പകലുരുകി വീഴുമ്പോൾ
പടരുന്നു സന്ധ്യ…
രാവരികെ വരുംനേരം,
ചെമ്പട്ടായ് നിവരുന്നു സന്ധ്യ!
ഒരു മിഴിയിൽ നോവ്,
മറു മിഴിയിൽ കനവ്!
ശ്യാമാമ്പരചക്രവാളത്തിലെ
വെള്ളിമേഘങ്ങളെ,
സ്വർണ്ണ രൂപങ്ങളാക്കുന്നു സന്ധ്യ!
പ്രണയവസന്തത്തിലെ
കിനാവിന്റെ കിളിമകൾപ്പെണ്ണിന്
കുട നീർത്തി നിന്നൊരു
തണലായിത്തീരുന്നു സന്ധ്യ!
ഇങ്ങേത്തലയ്ക്കൽ നി-
നങ്ങേത്തലയ്ക്കലേക്കെ-
ന്നും പറക്കുന്ന പക്ഷിതൻ
സ്നേഹത്തൂവലാകുന്നു സന്ധ്യ!
പ്രേയസിയാമാകാശത്താഴിക-
പെണ്ണിന്റെ കുങ്കുമചിമിഴൊന്ന്
തട്ടിമറിച്ചോടുവിലാ-
നിറച്ചാർത്തിലലിയുന്നു സന്ധ്യ!
രാവിനെയും, പകലിനെയും
അന്യോന്യം കാണുവാൻവിടാതെ
ഇടയിൽ നിന്നൊരു ദൂതായ്,
മണ്ണിലും,വിണ്ണിലും
നിറമായ്,നിറവായ്
നിറയാതെ നിറയുന്നു സന്ധ്യ!
നിലാവിന്റെ നാഴൂരിവെട്ടം
പടരുന്നതിൻ മുമ്പ്
നൊമ്പരക്കുടുക്കകൾ
പുഴയിൽ കലക്കീട്ട്
പടിഞ്ഞാട്ട് മുങ്ങിമറയുന്നു സന്ധ്യ!
വിടചൊല്ലിപിരിയുന്ന നേരവും,
വിടരുന്ന ചിരിയുമായി
മിണ്ടാതാനങ്ങാതെ മറയുന്നു സന്ധ്യ!
പകലിന്റെ മോഹമായ് തെളിയുന്നു
സന്ധ്യ
ഇരവിന്റെ സ്വപ്നമായ് മറയുന്നു
സന്ധ്യ!
സുൽഫി ഓയൂർ ✍