെങ്കിലും കർണ്ണന് മനസ്സിലായി. എങ്കിലും അതിന്റെപേരിൽ ശിശിരയോട് ദേഷ്യപ്പെടുകയോ പിണങ്ങുകയോ ഒന്നും ചെയ്യാതെ അനുഭാവപൂർവം പെരുമാറി. പാകതയുള്ള വ്യക്തിയായിരുന്നു കർണ്ണൻ. പോരെങ്കിൽ ശിശിരയെ ജീവന് തുല്യം ഇഷ്ടവുമാണ്.
“എന്നെ ഒരിക്കൽക്കൂടി അവിടെ കൊണ്ടുപോകുമോ? ആ മുഖം മറക്കാൻ പറ്റുന്നില്ല. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല കർണ്ണാ. പ്ലീസ്… അയാളെ കണ്ടില്ലെങ്കിൽ എനിക്ക് ഭ്രാന്തുപിടിക്കും.” അത് പറയുമ്പോൾ ശിശിര ഉന്മാദിനിയെപ്പോലെ പൊട്ടിക്കരയുകയായിരുന്നു. ഏതു പുരുഷനും നിലതെറ്റിപ്പോകുന്ന സാഹചര്യം. കർണ്ണൻ സംയമനം പാലിച്ചു. ശിശിരയുടെ മനസ്സിന്റെ താൽക്കാലികമായ ഒരു ആന്ദോളനം മാത്രമാണ് ഇതുമെന്ന് അവനറിയാമായിരുന്നു. ആ മനസ്സിൽ നിന്നും നിലോഫറിനെ പറിച്ചെറിഞ്ഞില്ലെങ്കിൽ തങ്ങളുടെ വിവാഹം തന്നെ നടക്കാൻ സാധ്യതയില്ല. ജോലിയിലും ശ്രദ്ധിക്കാതെ ആകെ ഉദാസീനയായിരിക്കുന്ന ശിശിരയെ എങ്ങനെ ഇതിൽ നിന്നും രക്ഷിക്കാം എന്ന ചിന്തയിലാണ് കർണ്ണൻ. ഇങ്ങനെപോയാൽ ഉള്ള ജോലിയും പോകും.
അന്ന് വൈകുന്നേരം കർണ്ണൻ ശിശിരയെയും കൂട്ടി പാർക്കിൽ പോയി. അവളെ ചേർത്തുപിടിച്ചു ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നു.
“എന്താണ് പറയ് നിനക്ക് നിലോഫറിനെ കാണണോ?”
“വേണം..എനിക്ക് അയാളെ കണ്ടേ പറ്റൂ. എന്നെ നിലോഫറിന്റെ അടുത്ത് കൊണ്ടുപോകാമോ? ഞാൻ നിന്നോടല്ലാതെ ആരോടാണ് പറയുക.” ശിശിര കെഞ്ചി. അത് കേട്ടപ്പോൾ കർണ്ണന്റെ ഹൃദയം പിടഞ്ഞുവെങ്കിലും അതവൻ പുറത്തുകാട്ടിയില്ല.
“ശരി. ഞാൻ കൊണ്ടുപോകാം. പക്ഷേ എനിക്ക് നീ ഒരുറപ്പ് തരണം. ജോലിയിൽ ഉഴപ്പരുത്.” അപ്പോൾ ശിശിരയുടെ മുഖം ഉദയസൂര്യനെപ്പോൽ പ്രകാശിച്ചു.
“ഇല്ല..ഉഴപ്പില്ല. താങ്ക്സ്.. കർണ്ണാ..”ശിശിര അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു.
പിന്നീട് കർണ്ണൻ അനന്തകൃഷ്ണനുമായി ബന്ധപ്പെട്ടു. നിലോഫറിന്റെ അഡ്രസ് വാങ്ങി. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് അയാൾ. ഇതൊന്നും ശിശിരയോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. അവളേതാണ്ട് ഉന്മാദാവസ്ഥയിലെന്നപോലെ ആയിരിക്കുന്നു. എന്തെങ്കിലുമൊരു ബുദ്ധി പ്രയോഗിച്ചെങ്കിലേ ശിശിരയെ ഇതിൽ നിന്നും ഊരിയെടുക്കാൻ പറ്റൂ.
ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം കർണ്ണൻ ഉറ്റ സുഹൃത്തും സൈക്കോളജിസ്റ്റുമായ ഡോക്ടർ അഷ്റഫ് ഖാനെ കണ്ടു. ശിശിരയുടെ ഈ സ്വഭാവമാറ്റത്തെക്കുറിച്ചു സംസാരിച്ചു.
“യെസ് കർണ്ണാ. ചില അപൂർവ സാഹചര്യങ്ങളിൽ ചിലർക്ക് ചിലരോട് തോന്നുന്ന അതിവൈകാരികഭാവമാണ് ഇത്. ഇതിനെ പ്രണയമെന്ന് പൊതുവേ വിളിക്കാമെങ്കിലും അങ്ങനെയല്ല. തക്കതായ ഒരു ഇൻസിഡന്റ ഉണ്ടായാൽ അത് അപ്രത്യക്ഷമാകുകയും ചെയ്യും. ഈയവസ്ഥ സ്ത്രീക്കും പുരുഷനും ഉണ്ടാവാം. അതിന് നമുക്ക് വിശദീകരണങ്ങളൊന്നുമില്ല. ചിലത് അവിടെത്തന്നെ മറന്നുപോകാം. ചിലത് യാതൊരു അപകടവുമുണ്ടാക്കാതെ മനസ്സിൽ കിടന്നെന്നും വരാം. അപൂർവ്വം ചില സന്ദർഭങ്ങളിൽ ശിശിരയ്ക്ക് ഉണ്ടായത് പോലെ ഒരു വിഭ്രാന്തിയുടെ തലത്തിലേക്ക് നീങ്ങാം. ആ മനസ്സിൽ നിന്നും നിലോഫറിനെ പറിച്ചെറിയാതെ നിങ്ങളുടെ വിവാഹം നടക്കരുത്. അഥവാ നടന്നാലും ഒന്നും ശരിയാവില്ല. ശിശിരയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ തക്കതായ ഒരു കാരണം ഉണ്ടാക്കണം.”
“എന്തു ചെയ്യാനും ഞാൻ ഒരുക്കമാണ്. എനിക്കെന്റെ ശിശിരയെ വീണ്ടെടുക്കണം.” കർണ്ണന്റെ ആത്മാർത്ഥ സ്നേഹം കണ്ട ഡോക്ടർ അനുഭാവപൂർവം അതിൽ ഇടപെട്ടു.
ഡോക്ടർ അഷ്റഫ് ഖാന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് നിലോഫറുമായി ബന്ധപ്പെട്ടു..
നിലോഫർ പൂർണ്ണസഹകരണം വാഗ്ദാനം ചെയ്തു. അങ്ങനെ അവർ തമ്മിലുള്ള കൂടിക്കാഴ്ച്ച നടത്താൻ തീരുമാനമായി. ഇതൊന്നും ശിശിര അറിഞ്ഞതുമില്ല.
അന്ന് കണ്ടപ്പോൾ കർണ്ണൻ ശിശിരയോട് നിലോഫറിനെ കാണാൻ പോകുന്ന കാര്യം അറിയിച്ചു.
“നേരോ!” വിശ്വാസം വരാതെ അവൾ കർണ്ണനെ ഇമവെട്ടാതെ നോക്കി.
“അതേ..നമുക്ക് പോകാം.” അവൻ മറ്റെവിടെയോ നോക്കിയാണ് അത് പറഞ്ഞത്.
“കർണ്ണാ..നിനക്കെന്നോട് വെറുപ്പുണ്ടോ?” ശിശിര ചോദിച്ചു. ആ ചോദ്യത്തിൽ യാതൊരു ആത്മാർത്ഥതയുമില്ലെന്ന് കർണ്ണന് തോന്നി. എങ്കിലും അതത്ര കാര്യമാക്കിയില്ല.
ശിശിര അത്യാഹ്ലാദത്തിലായിരുന്നു. അവളുടെ എല്ലാ പ്രസരിപ്പും ഒരു നിമിഷം കൊണ്ട് തിരിയെ വന്നു. അതിന്റെ പ്രതിഫലനമെന്നോണം രണ്ടുപ്രാവശ്യം കർണ്ണനെ കെട്ടിപ്പിടിച്ചുമ്മ വെച്ചു. കൈനിവർത്ത് ഒന്നു കൊടുക്കാനാണ് അപ്പോൾ തോന്നിയതെങ്കിലും അതടക്കി. എന്തുസംഭവിച്ചാലും സംയമനം പാലിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. യാത്രയിലുടനീളം ശിശിര വാ തോരാതെ സംസാരിച്ചു. കർണ്ണൻ ചിന്താമഗ്നനായിരുന്നു. തങ്ങളുടെ ഐഡിയ വർക്ക് ഔട്ട് ആകുമോ എന്നൊരു ഭയം കർണ്ണനെ മൗനിയാക്കി.
ഊബർ ടാക്സിയിലാണ് അവർ അവിടേയ്ക്ക് പോയത്.
ജൂ സ്ട്രീറ്റിൽ എത്തി നിലോഫറിന്റെ തസമസസ്ഥലം അന്വേഷിച്ചു.
വീടിന് മുന്നിലെത്തി അത് തന്നെയാണ് എന്നുറപ്പുവരുത്തി ടാക്സി പറഞ്ഞുവിട്ടു. അപ്പുറവും ഇപ്പുറവുമൊക്കെ വീടുകളുണ്ട്. കർണ്ണൻ ആകെ ത്രിശങ്കുവിലായി. നിലോഫറുമായി സംസാരിച്ചുറപ്പിച്ചപോലെ യാതൊന്നും അവിടെക്കണ്ടില്ല. എങ്കിലും സംശയിച്ചു സംശയിച്ചു ആ പഴയ കെട്ടിടത്തിന്റെ മരവാതിലിൽ തട്ടി. ഒരു വിടലച്ചിരിയോടെ നിലോഫർ വാതിൽ തുറന്നു. കർണ്ണൻ അയാളുടെ പിന്നിലേയ്ക്ക് നോക്കി. മറ്റാരുടെയും സാന്നിധ്യം അവിടെയുണ്ടായിരുന്നില്ല.
കർണ്ണന് തടയാൻ കഴിയും മുന്നേ ശിശിര അകത്തേയ്ക്ക് ഓടി നിലോഫറിനെ ആലിംഗനം ചെയ്തുകഴിഞ്ഞിരുന്നു.
നിലോഫർ ശിശിരയെ അമർത്തിപ്പിടിച്ചു ചുംബിക്കാനാഞ്ഞതും കർണ്ണന്റെ നിയന്ത്രണം തെറ്റി. അതിശക്തമായ ഒരു താഢനത്തിൽ നിലോഫർ തെറിച്ചു ഭിത്തിയിലേയ്ക്ക് ചാരി. ആ ഇടവേളയിൽ ശിശിരയുടെ കവിളത്ത് ഒന്ന് കൊടുക്കുകയും ചെയ്തു. കവിൾ പൊത്തിക്കൊണ്ട് അവൾ പിന്നോക്കം വേച്ചു പോയി. അപ്പോളേക്കും നിലോഫർ സമനില വീണ്ടെടുത്തു മുന്നോട്ട് വന്നു.
“എടാ പമ്പരവിഡ്ഢി ഞാനത്ര മണ്ടനാണെന്നു നീ വിചാരിച്ചോ? നിന്റെ പെണ്ണിന് എന്നോട് തോന്നുന്ന കാമം മറ്റെന്തോ ആണ് അതങ്ങു മാറ്റിയെടുക്കാമെന്നു കരുതി അല്ലേടാ. ഏതായാലും നീ തന്നെ ഇവളെ എന്റെ മുന്നിൽ കൊണ്ടുവന്നു തന്നു. കയ്യിൽ വന്ന മഹാഭാഗ്യത്തെ ഞാൻ വേണ്ടെന്ന് വയ്ക്കുമോ? നിന്നെക്കൊണ്ടു കൊള്ളാഞ്ഞിട്ടുള്ള അസുഖമാണിത്.
അവളുടെ പ്രേമം മണ്ണാങ്കട്ട”. നിലോഫർ പല്ലുകടിച്ചു. “വാടീ ഇവിടെ.
ഞാനിവിടെ ഒറ്റയ്ക്കെയുള്ളൂ. എടോ കിഴങ്ങാ നീ കുറച്ചു സമയം പുറത്തു നിൽക്ക്. ഒരു അര മണിക്കൂർ.” ഒരു വൃത്തികെട്ട ആംഗ്യം കാട്ടി കർണ്ണനെ
പുറത്താക്കി വാതിലടയ്ക്കാനുള്ള നിലോഫറിന്റെ ശ്രമത്തെ കർണ്ണൻ പരാജയപ്പെടുത്താൻ ശ്രമിക്കുമ്പോൾ ആകെ അപമാനിതയായ ശിശിര നിലോഫറിനെ തള്ളിമാറ്റി വെളിയിലേയ്ക്കോടി. ശിശിരയെ പിന്തുടർന്നു കർണ്ണനും.
നിറപുഞ്ചിരിയോടെ നിലോഫറും അയാളുടെ ഇടത് വശത്ത് ഒരു പൂച്ചക്കണ്ണിയും കുഞ്ഞും അത് നോക്കി നിൽപ്പുണ്ടായിരുന്നു. അത് കർണ്ണനോ ശിശിരയോ കണ്ടില്ല.
“ശിശിരാ നിൽക്ക്. നിൽക്കാനാണ് പറഞ്ഞത്.” വാഹനങ്ങൾക്കിടയിലേയ്ക്ക് പാഞ്ഞുകയാറാൻ ശ്രമിച്ച ശിശിരയെ കർണ്ണൻ പിടിച്ചു നിർത്തി.
“എന്നെ വിട്. എനിക്കിനി ജീവിക്കേണ്ട. കർണ്ണാ നിന്നെ ഞാൻ അപമാനിച്ചു. അയാളിത്രയും വൃത്തികെട്ട ഒരുവനാണെന്ന് അറിഞ്ഞില്ല.”
“ശിശിരാ നീ ഒരു തെറ്റും ചെയ്തിട്ടില്ല. നീ അറിയാതെ സംഭവിച്ച കാര്യമാണിത്. നിന്നെ എനിക്കുവേണം ശിശിരാ.” ആ നടുറോഡിൽ കർണ്ണൻ ശിശിരയെ മാറോടമർത്തി. ആ നെഞ്ചിൽ മുഖം ചേർത്തു പൊട്ടിക്കരഞ്ഞുകൊണ്ടവൾ കുഴഞ്ഞുവീണു.
മനസിന്റെ താൽക്കാലികമായ ആന്ദോളനങ്ങളെല്ലാം കഴുകിക്കളഞ്ഞു
ആശുപത്രിയിൽ നിന്നും കർണ്ണനൊപ്പം മടക്കയാത്ര ആരംഭിക്കുമ്പോൾ ഏതോ ദുഃസ്വപ്നം കണ്ടത് പോലെയായിരുന്നു ശിശിരയ്ക്ക്. അപ്പോൾ നിലോഫർ അവളുടെ മനസ്സിന്റെ ഏഴയലത്ത് പോലും ഉണ്ടായിരുന്നില്ല.